
തിരുവനന്തപുരം: കഴിഞ്ഞ വർഷം 10സർവകലാശാലകൾക്കായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ചെലവിട്ടത് 1822.35കോടി രൂപ. കാർഷികം, വെറ്ററിനറി, ആരോഗ്യം, ഫിഷറീസ് സർവകലാശാലകൾക്ക് അതത് വകുപ്പുകളുടെ വിഹിതം കൂടിയാവുമ്പോൾ ഇത് 2000കോടിയിലേറെയാവും. വൈസ്ചാൻസലർ നിയമനത്തിലും സർവകലാശാലാ ഭരണത്തിലും സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന വ്യവസ്ഥ യു.ജി.സി കരടുചട്ടത്തിൽ നിർദ്ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചെലവിന്റെ കണക്ക് സർക്കാർ പുറത്തുവിട്ടത്. പണം ചെലവിടുന്ന സർക്കാരിന് യൂണിവേഴ്സിറ്റികളിൽ അയിത്തം കൽപ്പിക്കുന്നതാണ് യു.ജി.സി ചട്ടമെന്ന് 'കേരളകൗമുദി'യിലെ അഭിമുഖത്തിൽ മന്ത്രി ആർ.ബിന്ദു തുറന്നടിച്ചിരുന്നു.
കേരള സർവകലാശാലയ്ക്കാണ് ഏറ്റവുമധികം പണം ചെലവിട്ടത്. പ്ലാൻ, നോൺപ്ലാൻ ഫണ്ട്, കിഫ്ബി അടക്കം വിവിധ വകുപ്പുകളിലായി 514.08കോടി രൂപയാണ് നൽകിയത്. അടിസ്ഥാനസൗകര്യ വികസനത്തിന് 158.66കോടിയാണ് കിഫ്ബി നൽകിയത്. എം.ജിക്ക് 240.26കോടിയും കണ്ണൂർ സർവകലാശാലയ്ക്ക് 77കോടിയും സംസ്കൃത സർവകലാശാലയ്ക്ക് 95.15കോടിയും അനുവദിച്ചു. സാങ്കേതിക സർവകലാശാലയ്ക്ക് 257.13കോടിയാണ് ചെലവിട്ടത്. യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് വിളപ്പിൽശാലയിൽ ഭൂമിയേറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 190.60കോടിയാണ് ചെലവ്.
കുസാറ്റിന് വിവിധയിനങ്ങളിലായി 228.51കോടി നൽകി. കൊച്ചിയിലെ നിയമസർവകലാശാലയ്ക്ക് പ്ലാൻ ഫണ്ടായി 12.25കോടി നൽകി. കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 16.23കോടിയാണ് നൽകിയത്. ഇതിൽ ശമ്പളയിനത്തിലാണ്. 5.7കോടിയും. മലയാളം സർവകലാശാലയ്ക്ക് 15.7കോടിയുംകാലിക്കറ്റ് സർവകലാശാലയ്ക്ക് 489.12കോടിയുമാണ് അനുവദിച്ചത്. പ്ലാൻഫണ്ടായി 31.8കോടി, നോൺപ്ലാനായി 244.49കോടി എന്നിങ്ങനെ നൽകി. അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബിയിൽ നിന്ന് 211.89കോടിയും ചെലവിട്ടു.
ശമ്പളവും അടിസ്ഥാനസൗകര്യവും
സർവകലാശാലകളിലെയും എയ്ഡഡ് കോളേജുകളിലെയും ശമ്പളം, അടിസ്ഥാനസൗകര്യ വികസനമടക്കം സംസ്ഥാനത്തിന്റെ ബാദ്ധ്യതയാണ്.
അദ്ധ്യാപകരുടെ യു.ജി.സി ശമ്പളവിഹിതത്തിലടക്കം നേരത്തേ നൽകിയിരുന്ന പരിമിതമായ തുകപോലും കേന്ദ്രം നൽകുന്നില്ല.
''സംസ്ഥാന സർക്കാരിന്റെ പൂർണ രക്ഷാധികാരത്തിൽ ഫണ്ടിംഗടക്കം എല്ലാവിധ പിന്തുണയോടെയുമാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. സർക്കാരിന് പ്രാതിനിധ്യം പാടില്ലെന്ന യു.ജി.സി നിലപാട് അംഗീകരിക്കാനാവില്ല.''
-ഡോ.ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസമന്ത്രി
സ്വകാര്യ സർവകലാശാലാ ബിൽ
അടുത്ത മന്ത്രിസഭായോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിന്റെ കരട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. എൻജിനിയറിംഗ്, ബിസിനസ്, ആർട്സ് ആൻഡ് സയൻസ്, മെഡിക്കൽ എന്നിവയിൽ പ്രത്യേകം സർവകലാശാലകൾ വരും. യു.ജി.സി മാർഗനിർദ്ദേശപ്രകാരം സ്പോൺസറിംഗ് ഏജൻസിക്ക് ഇരുപതുകോടി ട്രഷറി നിക്ഷേപവും മുപ്പതുകോടി പ്രവർത്തനഫണ്ടും വേണമെങ്കിലും കേരളത്തിൽ ഇളവു നൽകും. നഗരങ്ങളിൽ20, ഗ്രാമങ്ങളിൽ 30ഏക്കർ ഭൂമിയുണ്ടാവണമെന്ന വ്യവസ്ഥയും ഒഴിവാക്കും. സ്വകാര്യ സർവകലാശാലകളോട് ചേർന്ന് വൻമുതൽമുടക്കിൽ ഷോപ്പിംഗ്, വിനോദ, ഭവന സമുച്ചയങ്ങൾ ഉയരും.
കേരളത്തിൽ സ്വകാര്യ യൂണിവേഴ്സിറ്റികൾ തുടങ്ങാൻ അന്യസംസ്ഥാനങ്ങളിലെയടക്കം പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പുകളും ട്രസ്റ്റുകളും സൊസൈറ്റികളും രംഗത്തുണ്ട്. സ്വകാര്യസർവകലാശാലാ പ്രവേശനത്തിൽ പട്ടികസംവരണം ഉറപ്പാക്കും. ഇത് രാജ്യത്തെവിടെയുമില്ല. ഫീസിൽ സർക്കാരിന് നിയന്ത്രണമില്ല. 15 കോടി എൻഡോവ്മെന്റ് ഫണ്ടായി നിക്ഷേപിക്കണമെന്നാവും വ്യവസ്ഥ. യു.ജി.സി, ദേശീയ മെഡിക്കൽ കമ്മിഷൻ, എ.ഐ.സി.ടി.ഇ തുടങ്ങിയ റെഗുലേറ്ററി ഏജൻസികൾ നിർദ്ദേശിച്ച അളവിൽ ഭൂമിയുണ്ടാകണമെന്നായിരിക്കും ബില്ലിലെ വ്യവസ്ഥ. ക്രമക്കേടുണ്ടെങ്കിൽ സർവകലാശാലയുടെ അംഗീകാരം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |