SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

അഖിൻ ചിലങ്ക കെട്ടി ആടിയത് സഹോദരിമാരെ പോറ്റാൻ

READ ENGLISH VERSION

akhil

നിറഞ്ഞുകവിഞ്ഞ് കൗമാര ഉത്സവം

തിരുവനന്തപുരം: ഭരതനാട്യത്തിൽ എ ഗ്രേഡു നേടിയ അഖിന്റെ ജീവിതത്തിന് ചേച്ചിയെയും അനുജത്തിയെയും പരിപാലിച്ച കലാവിദ്യയുടെ സുഗന്ധമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ

കോട്ടയ്‌ക്കം കാർത്തിക തിരുന്നാൾ തിയേറ്ററിലായിരുന്നു ഇന്നലെ ഭരതനാട്യ മത്സരം. സ്വന്തം കാലിൽ കൂടപ്പിറപ്പുകളെ ചേർത്തുനിറുത്തുന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അഖിന്റെ വരവ്. നിറഞ്ഞ കൈയടിനേടിയ അഖിന് അതിന്റെ ഫലവും ലഭിച്ചു.

അഖിൻ ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് മാതാപിതാക്കൾ നിയമപരമായി പിരിഞ്ഞത്. പിന്നീട് ഇരുവരും മക്കളുമായി ബന്ധപ്പെട്ടില്ല! സഹോദരിമാരെ കെട്ടിപ്പിടിച്ച് അഖിൻ മാസങ്ങളോളം കരഞ്ഞു. അച്ഛൻ പണിത വെഞ്ഞാറമൂട് ആലന്തറയിലെ പ്ലാവില വീട് മാത്രമായിരുന്നു ആകെ ആശ്രയം. നാലാം ക്ലാസുമുതൽ നൃത്തം പഠിച്ചുതുടങ്ങിയ അഖിൻ തോൽക്കാൻ തയ്യാറായില്ല. മറ്റു കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തുടങ്ങി. അതിൽനിന്നുനേടിയ വരുമാനം സ്വരൂപിച്ച് ചേച്ചിയെ വിവാഹിതയാക്കി. അനുജത്തിയെ പഠിപ്പിച്ചു.

ജീവിതം പാഠപുസ്തകമാക്കിയ ഈ പതിനേഴുകാരൻ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. ശിവപുത്രനായ മുരുകന്റെ കഥയും പുത്രവാത്സല്യവുമാണ് അവതരിപ്പിച്ചത്.

അമ്മാമ്മയുടെ സഹോദരി സരസ്വതിയാണ് മൂന്നുകുരുന്നുകൾക്ക് തണലേകിയിരുന്നത്. സരസ്വതിക്ക് വീട്ടുജോലി ചെയ്ത് കിട്ടിയിരുന്ന വരുമാനം ഒന്നിനും തികയാതായതോടെയാണ് പഠനത്തിനൊപ്പം അഖിൻ നൃത്തം പരിശീലിപ്പിക്കാൻ തുടങ്ങിയത്.

രണ്ടുമാസം മുമ്പായിരുന്നു സഹോദരിയുടെ വിവാഹം.

അഖിന്റെ മോഹം

അറിയപ്പെടുന്ന നർത്തകനാകുകയാണ് അഖിന്റെ മോഹം. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ കേരളനടനത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു. വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. ഈ വർഷം കുച്ചിപ്പുടിക്കും മത്സരിക്കുന്നുണ്ട്. അഖില, പ്ലസ് വൺ വിദ്യാർത്ഥിയായ ആതിര എന്നിവരാണ് സഹോദരങ്ങൾ. കണ്ണൂർ സ്വദേശി പ്രണവാണ് അഖിലയുടെ ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA