SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.11 AM IST

രാഹുൽഗാന്ധി-വി.ഡി.സതീശൻ കൂടിക്കാഴ്ച കെ.പി.സി.സി അദ്ധ്യക്ഷനിയമനം വൈകില്ല: രാഹുൽഗാന്ധി

vd

ന്യൂഡൽഹി: പുതിയ കെ.പി.സി.സി അദ്ധ്യക്ഷൻ്റെ നിയമനം വൈകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് രാഹുൽഗാന്ധിയുടെ ഉറപ്പ്.

കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ, പകരം ആളെ ഉടൻ നിയമിക്കണമെന്ന് ഡൽഹിയിൽ രാഹുൽഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂർണസമയ അദ്ധ്യക്ഷൻ ഇല്ലാത്തതിനാൽ പാർട്ടിപ്രവർത്തനങ്ങളിൽ പ്രതിസന്ധിയുണ്ട്. സർക്കാർ-പാർട്ടി സുഗമായ ബന്ധം ഉറപ്പാക്കാൻ അദ്ധ്യക്ഷനെ വേണമെന്ന് അദ്ദേഹം രാഹുലിനോട് അഭ്യർത്ഥിച്ചതായും സൂചനയുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് തല ചർച്ചയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു വി.ഡി.സതീശൻ.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ അസൗകര്യം കണക്കിലെടുത്ത് വിദ്യാഭ്യാസചർച്ച മാറ്റിയിരുന്നു. തുടർന്നാണ് സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ രാഹുലിനെ കണ്ടത്. പി.എം.ശ്രീ വിഷയം ചർച്ചയായില്ലെന്ന് അദ്ദേഹം അറിയിച്ചു. സെപ്‌തംബർ 18ന് മുഖ്യമന്ത്രി വീണ്ടും ഡൽഹിയിലെത്തിയേക്കും.

മുഖ്യമന്ത്രിയെ കണ്ട് കൊടിക്കുന്നിൽ

കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷ് എം.പി കേരളാഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കൊടിക്കുന്നിൽ സുരേഷ് കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ ദളിത്പ്രാതിനിധ്യം അനിവാര്യമെന്ന് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൻ്റെ ചുമതലയുള്ള ദീപാദാസ് മുൻഷി കെ.പി.സി.സി അദ്ധ്യക്ഷനിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബെന്നി ബെഹനാൻ, ആൻ്റോആൻ്റണി, ജോസഫ് വാഴക്കൻ തുടങ്ങിയവരുടെ പേരുകളും അദ്ധ്യക്ഷസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA