
തിരുവനന്തപുരം: യു.ജി.സിയുടെ കരട് റഗുലേഷൻ അന്തിമമാവുന്നതോടെ പിഎച്ച്.ഡി അടക്കം ഉയർന്ന അക്കാഡമിക് യോഗ്യതകളുള്ള സിവിൽ സർവീസുദ്യോഗസ്ഥർ, വ്യവസായപ്രമുഖർ, പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം സർവകലാശാലകളുടെ വൈസ്ചാൻസലറാവാം. കേരളത്തിൽ നിലവിലെ 13വി.സി ഒഴിവുകളിൽ ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്യുന്നത് പുതിയ റഗുലേഷൻ പ്രകാരമായിരിക്കും. നിലവിൽ 10 വർഷമെങ്കിലും അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാർക്കാണ് സ്ഥിരം വി.സിയാവാനാവുക. പുതിയനയത്തിൽ പ്രൊഫസർമാർക്കു പുറമെ, 10വർഷമായി ഗവേഷണ- അക്കാഡമിക്-ഭരണപരമായ സ്ഥാപനങ്ങളിൽ സീനിയർപദവി വഹിക്കുന്നവർ, വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉന്നത തസ്തികയിലുള്ളവർ എന്നിവരെയും വി.സിയാവാൻ പരിഗണിക്കാം.
ഇതോടെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കും വിദ്യാഭ്യാസ യോഗ്യതയുള്ള വ്യവസായികൾക്കും പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികൾക്കുമെല്ലാം വി.സിയാവാം. വിസിയാവുന്ന കാലാവധി സർവീസിൽ ഉൾപ്പെടുത്തും. എല്ലാ സർവീസ് ആനുകൂല്യങ്ങളും കിട്ടും. ഭരണപരമായും നേതൃപരമായും പാടവമുള്ള, ഭരണഘടനാ മൂല്യങ്ങൾ പാലിക്കുന്ന, ഉയർന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ആഗോള കാഴ്ചപ്പാടുള്ള, ഉയർന്ന അക്കാഡമിക് യോഗ്യതകളുള്ള വിശിഷ്ട വ്യക്തികളായിരിക്കണം വൈസ്ചാൻസലറെന്നാണ് യു.ജി.സി പറയുന്നത്. സങ്കീർണമായ സാഹചര്യങ്ങൾ നേരിടാനും വ്യത്യസ്തതരം ആളുകളുമായി ചേർന്ന് പ്രവർത്തിക്കാനും സാമർത്ഥ്യമുണ്ടായിരിക്കണം.
സംസ്ഥാന സർക്കാരിന് റോളില്ല
വി.സി നിയമനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് റോളില്ലാതായി. വി.സി നിയമനത്തിനുള്ള മൂന്നംഗസെർച്ച് കമ്മിറ്റിയിൽ ചാൻസലർ, യു.ജി.സി, സർവകലാശാലാ പ്രതിനിധികളാണുള്ളത്. കമ്മിറ്റി രൂപീകരിക്കേണ്ടതും നിയമനം നടത്തേണ്ടതും ചാൻസലറാണ്. അപേക്ഷിക്കാൻ അഖിലേന്ത്യാതലത്തിൽ പത്രപ്പരസ്യമുണ്ടാവണം. നാമനിർദ്ദേശം, ടാലന്റ്സെർച്ച് വഴിയും യോഗ്യരെ കണ്ടെത്താം. വി.സിമാർ മുൻ വി.സിമാർ, ഡയറക്ടർമാർ തുടങ്ങി അക്കാഡമിക് വിദഗ്ദ്ധരായിരിക്കണം കമ്മിറ്റിയിൽ. ഇതിൽ യൂണിവേഴ്സിറ്റിയുമായും കോളേജുകളുമായും ഒരുതരത്തിലും ബന്ധമുള്ളവർ ഉണ്ടാവരുത്.
വിരമിച്ചാലും വി.സിയാവാം
70 വയസ് പൂർത്തിയാവും വരെ വി.സിയായി തുടരാമെന്നതിനാൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കടക്കം വിരമിച്ചശേഷവും വി.സിയാവാം. ഒരുവട്ടം പുനർനിയമനവും നൽകാം.
സർക്കാരിന് തടയാനാവില്ല
1. സെർച്ച്കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധികളെ നൽകാതെ വി.സിനിയമനത്തിന് തടയിടുന്ന സർക്കാർ തന്ത്രം ഇനി നടപ്പില്ല. കേന്ദ്ര-സംസ്ഥാന നിയമപ്രകാരം രൂപീകരിച്ച എല്ലാ സർവകലാശാലകൾക്കും കൽപ്പിത സർവകലാശാലകൾക്കും പുതിയചട്ടം ബാധകമാവും
2. യു.ജി.സി ചട്ടപ്രകാരമല്ലാത്ത വി.സി നിയമനങ്ങൾക്ക് നിയമസാധുതയുണ്ടാവില്ല. ക്രമക്കേട് കണ്ടെത്താൻ യു.ജി.സിയുടെ അന്വേഷണസമിതിയുണ്ടാവും വി.സിയെ അയോഗ്യനാക്കും. രാജ്യത്തെവിടെനിന്നും വി.സിയാവാൻ അപേക്ഷിക്കാനാവും.
3. ചട്ടലംഘനമുണ്ടായാൽ സർവകലാശാലയെ യു.ജി.സി സ്കീമുകളിൽ വിലക്കും. ബിരുദകോഴ്സുകൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തും. വിദൂരപഠന, ഓൺലൈൻ കോഴ്സുകൾ നടത്താനാവില്ല. യു.ജി.സിയുടെയും കേന്ദ്രത്തിന്റെയും ധനസഹായം റദ്ദാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |