
തിരുവനന്തപുരം:കൊല്ലത്തേയും തിരുവനന്തപുരത്തേയും ട്രാൻസ്പോർട്ട് തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം 26ന് രാവിലെ 11ന് കൊല്ലം കളക്ട്രേറ്റിൽ ചേരും.
മസ്റ്ററിംഗ്31ന്
പൂർത്തിയാക്കണം
തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററംഗ് (ഇ.കെ.വൈ.സി) പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
പി.വി.സി നിയമനം:
യോഗ്യത കുറച്ച്
മന്ത്രിയുടെ ഭേദഗതി
തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച സർവകലാശാലാ നിയമഭേദഗതി ബില്ലിൽ കൂടുതൽ ഭേദഗതിക്ക് മന്ത്രി ആർ.ബിന്ദു. പ്രോ വൈസ്ചാൻസലർമാരുടെ നിയമന യോഗ്യത കുറയ്ക്കാനാണ് നീക്കം. ശുപാർശ മന്ത്രി സബ്ജക്ട് കമ്മിറ്റിക്ക് കൈമാറി.
പത്തുവർഷം പരിചയമുള്ള പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരെ പി.വി.സിയാക്കാനായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇതിനൊപ്പം അസോസിയേറ്റ് പ്രൊഫസറും കൂട്ടിച്ചേർത്താണ് മന്ത്രിയുടെ ശുപാർശ. ഇത് സബ്ജക്ട് കമ്മിറ്റി അംഗീകരിക്കുന്നതോടെ അസോ. പ്രൊഫസർമാർക്കും പി.വി.സിയാവാൻ അവസരമൊരുങ്ങും. ഇടത് അദ്ധ്യാപക സംഘടനാ നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ഭേദഗതിയെന്നാണ് ആക്ഷേപം.
യു.ജി.സിയുടെ പുതിയ കരടു നയത്തിൽ പി.വി.സി തസ്തിക തന്നെ ഒഴിവാക്കിയിരിക്കുമ്പോഴാണ് ഇവിടെ വി.സിയുടെ അധികാരങ്ങൾ പി.വി.സിക്ക് കൈമാറുന്നത്. ഇടത് നേതാക്കന്മാർക്ക് പി.വി.സി പദവി ലഭിക്കാനാണ് പുതിയ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആരോപിച്ചു.
സ്വകാര്യ സർവകലാശാല:
ഒന്നിലേറെ ക്യാമ്പസിന്
സർക്കാർ അനുമതി വേണം
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിലേറെ ക്യാമ്പസുകൾ ആരംഭിക്കണമെങ്കിൽ ഓരോന്നിനും സർക്കാരിന്റെ അനുമതി വേണ്ടിവരും. ഇതിനുള്ള ഭേദഗതി സ്വകാര്യ സർവകലാശാലാ ബില്ലിൽ ഉൾപ്പെടുത്തും.
നിലവിലെ ബിൽ പ്രകാരം സ്വകാര്യ സർവകലാശാല ആരംഭിക്കാൻ മാത്രമാണ് അനുമതി വേണ്ടത്. സബ്ജക്ട് കമ്മിറ്രിയാണ് ഓരോ ക്യാമ്പസിനും അനുമതിയെന്ന ഭേദഗതി ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. ഈ വ്യവസ്ഥയില്ലെങ്കിൽ സർവകലാശാലകൾ ഇഷ്ടം പോലെ ക്യാമ്പസുകൾ തുറക്കുമെന്നും ഇത് കച്ചവടത്തിന് വഴിവയ്ക്കുമെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. 24ന് ബിൽ വീണ്ടും നിയമസഭ പരിഗണിക്കുമ്പോൾ സർക്കാർ ഈ ഭേദഗതി അംഗീകരിച്ചേക്കും.
എൻട്രൻസ് പരീക്ഷ:വേതനം കൂട്ടി
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനപരീക്ഷാ ഡ്യൂട്ടിയുള്ളവരുടെ വേതനം വർദ്ധിപ്പിച്ചു. എൻട്രൻസ് കമ്മിഷണറുടെ ശുപാർശ പ്രകാരമാണിത്. ഓരോ സെഷനിലെയും പുതിയ വേതനം ഇങ്ങനെ:- ചീഫ് സൂപ്രണ്ട്- 1100, സോഫ്റ്റ്വെയർ സപ്പോർട്ട്- 900, സെന്റർ കോ-ഓർഡിനേറ്റർ-1100, നെറ്റ്വർക്ക് സ്പെഷ്യലിസ്റ്റ്- 750, ടെക്നിക്കൽ സപ്പോർട്ട്- 700, ഇൻവിജിലേറ്രർ- 650, ഇലക്ട്രീഷ്യൻ- 400, അറ്റൻഡർ- 400, രജിസ്ട്രേഷൻ സ്റ്റാഫ്-550, സെക്യൂരിറ്റി- 800, ക്ലീനിംഗ് സ്റ്റാഫ്- 500.
നൈപുണ്യ വികസനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കും: മന്ത്രി ബിന്ദു
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസന പരിപാടികൾ നടപ്പാക്കി തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. വിജ്ഞാന കേരളം പരിശീലന പരിപാടി വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലന്വേഷകരേയും തൊഴിൽ ദാതാക്കളെയും നൈപുണ്യ വികസന ഏജൻസികളേയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തെ കാലാനുസൃതമായി നവീകരിച്ച് നൈപുണ്യ വികസനത്തിലൂടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും ജനജീവിത ഗുണനിലാരവും വർദ്ധിപ്പിക്കാനുമാണ് ശ്രമമെന്നും വിജ്ഞാന കേരളം പദ്ധതിയിൽ ഇക്കൊല്ലം 25000 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. വിജ്ഞാന കേരളം ഉപദേഷ്ടാവ് ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യസ ഡയറക്ടർ സുധീർ കെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഷാലിജ് പി ആർ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി. എസ് ശ്രീകല, കെ-ഡിസ്ക് എക്സിക്യുട്ടീവ് ഡയറക്ടർ റിയാസ് പി.എം, ലിങ്ക്ഡിൻ സീനിയർ കസ്റ്റമർ സക്സസ് മാനേജർ അമിത് മുഖർജി, കോഴ്സിറ ഡയറക്ടർ അഭിഷേക് കോഹ്ലി, വിമൻസ് കോളേജ് പ്രിൻസിപ്പൽ അനില ജെ എസ്, ഡോ. സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |