
പുൽപ്പളളി: വയനാടിന്റെ ജീവജലമായ കബനി നദിയെ
പ്രയോജനപ്പെടുത്താതെ കേരളം. എന്നാൽ, കുടിവെള്ളത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗപ്പെടുത്തി അതിനെ കാമധേനുവാക്കി കർണാടകം. വയനാട്ടിൽ ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദിയാണ് കബനി.
ഇതിലെ ജലം സംഭരിച്ച് ജലസേചനത്തിന് ഉപയോഗിക്കാൻ കേരളം താത്പര്യം കാട്ടുന്നില്ല. അതിനാൽ, കറുത്ത പൊന്നിന്റെ നാടെന്ന് പേരുകേട്ട പുൽപ്പള്ളിയിൽ കുരുമുളക് തോട്ടങ്ങൾ കരിഞ്ഞുണങ്ങി. നെല്ലറയെന്ന് പേരുകേട്ട ചേകാടിയും വരൾച്ചയിലായി. 2016ൽ ഉണ്ടായ കൊടുംവരൾച്ചയിലേക്കാണ് നാട് നീങ്ങുന്നത്.
നിറഞ്ഞു കവിഞ്ഞ് കിഴക്കോട്ടൊഴുകിയിരുന്ന കബനിയായിരുന്നു മുള്ളൻകൊല്ലി, പുൽപ്പളളി പ്രദേശങ്ങൾക്ക് ജീവജലം നൽകിയിരുന്നത്. രണ്ട് പഞ്ചായത്തുകളിലായി 5524.33 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചു. നാലായിരത്തോളം കർഷകരെ വരൾച്ച ബാധിച്ചു. മുപ്പത് കോടി രൂപയുടെ നഷ്ടമുണ്ടായി.
കബനിയിലേക്ക് വന്നുചേരുന്ന കന്നാരം പുഴയിലും കടമാൻ തോട്ടിലും മുദ്ദള്ളി തോട്ടിലും ജലസേചന സൗകര്യത്തിനായി 20 ഓളം ചെക്ക് ഡാമുകളുണ്ടെങ്കിലും മിക്കതിലും ഷട്ടറുകൾ ഇല്ല.അതെല്ലാം കബനിയിലേക്ക് ഒഴുകി കർണാടകയിൽ എത്തും.
ഇവിടെ കുടിവെള്ള ക്ഷാമം
അവിടെ കറന്റ് ഉത്പാദനം
1.കബനിയിലൂടെ ഒഴുകിയെത്തുന്ന ജലം അതിർത്തിയിൽ വച്ചുതന്നെ കർണാടക ബീച്ചനഹള്ളി ഡാമിൽ സംഭരിക്കും. വേനൽ കടുക്കുന്നതോടെ അവിടത്തെ കൃഷി ആവശ്യങ്ങൾക്ക് തുറന്നുവിടും.കേരളത്തിന്റെ ഭാഗത്തുള്ള കബനിയിലെ ജലനിരപ്പ് കുത്തനേ താഴും. വയനാടിന് അത് പ്രഹരമാവും.
2.കബനിയിലെ ജലം ഉപയോഗിച്ച് കർണാടക ബീച്ചനഹള്ളി അണക്കെട്ട് വഴി രണ്ട് വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കുന്നു. 3,45,729 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുന്നു.ബംഗളൂരു,മൈസൂരു എന്നിവിടങ്ങളിലെ കുടിവെള്ളവും കബനിയിലെ ജലം ഉപയോഗിച്ചാണ്. കബനി ഉത്ഭവിക്കുന്ന വയനാട്ടിലുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു
14,546 ടി.എം.സി
ബീച്ചനഹളളി അണക്കെട്ടിൽ
കർണാടക സംഭരിക്കുന്ന
കബനിയിലെ ജലം
105 ടി.എം.സി
കർണാടകയിലെ
കാവേരി നദിയിലേക്ക്
ഒഴുകുന്ന കബനിയിലെ ജലം
55 ലക്ഷം ലിറ്റർ
കബനിയിൽ നിന്ന് കുടിവെള്ളമായി
വയനാട് പ്രയോജനപ്പെടുത്തുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |