SignIn
Kerala Kaumudi Online
Friday, 31 July 2026 11.59 PM IST

കളിപ്പാട്ടങ്ങൾ മാത്രമല്ല ഈ കുഞ്ഞുകൈകളിൽ വാദ്യോപകരണവും ഭദ്രം,​ ലോകത്തിലെ ഏറ്റവും കുഞ്ഞ് ഇടയ്‌ക്ക കലാകാരി റിദ്ദി

riddhi
റിദ്ദി,​ ഗുരു അർജുൻ മാരാർക്കൊപ്പം റിദ്ദി

കോട്ടയം: നാല് വയസിൽ കുട്ടികൾ എന്തായിരിക്കും ചെയ്യുക? ചെറിയ കോമിക് ബുക്കുകൾ വായിക്കും, കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കും, കൂട്ടുകാരോടൊപ്പം ഡാൻസോ കളികളോ ഒക്കെ ചെയ്‌താവും അവർ സമയം ചെലവഴിക്കുക. എന്നാൽ കോട്ടയം വടവാതൂർ സ്വദേശിയായ അനീഷിന്റെ മകൾ റിദ്ദി അതോടൊപ്പം പഠനം ആരംഭിച്ചത് കേരളത്തിൽ ഇന്നോളും ഒരു പെൺകുട്ടിയും ഈ പ്രായത്തിൽ പഠിക്കാത്ത ഒന്നാണ്. അച്ഛന്റെ അനുജൻ തിരുനക്കര അർജുൻ മാരാരുടെ ശിക്ഷണത്തിൽ ഇടയ്‌ക്കയിൽ ഈ കൊച്ചുമിടുക്കി പഠനം ആരംഭിച്ചു ആ കുഞ്ഞു പ്രായത്തിൽ.

ഇപ്പോൾ നാല് വർഷങ്ങൾക്കിപ്പുറം മദ്ധ്യകേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു റിദ്ദി. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ പഞ്ചവാദ്യത്തിൽ ഇടയ്‌ക്ക കൊട്ടി റിദ്ദി ഇതിനകം പരിചയമുള്ള കലാകാരിയായി കഴിഞ്ഞു. കുടുംബത്തിൽ നിന്നും പരമ്പരാഗത വാദ്യകല ശീലമാക്കിയവർ വേണം എന്ന ആഗ്രഹമാണ് റിദ്ദിയിലൂടെ സാദ്ധ്യമാകുന്നത്.

ദിവസവും രാവിലെ അരമണിക്കൂറോളം സാധകം ചെയ്യാറുണ്ട്. കർക്കടക മാസത്തിൽ ദിവസവും വൈകിട്ട് രണ്ട് മണിക്കൂറോളം ചെണ്ടയിലോ ഇടക്കയിലോ സാധകം പതിവുണ്ട്. ഓരോ ആഴ്‌ചയിലും നാല് ദിവസം കൃത്യമായി റിദ്ദിക്ക് ക്‌ളാസെടുക്കാറുണ്ട്. ഗുരു പാകം പറഞ്ഞുകൊടുക്കുകയും അതിന് മനോധർമ്മമായി തിരികെ കൊട്ടുകയുമാണ് ചെയ്യാറ്.

arangettam
വടവാതൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നടന്ന അരങ്ങേറ്റം

അരങ്ങേറ്റം

വടവാതൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനായ ഗുരു അർജുൻ മാരാർ ഇടക്കയിൽ ആദ്യപാഠങ്ങൾ പഠിച്ചശേഷം ശ്രീകൃഷ്‌ണസ്വാമിയുടെ മുന്നിൽ തന്നെ അരങ്ങേറ്റവും നടന്നു. മേജർ ക്ഷേത്രങ്ങളിലും അമ്മ മാധുരിയുടെ നാടായ പാലക്കാടും പരിപാടികൾ അവതരിപ്പിച്ചു.

ഏറ്റവും പ്രായം കുറഞ്ഞ ഇടയ്‌ക്ക കലാകാരി

കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതനിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് റിദ്ദി ഇപ്പോൾ. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഇടയ്‌ക്ക കലാകാരി റിദ്ദിയാണ്. അരങ്ങേറ്റം ഇത്ര ചെറുപ്രായത്തിൽ നടത്തിയ പെൺകുട്ടിയും ഈ കൊച്ചുമിടുക്കിയാണ്. പഞ്ചവാദ്യത്തിന് പുറമേ സോപാനസംഗീതവും റിദ്ദി പരിശീലിച്ചു. ഇപ്പോൾ മായന്നൂർ രാജീവിന്റെ ശിഷ്യയായി തായമ്പകയും പഠിച്ചുവരികയാണ്. കേരളത്തിലെ ചെണ്ടമേളത്തിൽ വർദ്ധിച്ചുവരുന്ന പെൺകുട്ടികളുടെ പങ്കാളിത്തത്തിൽ ഒപ്പം ഈ കൊച്ചുകുട്ടിയും വൈകാതെ ഉണ്ടാകും.

ഇടയ്‌ക്കയിലും ചെണ്ടയിലും മാത്രമല്ല മറ്റ് കലകളും റിദ്ദി പഠനം ആരംഭിച്ചിട്ടുണ്ട്. പ്രശസ്‌ത കളമെഴുത്ത് കലാകാരൻ അമ്പലപ്പുഴ ഗോപകുമാറിൽ നിന്ന് കളമെഴുത്തും പഠിക്കുന്നുണ്ട്. നൃത്തവും ഇഷ്‌ടം തന്നെ. സ്‌കൂളിലെ കലാപരിപാടികളിൽ റിദ്ദി പങ്കെടുക്കാറുണ്ട്. അഞ്ചാം ക്‌ളാസ് മുതലാണ് മത്സരങ്ങളിൽ പങ്കെടുക്കാനാകുക എന്നതിനാൽ വരുംവർഷങ്ങളിൽ അത്തരത്തിൽ കൂടുതൽ വേദികളിൽ റിദ്ദിയ്‌ക്ക് എത്താനാകും.

ridhy-panchavadyam
പഞ്ചവാദ്യത്തിൽ ഇടയ്‌ക്ക വായിക്കുന്ന റിദ്ദി

റിദ്ദീസ് റിഥം

റിദ്ദിയുടെ ഇടയ്‌ക്ക വാദനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു. അമ്പലപ്പുഴ ക്ഷേത്രത്തിൽ റിദ്ദി പഞ്ചവാദ്യത്തിന് ഇടയ്‌ക്ക കൊട്ടുന്നത് ഇതിനകം ആയിരക്കണക്കിനുപേരാണ് കണ്ടത്. 'റിദ്ദീസ് റിഥം' എന്ന ഇൻസ്റ്റ അക്കൗണ്ടിൽ റിദ്ദിയുടെ പ്രോഗ്രാമുകളുടെ വീഡിയോകൾ കാണാനാകും.

English Summary

Riddhi, daughter of Aneesh from Vadavathoor in Kottayam, has begun learning the Idaykka, a traditional Kerala percussion instrument. Under the guidance of her uncle, Arjun Marar of Thirunakkara, she started training at a remarkably young age, making her one of the youngest girls in Kerala to learn the instrument.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIDHY, EDAKKA, PERCUSSION DRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA