
തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളിൽ രണ്ട് മാസമായി അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളമില്ല..സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ നേരിട്ടാണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നത് ഇത്തവണ നിലച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിലെയും ധനകാര്യ വകുപ്പിലെയും ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം ഇത് അക്കാഡമിക പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. അധ്യാപക പരിശീലനം, പാഠ്യ പദ്ധതി വികസനം, വിദ്യാഭ്യാസ ഗവേഷണം, സ്കൂൾ സന്ദർശനവും അക്കാഡമിക പിന്തുണയും, ബി.ആർ.സി തല പ്രവർത്തനങ്ങൾ, ഡി.എൽ.എഡ് കോഴ്സ് നടത്തിപ്പ് എന്നിവ മുന്നോട്ട് കൊണ്ടു പോകുന്നത് ഡയറ്റുകളിലെ ജീവനക്കാരാണ്.
അദ്ധ്യാപകരുൾപ്പെടെ 300 ഓളം ജീവനക്കാരാണ് ഡയറ്റുകളിലുള്ളത്. ഭവന,വാഹന വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങി പിഴപ്പലിശ നൽകേണ്ട അവസ്ഥയിലാണ് പല ജീവനക്കാരും. വീട്ടു വാടക, കുട്ടികളുടെ പഠനച്ചെലവ്, കുടുംബാംഗങ്ങളുടെ ചികിത്സാച്ചെലവ് എന്നിവ താളം തെറ്റി. .പ്ലാൻ ഫണ്ടിൽ നിന്നും വിതരണം ചെയ്യുന്ന ശമ്പളം സംസ്ഥാന സർക്കാരിന്റെ പദ്ധതിയിതര ബഡ്ജറ്റ് ശീർഷകത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
'എസ്.എസ്.കെയ്ക്ക് കേന്ദ്ര ഫണ്ട് ലഭിക്കാതായതോടെയാണ് ഡയറ്റുകളിൽ പ്രതിസന്ധി തുടങ്ങിയത്. കേന്ദ്ര ഫണ്ട് ലഭിച്ചിൽ ഡയറ്റുകളിലേക്ക് ശമ്പളം നൽകാൻ കഴിയും.'
-കെ.മോഹൻ കുമാർ
എസ്.എസ്.കെ സ്റ്റേറ്റ്
പ്രോജക്ട് ഡയറക്ടർ
'ഡയറ്റുകളുടെ സുഗമമായ പ്രവർത്തനത്തിനും ശമ്പളം നൽകുന്നതിനും തടസ്സം നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം.'
-ടി.കെ.എ.ഷാഫി
ജനറൽ സെക്രട്ടറി
കെ.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |