SignIn
Kerala Kaumudi Online
Friday, 05 June 2026 4.43 AM IST

കൂട്ടുകാർ കൈകോർത്തു: ഫുൽവ സ്റ്റാർട്ടപ്പിന് ഹൽവാ മധുരം

READ ENGLISH VERSION

fulva

കോഴിക്കോട്: പഠിച്ചത് കമ്പ്യൂട്ടർ സയൻസും മൾട്ടി മീഡിയയും കൊമേഴ്സും. പക്ഷേ ഹൽവാ മധുരത്തിലായിരുന്നു ചാലിയം സ്വദേശികളും സുഹൃത്തുക്കളുമായ സാനു മുഹമ്മദ്,​ ഷഹബാസ്,​ ഇർഫാൻ,​ തഷ്‌രീഫ് എന്നിവരുടെ ജീവിത വിജയം. രണ്ടുകൊല്ലം മുമ്പ് 30,000 രൂപ വീതം മുടക്കി തുടങ്ങിയ ഹൽവ കമ്പനിയായ 'ഫുൽവ" സ്റ്റാർട്ടപ്പ് ഇന്ന് സൂപ്പർഹിറ്റാണ്.

നിയമസഭ തിരഞ്ഞെടുപ്പിൽ ഫുൽവയുടെ ഹൽവയാണ് സംസ്ഥാനത്തെ കന്നി വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയത്. ഓൺലെെനിലാണ് ആവശ്യക്കാർ ഏറെയുമെത്തുന്നത്. കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങി സംസ്ഥാനത്ത് 10 ഔട്ട്ലെറ്റുകളുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 3.9 കോടിയായിരുന്നു വിറ്റുവരവ്. തൊട്ടുമുമ്പ് 1.34 കോടി. നടപ്പു സാമ്പത്തിക വർഷം 20 കോടിയിലെത്തിക്കാനാണ് ശ്രമം. സ്റ്റാർട്ടപ്പുകളിലടക്കം നിക്ഷേപിക്കുന്ന അമൻ ഗുപ്ത ഷെയർ ഹോൾഡറായതിന്റെ ആത്മവിശ്വാസത്തിലാണ് ഇവർ.

 ജീവിതം മാറ്റിമറിച്ച കാശ്മീർ യാത്ര

കൊവിഡ് ലോക്ക് ഡൗണിനുശേഷം ഷഹബാസ് നടത്തിയ കാശ്മീർ യാത്രയാണ് വഴിത്തിരിവായത്. അവിടെ വച്ച് സൗഹൃദത്തിലായ, കർഷകൻ ഹസൻഭായി കോഴിക്കോടൻ ഹൽവ ആവശ്യപ്പെട്ടു. പഠനകാലത്ത് എറണാകുളത്തെ സഹപാഠികൾ സാനുവിനോടും ഹൽവ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നിർമ്മാണമുൾപ്പെടെ പഠിച്ചു. ഇതിനിടെ നാട്ടിൽ പൂട്ടാനൊരുങ്ങിയ ഹൽവാക്കട ഏറ്റെടുത്തു നടത്തി. പായ്ക്കിംഗ്, കട്ടിംഗ്, ഡെലിവറിയൊക്കെ ആദ്യം സ്വയം ചെയ്തു. ഇപ്പോൾ 45 ജീവനക്കാരുണ്ട്.

fulva
സാനു, ഇർഫാൻ, ഷഹബാസ്, തഷ് രീഫ്

 25 വെറൈറ്റി ഹൽവ

ആരോഗ്യത്തിനു ഹാനികരമല്ലാത്ത നിറങ്ങളും ചേരുവകളുമാണ് ഫുൽവ ഹൽവയിൽ ഉപയോഗിക്കുന്നത്. ബോംബൈ ഹൽവ, ലക്ഷദ്വീപ് ഹൽവ, ബദാം, ടെൻഡർ കോക്കനട്ട്, കാഷ്യു തുടങ്ങി 25 ഇനങ്ങളുണ്ട്. 200 ഗ്രാം പായ്ക്കിനു 199 രൂപ. 490, 800 ഗ്രാം പായ്ക്കുകൾക്ക് യഥാക്രമം 590, 1,100 എന്നിങ്ങനെയാണ് വില. 24 തരം ഹൽവയുള്ള രണ്ടുകിലോ പായ്ക്കിനു 1,500 രൂപ. ഷുഗർ ഫ്രീ ഹൽവയും പ്രോട്ടീൻ ഹൽവയും ഉടൻ ലഭ്യമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HALVA, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA