തൃശൂർ:വർഷത്തിൽ രണ്ട് തവണ ശക്തമായ മഴക്കാലം അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സമയങ്ങളിൽ വെള്ളക്കെട്ടും മാലിന്യങ്ങളും മൂലം പൊതുവഴികളും നഗര അടിസ്ഥാനസൗകര്യങ്ങളും വലിയ വെല്ലുവിളികൾ നേരിടാറുണ്ട്. വർഷങ്ങളായി ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യർ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും, ഈ മേഖലയിൽ സാങ്കേതികവിദ്യയുടെ ഇടപെടൽ ശക്തമാക്കിയത് 2015ൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ജെന്റോബോട്ടിക്സാണ്.
ഒരു ദശാബ്ദത്തിനുശേഷം, കേരളത്തിലെ മറ്റൊരു ഡീപ്‌ടെക് സ്റ്റാർട്ടപ്പായ എസ്‌ട്രോ ടെക് റോബോട്ടിക്സ് അടിസ്ഥാനസൗകര്യ സാങ്കേതികവിദ്യയിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫ് തിങ്സ് (AIoT), ഇന്റലിജന്റ് ഓട്ടോമേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ കൊരട്ടി ഇൻഫോപാർക്കിലെ എസ്‌ട്രോ ടെക് റോബോട്ടിക്സിൽ ജെന്റോബോട്ടിക്സ് ഒരുകോടി സീഡ് നിക്ഷേപം നടത്തിയിരിക്കുകയാണ്. ഈ നിക്ഷേപത്തിലൂടെ ഇരു കമ്പനികളും ചേർന്ന് അടുത്ത തലമുറ ഇൻഫ്രാസ്ട്രക്ചർ റോബോട്ടിക്സ്, AIoT സാങ്കേതികവിദ്യകളുടെ വികസനവും വാണിജ്യവത്കരണവും വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.
അഡ്വാൻസ്ഡ് റോബോട്ടിക്സിലും ടെക്‌നോളജി കൊമേഴ്സ്യലൈസേഷനിലുമുള്ള ജെന്റോബോട്ടിക്സിന്റെ അനുഭവവും, AIoT, ഓട്ടോമേഷൻ, ഇന്റലിജന്റ് ഇൻഫ്രാസ്ട്രക്ചർ സാങ്കേതികവിദ്യകൾ എന്നിവയിൽ എസ്‌ട്രോ ടെക്കിനുള്ള വൈദഗ്ധ്യവും സംയോജിപ്പിച്ച് പുതിയ തലമുറ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകനും സിഇഒയുമായ ക്രിസ്റ്റോ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായകമായ സാനിറ്റേഷൻ ടെക്‌നോളജിയിലാണ് കമ്പനി ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൂഗർഭ പൈപ്പ് ലൈൻ പരിശോധന, മാൻഹോൾ നിരീക്ഷണം, AI അധിഷ്ഠിത മലിനജല ശൃംഖല നിരീക്ഷണം, പ്രവചനാധിഷ്ഠിത ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ ഗവേഷണവും വികസനവും പുരോഗമിച്ചുവരികയാണ്.
നിലവിൽ ഇന്ത്യയ്ക്ക് പുറമെ ദക്ഷിണ കൊറിയ, ഖത്തർ, ബോട്സ്വാന, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കും എസ്‌ട്രോ ടെക്കിന്റെ സാങ്കേതികവിദ്യകൾ എത്തിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യയിൽ തന്നെയാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ മഴക്കാലത്തിന് മുൻപും ശേഷവും മാൻഹോളുകൾ, മലിനജല ശൃംഖലകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ തുടങ്ങിയവ പരിശോധിക്കാൻ വിദേശ സാങ്കേതികവിദ്യകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇതിന് പകരമായി ഇന്ത്യയിൽ വികസിപ്പിച്ച ലോകോത്തര നിലവാരത്തിലുള്ള ഇൻസ്‌പെക്ഷൻ റോബോട്ടുകളും AI അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും വികസിപ്പിക്കുകയാണ് എസ്‌ട്രോ ടെക്കിന്റെ ലക്ഷ്യം.

ഇന്ററാക്ടീവ് ഇൻസ്റ്റോർ അഡ്വർടൈസിംഗ് പ്ലാറ്റ്‌ഫോമായ RobAd
ഇന്ത്യയിലെ ആദ്യ UV സ്റ്റെർലൈസിംഗ് റോബോട്ടും ഇന്ത്യയിലെ ആദ്യ ഇന്ററാക്ടീവ് ഇൻസ്റ്റോർ അഡ്വർടൈസിംഗ് പ്ലാറ്റ്‌ഫോമായ RobAd-ഉം വികസിപ്പിച്ച കമ്പനിയാണ് എസ്‌ട്രോ ടെക്. ഇന്ന് രാജ്യത്തെ 30ലധികം പ്രമുഖ FMCG ബ്രാൻഡുകൾക്കും റീട്ടെയിൽ ശൃംഖലകൾക്കുമായി RobAd വിജയകരമായി വിന്യസിച്ചിട്ടുള്ള കമ്പനി, നൂതന റോബോട്ടിക്സ് സാങ്കേതികവിദ്യകളെ വാണിജ്യവത്കരിക്കുന്നതിലും ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
സർക്കാർ-സ്വകാര്യ മേഖലകളിൽ ഒരുപോലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിഹാരങ്ങൾ നൽകാൻ കമ്പനി ഒരുങ്ങുകയാണ്. പുതിയ നിക്ഷേപം ഉൽപ്പന്ന വികസനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര വിപണി വ്യാപനത്തിനും കൂടുതൽ കരുത്തേകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2020ൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ സുഹൃത്തുക്കളായ ക്രിസ്റ്റോ വർഗീസ്, ക്രിസ്റ്റോ കൊല്ലന്നൂർ, രാഹുൽ വിൻസെന്റ്, ബോൺസ്റ്റോ വിൽസൺ എന്നിവർ ചേർന്നാണ് എസ്‌ട്രോ ടെക് റോബോട്ടിക്സ് സ്ഥാപിച്ചത്. തൃശ്ശൂർ കൊരട്ടിയിലെ ഇൻഫോപാർക്കാണ് കമ്പനിയുടെ ആസ്ഥാനം.
കേരളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക്സ്, AIoT, ഡീപ്‌ടെക് ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് ആഗോള വിപണിയിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യം. പുതിയ നിക്ഷേപം ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് എസ്‌ട്രോ ടെക് വിലയിരുത്തുന്നത്. ഡീപ്‌ടെക് അധിഷ്ഠിത തൊഴിൽസാധ്യതകൾ കേരളത്തിൽ വർധിപ്പിക്കുന്നതിനും സംസ്ഥാനത്തെ ആഗോള ഡീപ്‌ടെക് ഹബ്ബായി വളർത്തുന്നതിനും ഈ മുന്നേറ്റം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |