
കോഴിക്കോട്: മാതൃകയാണ് 'മേട''യിൽ വീട്. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ വീട്. വേങ്ങേരി സ്വദേശി ബാബു പറമ്പത്തിന്റെ സ്വപ്നവീട്. 2030ൽ ലോകത്തെ കാർബൺ ന്യൂട്രലാക്കണമെന്നാണ് യു.എൻ ആഹ്വാനം. ബാബു അത് നടപ്പാക്കി.
'മേട'' ന്യൂട്രലും പിന്നിട്ട് നെഗറ്റീവായി. സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ വീട് ഏതെന്ന് ഗൂഗിളിൽ തെരഞ്ഞാലും ഉത്തരം 'മേട''യായിരിക്കും.
12 സെന്റിൽ 2009ൽ ഓടിട്ട വീട് നിർമ്മാണം തുടങ്ങി. കാർബൺ വലിച്ചെടുക്കാൻ പരമാവധി ചെടികൾ നട്ടു. വെെദ്യുതിക്ക് സോളാർ സ്ഥാപിച്ചു. അധിക വെെദ്യുതി ഗ്രിഡിലേക്ക് നൽകി വർഷം 8,000 രൂപ സമ്പാദിക്കുന്നുണ്ട്. കരിയില കമ്പോസ്റ്റിലൂടെയും അത് കൃഷിക്ക് ഉപയോഗിക്കുന്നതിലൂടെയും പ്രതിവർഷം ഒരു ലക്ഷം വേറെ. 63കാരനായ ബാബു സർക്കാരിന്റെ കാർബൺ ന്യൂട്രൽ പ്രോജക്ടുകളുടെ ഭാഗമാണ്. റിയാദിൽ ഇലക്ട്രിക്കൽ സൂപ്പർവെെസറായിരുന്നു. ബാബു നിറവ് പരിസ്ഥിതി സംഘടന സ്ഥാപകനാണ്. റിട്ടേർഡ് അദ്ധ്യാപിക വത്സലയാണ് ഭാര്യ. മകൻ ഋത്വിക് പറമ്പത്ത് ആർക്കിടെക്ടാണ്.
പകൽ വൈദ്യുതി വേണ്ട
പകൽ വെെദ്യുതി ഉപയോഗിക്കാറില്ല. വെളിച്ചത്തിന് ജനലുകളും വാതിലുകളും തുറന്നിടും. ഉള്ളിയും ഉരുളക്കിഴങ്ങുമൊഴിച്ചുള്ള പച്ചക്കറികൾ കൃഷിചെയ്യും. ബയോ ഗ്യാസ് പ്ളാന്റുമുണ്ട്. അയൽവാസികളുടെ ഭക്ഷണാവശിഷ്ടങ്ങളും ഇതിലുപയോഗിക്കും. കമ്പോസ്റ്റുള്ളതിനാൽ പച്ചക്കറി മാലിന്യമടക്കം ചീയുന്നതിലൂടെയുള്ള കാർബൺ പുറന്തള്ളൽ ഒഴിവാകും. ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. പ്ളാസ്റ്റിക്കടക്കം കത്തിക്കാറില്ല.
കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിച്ച് കേരളത്തെ കാർബൺ ന്യൂട്രലാക്കാനാണ് ശ്രമം
-ബാബു പറമ്പത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |