SignIn
Kerala Kaumudi Online
Saturday, 06 June 2026 2.07 AM IST

ഭായിമാര്‍ മടങ്ങിയെത്താത്ത് കേരളം മടുത്തിട്ടല്ല; കിട്ടിയ അവസരം മുതലാക്കി തിരികെ വന്ന തൊഴിലാളികള്‍

migrant-workers

കൊച്ചി: കേരളത്തിന്റെ നിര്‍മാണ മേഖലയുടെ നട്ടെല്ലാണ് ഭായിമാര്‍. കാലങ്ങളായി സംസ്ഥാനത്ത് ജോലി ചെയ്തിരുന്നവരില്‍ നല്ലൊരു പങ്കും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന വേളയില്‍ നാടുകളിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലേറി മാസം ഒന്നിലേക്ക് അടുക്കുമ്പോള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയത് പകുതിയില്‍ താഴെ തൊഴിലാളികള്‍ മാത്രം. നിര്‍മാണ മേഖലയ്ക്ക് പുറമേ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്നതില്‍ നല്ലൊരു വിഭാഗവും കേരളം വിട്ട മട്ടാണ്.


പാചകവാതക പ്രതിസന്ധിയാണ് ഹോട്ടല്‍ മേഖലയിലെ ഭായിമാര്‍ മടങ്ങിയെത്താതതിന് വലിയ കാരണം. കേരളത്തിലെ നിര്‍മാണ മേഖലയിലെ തൊഴിലാളികളില്‍ കൂടുതല്‍പേരും ബംഗാള്‍, അസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ ക്ഷാമവും അതിന് പുറമേ പ്രാദേശികമായി ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും വന്‍കിട വികസന പദ്ധതികളേയും ചെറുകിട, ഇടത്തരം കരാറുകാരേയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കരാറുകാരുടെ സംഘടനകള്‍ രംഗത്തെത്തി.


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതും അവിടെത്തന്നെ പുതിയ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറച്ചു. നിലവിലുള്ള തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെടുന്നത് ചെറുകിട കരാറുകാരെയും സാധാരണക്കാരായ വീടുപണിക്കാരെയും വലിയ സാമ്പത്തിക ബാധ്യതയിലാക്കുന്നു. മടങ്ങിയെത്തിവര്‍ ഉയര്‍ന്ന കൂലി ചോദിക്കുന്നത് നല്‍കേണ്ടി വരുന്നത് സാധാരണക്കാരേയും കരാറുകാരേയും ഒരുപോലെ ബാധിക്കുകയാണ്.


സര്‍ക്കാര്‍ മാറിയതിനാല്‍ നാട്ടില്‍ മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കുമെന്ന ചിന്തയില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ ഒരു മടക്കം വേണ്ടെന്ന് തീരുമാനിച്ചത് വലിയൊരു വിഭാഗമാണ്. കേരളത്തിലെ നിര്‍മാണ മേഖലയുടെ നട്ടെല്ലായ ഭായിമാരെ തിരികെ എത്തിക്കാന്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ട്രെയിന്‍ ടിക്കറ്റും വഴിച്ചെലവും നല്‍കിയാണ് മുന്നിട്ടിറങ്ങിയത്. കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന ആവശ്യം റെയില്‍വേക്ക് മുന്നില്‍വയ്ക്കുകയും ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുകയുമാണ് ബില്‍ഡര്‍മാര്‍.


കേരളത്തില്‍ നിന്ന് മേസ്തിരിമാരെ ബംഗാളിലേക്കും ബിഹാറിലേക്കും അയച്ചാണ് 'റിക്രൂട്ട്‌മെന്റ്'. എന്നാല്‍ കേരളത്തിന് സമാനമായി തൊഴിലാളി ക്ഷാമം നേരിടുന്ന തമിഴ്‌നാടും കര്‍ണാടകയും ഇപ്പോള്‍ ചെയ്യുന്ന കാര്യം കേരളത്തിന് കനത്ത വെല്ലുവിളിയാണ്. മേസ്തിരിമാരുടെ നേൃത്വത്തത്തില്‍ കേരളത്തിലേക്ക് പുറപ്പെടുന്ന തൊഴിലാളികളെ പാതിവഴിയില്‍ റാഞ്ചുകയാണ് കര്‍ണാടക, തമിഴ്‌നാട് സംഘങ്ങള്‍. അടുത്തിടെ കേരളത്തിലേക്ക് പുറപ്പെട്ട 200 അംഗ സംഘം ട്രെയിന്‍ കേരളത്തിലെത്തിയപ്പോള്‍ പത്തിലൊന്നായി കുറഞ്ഞിരുന്നു.


വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈ വഴിയും മംഗളൂരു വഴിയും കേരളത്തിലേക്ക് വരുന്ന തൊഴിലാളികളെ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ഇത്തരം സംഘങ്ങള്‍ റാഞ്ചുന്നത്. ചെന്നൈ, മംഗളൂരു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ മഴക്കാലത്ത് തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതും ഭായിമാര്‍ക്ക് കേരളത്തോടുള്ള താത്പര്യം കുറച്ചുവെന്നാണ് കണക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, SPECIAL, MIGRANT WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA