SignIn
Kerala Kaumudi Online
Thursday, 25 June 2026 12.53 AM IST

ഇവിടെ താലപ്പൊലിക്ക് പുരുഷന്മാർ മാത്രം

thalappoli

തൊടുപുഴ: ഇവിടെ ഉത്സവത്തിന് താലപ്പൊലി എടുക്കുന്നത് ആണുങ്ങൾ. മൂന്നു ദിവസം വ്രതം നോറ്റാണ്,​ പ്രായഭേദമില്ലാതെ പുരുഷന്മാർ താലമേന്തുന്നത്. തൊടുപുഴയ്ക്കടുത്ത്- കുറിഞ്ഞിക്കാവ് വനദുർഗ്ഗാദേവീ ക്ഷേത്രത്തിലാണിത്. ഉത്സവത്തിനോ മറ്റ് ചടങ്ങുകൾക്കോ സ്ത്രീകൾക്ക് താലപ്പൊലിയേന്താൻ അനുവാദമില്ല. വെള്ളമുണ്ടും നേര്യതുമിട്ട് പ്രദേശവാസികളായ 50 പുരുഷന്മാരാണ് ഇത്തവണ താലമേന്തിയത്. രണ്ട് നൂറ്റാണ്ടിലേറെയായി തുടരുന്ന ആചാരമാണിത്. താലപ്പൊലിക്ക് കുറഞ്ഞത് 12 പേരാണ് വേണ്ടത്. പ്രതിഷ്ഠാപീഠത്തിൽ നിന്ന് ദേവിയെ കാവിന് താഴ്ഭാഗത്തായി ഒരുക്കിയ പ്രത്യേക പീഠത്തിലേക്ക് എഴുന്നള്ളിക്കുന്നതിനായാണ് താലം എടുക്കുന്നത്. കുടുംബകാരണവരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിനു ശേഷം താലസദ്യയുമൊരുക്കും. ഭരണി മുതൽ പൂരം വരെയുള്ള 10 ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായാണ് കഴിഞ്ഞ 30ന് താലപ്പൊലി നടന്നത്. ഉത്സവ ദിവസങ്ങളിൽ മാത്രമാണ് ദീപാരാധനയുള്ളത്. രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് പൂജാസമയം. കുഴികണ്ടത്തിൽ കുടുംബ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ചുമതലക്കാർ. വനത്തിൽ രണ്ടേ മുക്കാൽ ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് വിഗ്രഹത്തറ മാത്രമേയുള്ളു. ശ്രീകോവിലോ ചുറ്റുമതിലോ ഇല്ല.

കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രോത്സവത്തിന് പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്ക് എടുക്കുന്നത് പ്രശസ്തമാണ്. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനുള്ള നേർച്ചയാണിത്.

 കാരണം,​ അയ്യപ്പതിന്തകത്തോം

ദേവിയെ എഴുന്നള്ളിച്ച ശേഷം നടക്കുന്ന താലംതുള്ളൽ പ്രധാന ചടങ്ങാണ്. ഒറ്റക്കാലിൽ താലവുമായി ഇരുവശങ്ങളിലേക്കും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അയ്യപ്പതിന്തകത്തോം എന്ന പ്രത്യേക താളത്തിലാണ് ചുവട് വയ്പ്പ്. ശിവപുരാണവുമായി ബന്ധപ്പെട്ട് ശിവകോപം ശമിപ്പിക്കാനെന്ന സങ്കൽപ്പത്തിലാണ് ചടങ്ങ്. ഈ ഐതിഹ്യമുള്ളതിനാലാണ് സ്ത്രീകൾക്ക് താലമെടുക്കാനാകാത്തത്.

''നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കും""

-കെ.ആർ. രമേശ് (മാനേജിംഗ് ട്രസ്റ്റി, കുറിഞ്ഞിക്കാവ് ദേവസ്വം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA