SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ബാദ്ധ്യത,​ തെളിവ് ശേഖരിച്ച് പൊലീസ്

afan

തിരുവനന്തപുരം: കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യത 60 ലക്ഷത്തിലേറെ. പിതാവ് വിദേശത്ത് കുടുങ്ങിയതിനാൽ ബാദ്ധ്യത തീർക്കാനുള്ള ചുമതല മുഴുവൻ തന്റെ തലയിലാകുമോ എന്ന അഫാന്റെ ചിന്ത. ഇതാകാം കൂട്ടക്കൊലയ്ക്ക് അഫാനെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിൽ പൊലീസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതി അഫാന്റെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യത സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു.

അഫാൻ, മാതാവ് ഷെമി എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചു. ബാങ്കുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ദൃക്സാക്ഷികൾ ഇല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ശ്രമം. ആശുപത്രിയിൽ ചികിത്സയിലുള്ള ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് അവരുടെ മൊഴിയെടുക്കും. ഷെമിയിൽ നിന്ന് അഫാനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റേയും മാതാവ് ഷെമിയുടെയും ഫോണുകൾ സൈബർ പരിശോധനയ്ക്ക് കൈമാറി. അഫാൻ സഞ്ചരിച്ച വഴികളിലെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.


അറസ്റ്റ് ഇന്നോ നാളെയോ

എലിവിഷം കഴിച്ചതിനെ തുടർന്നാണ് പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തെ നിരീക്ഷണമാണ്

ഡോക്ടർമാർ നിർദ്ദേശിച്ചത്. അത് ഇന്ന് അവസാനിക്കും. തുടർന്ന് ഡോക്ടർമാരുടെ അനുമതിയോടെ ഇന്നോ നാളെയോ അറസ്റ്ര് രേഖപ്പെടുത്തും. ഡിസ്ചാർജ് ചെയ്യാവുന്ന ആരോഗ്യനിലയിൽ എത്തിയിട്ടില്ലെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്യാനാണ് പൊലീസ് നീക്കം. തുടർന്ന് 24 മണിക്കൂർ കസ്റ്റഡിയിൽ വാങ്ങി ആശുപത്രിയിൽ വച്ചുതന്നെ ചോദ്യം ചെയ്യും.

''പ്രതിയുടെ കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതയുള്ളതായി അറിയാൻ കഴിഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

-കെ.എസ്.സുദർശൻ

റൂറൽ എസ്.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA