
പരസ്പരം പഴിചാരി എം.എൽ.എയും ബി.ജെ.പിയും
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷത്തിലും രാഷ്ട്രീയപ്പോര്. പതാക ഉയർത്തിയ ശേഷം മേയർ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും ദേശീയഗാനം ആലപിച്ചപ്പോൾ, ബി.ജെ.പി അംഗങ്ങൾ സമാന്തരമായി വന്ദേമാതരം ആലപിച്ചു. പിന്നാലെ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും പരസ്പരം പരാതിയും നൽകി.
ദേശീയഗാനം ആലപിച്ച ശേഷം മേയറും ഇടത്- വലത് കൗൺസിലർമാരും തിരികെ പോയിട്ടും വന്ദേമാതരവും ദേശീയ ഗാനവും പൂർണമായും ആലപിച്ചാണ് ബി.ജെ.പി കൗൺസിലർമാർ പിരിഞ്ഞത്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. ദേശീയഗാനം ആലപിച്ച സമയത്ത് വന്ദേമാതരം ചൊല്ലി ദേശീയഗാനത്തെ തടസപ്പെടുത്തുന്ന രീതിയിൽ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്. ദേശീയഗാനത്തേയും വന്ദേമാതരത്തേയും അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പിയും സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. വന്ദേമാതരം ആലപിക്കുമെന്ന് ഡെപ്യൂട്ടി മേയറെ അറിയിച്ചിരുന്നതായി ബി.ജെ.പി കൗൺസിലർ നവ്യ ഹരിദാസ് പറഞ്ഞു. വന്ദേമാതരം ആലപിക്കുന്ന കാര്യം ബി.ജെ.പി അംഗങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് മേയറുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |