SignIn
Kerala Kaumudi Online
Monday, 21 September 2026 8.32 PM IST

ഭിന്നശേഷി കുട്ടികൾക്ക് കരുതലാകാൻ റെസ്‌പൈറ്റ് ഹോമുകൾ

handicapped

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് ഏഴു ദിവസ വരെ സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് റെസ്‌പൈറ്റ് ഹോമുകളൊരുക്കും. രക്ഷിതാക്കൾക്ക് ദൂരയാത്രകളോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോൾ കുട്ടികളെ സുരക്ഷിതരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭിന്നശേഷി സൗഹൃദ കേരളം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഒരു കോടിരൂപയുടെ പദ്ധതിയിലൂടെ സംസ്ഥാനത്ത് മൂന്നിടങ്ങളിലായാണ് ഹോമുകൾ ഒരുക്കുന്നത്. തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള അസിസ്റ്റീവ് വില്ലേജുകളുടെ ഭാഗമായാണ് ഹോമുകൾ വരുന്നത്.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കും, ന്യൂറോ ഡെവലപ്പ്മെന്റൽ ഡിസോർഡേഴ്സ് ഉള്ളവർക്കുമാണ് മുൻഗണന. റെസ്‌പൈറ്റ് ഹോമാകുകളിലൊന്ന് കോഴിക്കോട്ടുള്ള പ്രതീക്ഷ ഭവനാണ്. ബാക്കിയുള്ളവ എവിടെ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

അന്തേവാസികൾ വർദ്ധിക്കുന്നതനുസരിച്ച് കൂടുതൽ സൗകര്യങ്ങളും ജീവനക്കാരെയും ഏർപ്പെടുത്തും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 39,10,000 രൂപയ്‌ക്ക് സർക്കാർ ഭരണാനുമതി നൽകി. രണ്ട് ഹോമുകളിലെ ജീവനക്കാരുടെ ശമ്പളത്തിനായി പ്രതിമാസം 5,64,340 രൂപ വിനിയോഗിക്കാനും അനുമതിയായിട്ടുണ്ട്.

 നഴ്സുമാരുടെ മുഴുവൻ സമയ സേവനം

കുട്ടികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഹോമുകളിലൊരുക്കും. ഓരോ കേന്ദ്രത്തിലും മികച്ച പരിചരണം ഉറപ്പാക്കാൻ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള മാനേജർ അല്ലെങ്കിൽ സൂപ്രണ്ടുണ്ടാകും. മുഴുവൻ സമയ സേവനത്തിന് നഴ്സുമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, കെയർടേക്കർമാർ, ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ വിസിറ്റിംഗ് സേവനവും ലഭ്യമാക്കും.

'മൂന്നിടങ്ങളിൽ സെന്ററുകൾ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിലാണ് സെന്ററുകളൊരുക്കുന്നത്".

- ഡോ. അരുൺ എസ്. നായർ,

ഡയറക്ടർ, സാമൂഹ്യക്ഷേമ വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANDICAPPED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA