
തിരുവനന്തപുരം: എറണാകുളം ഗാന്ധിനഗർ മുണ്ടംവേലി പി ആൻഡ് ടി കോളനിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് രണ്ടു വർഷത്തിനകം തകർന്നത് വിജിലൻസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. തോപ്പുംപടി രാമേശ്വരം വില്ലേജിൽ 77 കുടുംബങ്ങൾക്കായി കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിർമ്മിച്ച ഫ്‌ളാറ്റ് നിർമ്മാണത്തിലെ അപാകത കൊണ്ടു തകർന്നതിലാണ് അഴിമതി നിരോധന നിയമപ്രകാരം പ്രാഥമികാന്വേഷണം.
തൃശൂർ ഡിസ്ട്രിക്ട് ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരുന്നത്. ഇവരുടെയും ജി.സി.ഡി.എ എൻജിനിറിംഗ് വിഭാഗത്തിന്റെയും ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം. ജി.സി.ഡി.എ സൂപ്രണ്ടിംഗ് എൻജിനിയർ ജെബി ജോൺ, എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ഷാജി, ഡേവിഡ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ആതിര, ജയശ്രീ, തൃശൂർ ലേബർ കോൻട്രാക്ട് സൊസൈറ്റി സെക്രട്ടറി സിന്ധു സുഭാഷ് എന്നിവർക്കെതിരെയാണ് അന്വേഷണം.14.62 കോടി രൂപ ചെലവഴിച്ചാണ് ജി.സി.ഡി.എ ഫ്ലാറ്റ് നിർമ്മിച്ചത്. ഫ്ലാറ്ര് തകർന്നതോടെ കുടുംബങ്ങൾ സമരത്തിലായിരുന്നു.
സ്റ്റീൽ സ്ട്രക്ചറിൽ നിർമ്മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളൽ രൂപപ്പെട്ടു. മുകളിലെ അപ്പാർട്ട്മെന്റിലെ ടോയ്ലറ്റുകളിലെ മലിനജലം താഴത്തെ നിലയിലെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കും ഒലിച്ചിറങ്ങി. മഴക്കാലത്ത് ചോർച്ച വ്യാപകമായി. തകർച്ചയുടെ കാരണം പഠിച്ച മദ്രാസ് ഐ.ഐ.ടി, കെട്ടിടത്തിന്റെ രൂപരേഖയിലും നിർമ്മാണത്തിലും വീഴ്ച കണ്ടെത്തി. അറ്റകുറ്രപ്പണിക്ക് 17മുതൽ 20 കോടി വരെ വേണ്ടി വരും. നിർമ്മിച്ചതിലേറെ തുക അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമെന്നായതോടെ പൊളിച്ചു നീക്കാൻ സർക്കാർ തീരുമാനിച്ചു. ഭരണം മാറിയപ്പോള്‍ ഫ്‌ളാറ്റിലെ താമസക്കാർ ഒതളങ്ങ പോലെ തിരിഞ്ഞെന്ന മുൻ എം.എൽ.എ കെ.ജെ. മാക്സിയുടെ പരാമർശം വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |