
തിരുവനന്തപുരം: കിഫ്ബിയടക്കം ആലോചനയില്ലാതെ വരുത്തിവയ്ക്കുന്നത് വലിയ ബാദ്ധ്യതയാണെന്നും നാടിനെ നഷ്ടത്തിലാക്കുന്ന തുഗ്ലക്ക് പരിഷ്കാരങ്ങളാണ് സർക്കാർ കൊണ്ടുവരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കിഫ്ബിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച നിയമപരമായ എതിർപ്പുകളാണ് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ താൻ സ്വാധീനിച്ച് സി.എ.ജിയെക്കൊണ്ട് റിപ്പോർട്ട് എഴുതിച്ചെന്നാണ് ആക്ഷേപമുന്നയിക്കുന്നതെന്നും സതീശൻ പറഞ്ഞു. ഏജീസ് ഓഫീസ് എംപ്ലോയിസ് യൂണിയന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂലധന സ്വരൂപണം ലക്ഷ്യമിട്ടാണ് കിഫ്ബി തുടങ്ങിയതെന്ന് അവകാശപ്പെട്ടവർ വൻ കടബാദ്ധ്യതയാണ് വരുത്തിവയ്ക്കുന്നത്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കിഫ്ബി ഇപ്പോൾ റോഡ് ഉപയോഗിക്കുന്നതിന് ടോൾ വാങ്ങാനാണ് നീക്കം നടത്തുന്നത്.യു.ഡി.എഫ് കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതും ഉയർന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതും അടക്കമുള്ളവ അതിന് ഉദാഹരണങ്ങളാണ്.
സത്യം പുറത്തുകൊണ്ടുവന്നിരുന്ന മാദ്ധ്യമങ്ങളെ കോർപ്പറേറ്റുകൾ വിഴുങ്ങി. ഇതോടെ വസ്തുതകൾ പുറത്തു വരാതായി. അതിനിടയിലും എതിർ ശബ്ദങ്ങൾ ഉന്നയിക്കുന്നവരെ തേടി ഇ.ഡി അടക്കമുള്ള ഏജൻസികൾ വരുന്ന സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.
ജേക്കബ് കെ.സാമുവൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, ഹരികുമാർ, വിജയകുമാർ, സുബൈർ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |