തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ തോത് ഉയരുന്നു. കേരളത്തിൽ മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത്. ഈ പണം അവകാശികളെ കണ്ടെത്തി നൽകണമെന്ന് ദേശസാൽകൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകി. ഇതിനായി മാദ്ധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ബോധവത്കരണം നൽകാനും റിസർവ് ബാങ്ക് തയ്യാറെടുക്കുന്നുണ്ട്.
നിലവിൽ രണ്ട് വർഷത്തിലധികം ഇടപാട് നടത്തിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാകും. ഇവ ബാങ്കിൽ എത്തിയാൽ വീണ്ടും സജീവമാക്കാം. മിനിമം ബാലൻസ് വഴി മാത്രം കോടിക്കണക്കിന് രൂപയാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. ഇതും തിരികെ ലഭിക്കും. പല ഉപയോക്താക്കളും ഇക്കാര്യം മറന്നിട്ടുണ്ടാകും. ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ കെവൈസി അപ്ഡേറ്റ് ചെയ്ത് പണം തിരികെ വാങ്ങാനുന്നതാണ്.
അവകാശികളില്ലാത്ത നിക്ഷേപങ്ങളിലെ പണം കണ്ടെത്താനും തിരിച്ചുപിടിക്കാനും സഹായിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം ഏകീകൃത പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. www.unclaimedassetsportal.in എന്ന വെബ്സൈറ്റ് വഴി ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശികളില്ലാത്ത പണത്തിന്റെ വിവരങ്ങൾ കണ്ടെത്താവുന്നതാണ്. രാജ്യത്തെ ബാങ്കുകൾ, പെൻഷൻ പദ്ധതികൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് മേഖലകൾ എന്നിവയിലായി ഏകദേശം 1.82 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഇതിൽ 75,000 കോടി രൂപയിലധികം ബാങ്കുകളിലാണുള്ളത്.
പത്തുവർഷത്തിലേറെയായി ഇടപാടുകളില്ലാതെ നിർജീവമായി തുടരുന്ന നിക്ഷേപങ്ങളാണ് സാധാരണയായി ഈ വിഭാഗത്തിലേക്ക് മാറ്റുന്നത്. നിക്ഷേപകർ മരിച്ചതിനെത്തുടർന്ന് അവകാശികൾ പണം സംബന്ധിച്ച വിവരം അറിയാതെ പോകുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസം മാറിയിട്ടും വിവരങ്ങൾ പുതുക്കാതിരിക്കൽ, നോമിനിയെ രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയവയും പണം അവകാശികളിലേക്ക് എത്താതിരിക്കാൻ പ്രധാന കാരണമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |