SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ബസുമതി കതിരണിഞ്ഞു, പ്രസന്നന്റെ മട്ടുപ്പാവിൽ

s

തിരുവനന്തപുരം: പച്ചക്കറി, കിഴങ്ങുവിള ജൈവകൃഷിക്ക് കൃഷിവകുപ്പിന്റെ നിരവധി അംഗീകാരങ്ങൾ നേടിയ റിട്ട. എസ്.ഐ ജി.പ്രസന്നന്റെ ബസുമതി നെൽകൃഷി ശ്രദ്ധേയമാകുന്നു. തന്റെ മട്ടുപ്പാവിൽ കതിരണിഞ്ഞ, പഞ്ചാബിന്റെ സ്വന്തം സുഗന്ധ നെല്ലിനത്തിന്റെ കൊയ്ത്തിന് കാത്തിരിക്കുകയാണിദ്ദേഹം.

16 വർഷം മുൻപ് കാക്കിയഴിച്ചപ്പോൾ കർഷകന്റെ ഉടുപ്പണിഞ്ഞ പ്രസന്നൻ ,ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളൂർ ബാപ്പുജി നഗറിലെ വീട്ടിൽ ബസുമതി കൃഷിചെയ്തത്. രക്തശാലിയും ഉമയുമടക്കം നിരവധി നെല്ലിനങ്ങൾ കൃഷി ചെയ്തു വിജയിച്ചിട്ടുള്ള പ്രസന്നന്റെ പുതിയ പരീക്ഷണമാണിത്.

പഞ്ചാബിലെ റൈസ് മില്ലിൽ സന്ദർശനത്തിന് പോയ സുഹൃത്താണ് ബിരിയാണി കൈതയുടെ മണമുള്ള അരക്കിലോയോളം ബസുമതി നെൽവിത്തുകൾ സമ്മാനിച്ചത്. പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ മുളപ്പിച്ചെടുത്ത തൈകൾ 40 ചട്ടികളിലേക്ക് മാറ്റി. ഓരോ ചട്ടിയിലും 10-15 വച്ച് ആകെ 500 ലധികം നെൽച്ചെടികൾ. ഏപ്രിൽ പകുതിയോടെ കതിരണിഞ്ഞ ഇവ ഈ മാസം അവസാനത്തോടെ കൊയ്യാൻ പാകമാകും. ഓരോ ചട്ടിയിൽ നിന്നും കുറഞ്ഞത് 400 ഗ്രാം നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ.

മട്ടുപ്പാവ് കൃഷിയിലൂടെ 60 സെന്റീമീറ്റർ നീളമുള്ള ചതുരപ്പയറും ഒരു മൂട്ടിൽ 150 കിലോയുള്ള കാച്ചിലും വിളയിച്ച് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ള പ്രസന്നന് 2019 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച മട്ടുപ്പാവ് കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

കുളത്തൂർ തേരമൺ കുടുംബാംഗമാണ്. ഭാര്യ: ജില്ലാ കോടതിയിൽ നിന്ന് വിരമിച്ച വിലോല ദേവി. മകൻ: രാകേഷ് പ്രസന്നൻ (കെ.എസ്.ഇ.ബി എൻജിനിയർ)​,​ മകൾ: ഭാവന പ്രസന്നൻ (ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥ)​.

കൃഷി രീതി

പച്ചച്ചാണകം, ഗോമൂത്രം, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്,ശർക്കര, കൊന്നയില,പയറുപൊടി, എല്ലുപൊടി എന്നിവ മിശ്രിതമാക്കി 3-5 ദിവസം വരെ പുളിപ്പിച്ച് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ തളിക്കും. ഒരു മാസം കഴിയുമ്പോൾ ഫിഷ് അമിനോ നേർപ്പിച്ച് ഇലയിലും കതിരിലും സ്പ്രേ ചെയ്യും.

2000 സ്‌ക്വ.ഫീറ്റ് മട്ടുപ്പാവിൽ ജൈവക്കൃഷി

വിവിധയിനം ചീര,മുളക്, വെണ്ട ,പാവൽ,കത്തിരി, തക്കാളി,കപ്പ ,കൂവ,മഞ്ഞൾ, ഇഞ്ചി,കുരുമുളക്, അഗത്തി, പപ്പായ, മാതളം തുടങ്ങി വിവിധ ഇനങ്ങൾ കൃഷി ചെയ്യുന്നു.

ബസുമതി വില - കിലോയ്‌ക്ക് 200 രൂപ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BASUMATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA