
കൊച്ചി: ഷീ റിസർച്ച് നെറ്റ്‌വർക്ക് ഇൻ ഇന്ത്യയുടെ (ഷീ ആർ.എൻ.ഐ) മികച്ച ശാസ്ത്രജ്ഞരുടെ പ്രതിമാസ പട്ടികയിൽ കൊച്ചി സർവകലാശാല സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ പ്രൊഫസർ ഡോ. ഉഷ കെ. അരവിന്ദ് വീണ്ടും ഇടം നേടി.ഡോ. ഉഷ ഉൾപ്പെടെ ആറു വനിതകളാണ് സയന്റിസ്റ്റ് ഒഫ് ദ മന്ത് പട്ടികയിലുള്ളത്. ഗവേഷണം,പ്രബന്ധം,പഠനം, അവകൊണ്ട് സമൂഹത്തിനുള്ള പ്രയോജനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഷീ ആർ.എൻ.ഐ ആരംഭിച്ചതു മുതൽ പല തവണ ഡോ. ഉഷ ഇടംപിടിച്ചു. 2021ലും 22ലും എഡി സയന്റിഫിക് ഇൻഡക്‌സിൽ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലും സ്ഥാനംപിടിച്ചു. 2019ലാണ് കുസാറ്റ് സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിൽ എത്തിയത്. അതിന് മുമ്പ് എം.ജി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസ് ആൻഡ് സസ്റ്റെയ്‌നബിൾ ഡെവലപ്മെന്റിലായിരുന്നു.
പലക്കാട് കൊല്ലടവുംപാടം സ്വദേശിയായ ഡോ. ഉഷ കുസാറ്റിൽ തന്നെയാണ് പഠിച്ചത്. എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദ് കുമാറാണ് ഭർത്താവ്. മകൻ: ഡോ. മനു അരവിന്ദ്.ഉഷയുടെ നേട്ടം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.
വെള്ളവും വായുവും പ്രിയവിഷയം
ശുദ്ധമായ ജലവും വായുവും മനുഷ്യന് ലഭ്യമാകുന്നതിനുള്ള പഠനങ്ങളാണ് പ്രധാനമായും നടത്തുന്നത്. പ്ളാസ്റ്റിക് ടാങ്കുകളിൽ നിന്നുള്ള കുടിവെള്ളവും ഓഫീസ് ഇടങ്ങളിലും മറ്റുമുള്ള വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനാവുന്ന പഠനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. കാൻസറും ഓർമ്മക്കുറവും പോലുള്ള രോഗങ്ങളും ഓട്ടിസം പോലുള്ള അവസ്ഥകളും വർദ്ധിക്കുന്നതിന് പിന്നിൽ ഇപ്പോഴത്തെ വായുവും ജലവും പങ്കുവഹിക്കുന്നുണ്ടെന്ന് ഉഷ പറയുന്നു. ഉഷ വികസിപ്പിച്ച ജലശുദ്ധീകരണ രീതിക്ക് രാജസ്ഥാനിൽ നല്ല പ്രചാരമുണ്ട്. ഐ.ഐ.ടി. ജോധ്പൂർ പേറ്റന്റ് ചെയ്തിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |