SignIn
Kerala Kaumudi Online
Friday, 23 October 2026 4.56 PM IST

കേരള വെറ്ററിനറി യൂണി. സംവരണം അട്ടിമറിച്ച് വീണ്ടും നിയമനനീക്കം

p

കൊച്ചി: കേരള വെറ്ററിനറി സർവകലാശാലയിൽ ഒഴിവുകളുടെ എണ്ണം കുറച്ച്, സംവരണം അട്ടിമറിച്ച് വീണ്ടും അസി. പ്രൊഫസർ നിയമന നീക്കം. 156 ഒഴിവുകൾ ഉള്ളിടത്ത്, 94 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമേ ഇറക്കിയിട്ടുള്ളൂ. ഒരുമിച്ച് ഒഴിവുകൾ കണക്കാക്കുമ്പോൾ കൂടുതൽ വിഭാഗക്കാർക്ക് സംവരണ അവസരം ലഭിക്കും. 94 ഒഴിവുകളിലേക്കായാൽ ചില വിഭാഗങ്ങൾക്ക് അവസരം നഷ്ടമാകും.

ഒരേ ഒഴിവുകളിലേക്കുള്ള മൂന്നാം വിജ്ഞാപനമാണിത്. 156 തസ്തികകളിലേക്കുള്ള ആദ്യ വിജ്ഞാപനമില്ലാത്ത ഒഴിവുകളിലേക്കാണെന്ന ആരോപണത്തെത്തുടർന്ന് റദ്ദാക്കി. 80 തസ്തികകളിലേക്കുള്ള രണ്ടാമത്തേത് പ്രായപരിധി, സംവരണ പ്രശ്നങ്ങളിലും സ്റ്റാറ്റ്യൂട്ടിൽ ഇല്ലാത്ത വകുപ്പുകളിലേക്കാണെന്നുമുള്ള പരാതികളെത്തുടർന്ന് രണ്ടാം ദിനം പിൻവലിച്ചു. അതേ അപാകതകൾ നിലനിറുത്തിയാണ് 94 ഒഴിവുകളിലേക്കുള്ള ഈ വിജ്ഞാപനവും. ഫെബ്രുവരി മൂന്നു വരെയാണ് അപേക്ഷ സ്വീകരിക്കുക.

സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളിലെ സംവരണത്തിന് എല്ലാ വകുപ്പുകളും ഒറ്റ യൂണിറ്റായി കണക്കാക്കണം. ഇതുസംബന്ധിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ 2019ൽ മാർഗരേഖ ഇറക്കിയിട്ടുണ്ട്. സർക്കാർ- ഗവർണർ പോരു മൂലം ബോർഡ് ഒഫ് മാനേജ്മെന്റ് തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ സർവകലാശാലയിൽ ഉദ്യോഗസ്ഥ ഭരണമാണ്. പുതിയ ബോർഡ് വരുംമുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള തന്ത്രമാണെന്നും ആരോപണമുണ്ട്.

പ്രായപരിധി,

സംവരണം തലവേദന

യു.ജി.സി മാനദണ്ഡപ്രകാരം അസി. പ്രൊഫസർ നിയമനത്തിന്റെ പ്രായപരിധി 50 വയസാണ്. വെറ്ററിനറി സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ 40 വയസും. ഒ.ബി.സിക്ക് പ്രായപരിധിയിൽ ഇളവുമില്ല. ഇവ ഉൾപ്പെടുത്തി സർവകലാശാല സെനറ്റും സിൻഡിക്കേറ്റും ഭേദഗതികൾ പാസാക്കിയിട്ടുണ്ടെങ്കിലും ഗവർണറുടെ അനുമതി ലഭിച്ചില്ല.

സർക്കാർ ഉത്തരവുള്ളതിനാൽ വിജ്ഞാപനം സാധുവാണെന്നാണ് സർവകലാശാലയുടെ നിലപാട്. പ്രായപരിധി ഇളവു നൽകി നിയമിച്ച അഞ്ചു വർഷം വരെ സർവീസുള്ളവർക്ക് ജോലി നഷ്ടമായിട്ടുണ്ട്. അതേ ന്യൂനതകൾ നിലനിറുത്തിയാണ് പുതിയ വിജ്ഞാപനവും. 40 വയസ് കഴിഞ്ഞവർക്കും പ്രായപരിധി അർഹതയുള്ള ഒ.ബി.സിക്കാർക്കും ജോലി കിട്ടിയാലും കേസു വന്നാൽ പണി പോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VETERINARY UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA