
കൊച്ചി: തകർച്ചാഭീഷണിയിലായ വൈറ്റില ചന്ദേർകുഞ്ച് ആർമി ടവറുകളിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ച് പുനർനിർമ്മിച്ച് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി വിദഗ്ദ്ധ സമിതിയെ ജില്ല കളക്ടർ ചുമതലപ്പെടുത്തണം. പുതിയ ടവർ പൂർത്തിയാകുന്നതുവരെ ടവർ ബിയിലെ താമസക്കാർക്ക് 21,000 രൂപ വീതവും ടവർ സിയിലെ താമസക്കാർക്ക് 23,000 രൂപ വീതവും പ്രതിമാസ വാടകയായി നൽകണം. പ്രൊമോട്ടർമാരായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനാണ് (എ.ഡബ്ലിയു.എച്ച്.ഒ) ഇത് നിർവഹിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
താമസക്കാരെ ഒഴിപ്പിക്കൽ, കെട്ടിടം പൊളിക്കൽ, പുനർനിർമ്മിക്കൽ എന്നിവയ്ക്കായി 175 കോടി രൂപ നീക്കിവയ്ക്കാമെന്ന് എ.ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു. ഈ തുക സമിതിയുടെ തീരുമാനപ്രകാരം വിതരണം ചെയ്യണം. എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കണം.
2018ൽ വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ സൈനികർക്കും വിമുക്തഭടന്മാർക്കുമായി എ.ഡബ്ലിയു.എച്ച്.ഒ നിർമ്മിച്ച ടവറുകളാണ് മൂന്നുവർഷത്തിനു ശേഷം അപകടാവസ്ഥയിലായത്.
വിദഗ്ദ്ധ സമിതി, വിപുല ചുമതല
സ്ട്രക്ചറൽ എൻജിനിയർ, മുനിസിപ്പാലിറ്റി എൻജിനിയർ, റെസിഡന്റ്സ് അസോസിയേഷന്റെ രണ്ടു പ്രതിനിധികൾ, നഗരാസൂത്രണ വിഭാഗം ഉദ്യോഗസ്ഥൻ എന്നിവർ വിദഗ്ദ്ധ സമിതിയിൽ ഉണ്ടാവണം. നടപടികൾ വേഗത്തിലാക്കാൻ സർക്കാർ സഹകരിക്കണം
സമിതി അംഗങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേരണം
ടവറിന്റെ ഡിസൈനും നിർമ്മാണ സാങ്കേതിക വിദ്യയും തീരുമാനിക്കാൻ സമിതിക്ക് അധികാരം.
പൊളിക്കുന്ന കെട്ടിടത്തിലെ ഉപയോഗിക്കാവുന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കണം
പുതിയ ടവർ നിർമ്മിക്കുമ്പോൾ അധികം ചെലവായ തുക നൽകാൻ താമസക്കാർ ബാദ്ധ്യസ്ഥരാണ്
കൂടുതൽ നിലകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ നിർമ്മാതാക്കൾക്ക് അനുമതി തേടാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |