
തൃശൂർ: കാട്ടിലെ ജലാശയങ്ങളോട് ചേർന്നുവളരുന്ന പന്നൽച്ചെടിയും ആദിവാസി ഗോത്രവിഭാഗമായ മലയർ സൂപ്പർ അച്ചാറാക്കും. അതിനിപ്പോൾ നാട്ടിൽ ഏറെ പ്രിയം. ആദിവാസികളുടെ ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗ് നൽകുന്ന ഫോറസ്റ്റ് പോസ്റ്റിന്റെ വെബ്‌സൈറ്റ് വഴി വില്പന തകൃതിയാണ്. പണം പ്രതിദിന വരുമാനമായി അവർക്ക്നൽകും.
ഏറെക്കാലമായി കാടിനോടും ഗോത്രവിഭാഗങ്ങളോടും സഹകരിച്ചു പ്രവർത്തിക്കുന്ന ഫോറസ്റ്റ് പോസ്റ്റിന്റെ സ്ഥാപകയായ ഡോ.മഞ്ജു വാസുദേവനാണ് വഴികാട്ടി. കൊടകര മറ്റത്തൂരിലെ കാരിക്കടവ്, ചൊക്കന എന്നിവിടങ്ങളിലും ചിമ്മിനി വനമേഖലകളിലും വളരുന്ന പന്നൽച്ചെടിയാണ് മലയരായ പത്തോളം വനിതകൾ അച്ചാറാക്കി മാറ്റുന്നത്. വനംവകുപ്പ്, യു.എൻ.ഡി.പി, കുടുംബശ്രീ എന്നിവയുടെ സഹായവുമുണ്ട്.
നിർമ്മാണം വെളളികുളങ്ങരയിൽ
പന്നലിന്റെ ഇളംതണ്ടുകൾ വെളളിക്കുളങ്ങരയിലെ കേന്ദ്രത്തിലെത്തിച്ചാണ് നിർമ്മാണം. എള്ളെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, ഉലുവപ്പൊടി, കല്ലുപ്പ് എന്നിവയാണ് മറ്റു ചേരുവ. 210 രൂപയാണ് ഒരു കുപ്പിയുടെ വില. നെല്ലിക്ക ജാം, ശതാവരി ഉത്പന്നങ്ങൾ, തേൻമെഴുകിന്റെ സോപ്പുകൾ, മോസ്ചറൈസർ തുടങ്ങിയവയും നിർമ്മിക്കുന്നുണ്ട്. എള്ളെണ്ണ ഉപയോഗിച്ച് അപൂർവമായ കേശതൈലവും ഉണ്ടാക്കാറുണ്ട്.
എല്ലാ പന്നൽ ചെടിയും ഭക്ഷ്യയോഗ്യമല്ല
എല്ലാ വിഭാഗത്തിൽപ്പെട്ട പന്നൽ ചെടികളും ഭക്ഷ്യയോഗ്യമല്ല. ഒരിക്കൽ വളർന്നാൽ പെട്ടെന്നുതന്നെ വ്യാപിച്ച് വളരും. മരങ്ങളുടെ പുറംതൊലിയിലും വളരും. വയൽ, തോടുകൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലും വളരും. പൂക്കളും വിത്തുകളും ഇല്ലാത്ത സസ്യങ്ങളാണിവ. കേരളത്തിലുള്ളത് 260 ലേറെ പന്നൽ വർഗങ്ങൾ. അച്ചാറാക്കുന്ന പന്നലിന്റെ ശാസ്ത്രീയനാമം ഡിപ്‌ളേസിയം എസ്‌ക്യുലെന്റം
'വളരുന്ന സാഹചര്യമനുസരിച്ച് ഗുണങ്ങളിൽ വ്യത്യാസമുണ്ടാകും. ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു.'- ഡോ. പി.സുജനപാൽ,വിൽവികൾച്ചർ വകുപ്പ്മേധാവി,കേരള ഫോറസ്റ്റ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |