SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

1000 കോടിയുടെ ജുഡിഷ്യൽ സിറ്റി നിയമപ്രശ്നങ്ങളിൽ കുടുങ്ങി നിശ്ചലം

judi-city

കൊച്ചി: ഹൈക്കോടതി അടക്കം മാറ്റി സ്ഥാപിക്കാൻ രൂപകല്പന ചെയ്ത കളമശേരിയിലെ നിർദ്ദിഷ്ട ജുഡിഷ്യൽ സിറ്റി നിയമക്കുരുക്കിലായതോടെ പദ്ധതി എങ്ങുമെത്തിയില്ല. സ്ഥലമേറ്റെടുപ്പിലെ നിയമപ്രശ്നങ്ങളും ഭൂമിവില നിർണയവും സുപ്രീം കോടതിയിൽ എത്തിനിൽക്കുകയാണ്. കേസ് അന്തിമ വാദത്തിന് മാറ്റിയിരിക്കുകയാണ്. രണ്ടു പ്രശ്നങ്ങൾക്കാണ് പരിഹാരം കാണേണ്ടത്.

ഹൈക്കോടതിയും അനുബന്ധ നിയമസേവനങ്ങളും കളമശേരിയിലേക്ക് മാറ്റാനുള്ള പദ്ധതിക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്.എം.ടി) 27 ഏക്കറാണ് കണ്ടുവച്ചിരിക്കുന്നത്.

എച്ച്.എം.ടിയുടെ അധീനതയിലുണ്ടായിരുന്ന 900 ഏക്കറിൽ നിന്ന് 400 ഏക്കർ പഴയ രീതിയിൽ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കമാണ് നിയമക്കുരുക്കിൽപ്പെട്ടത്. ഭൂപരിഷ്കരണ നിയമം ബാധകമായ തീയതിക്ക് ശേഷം എച്ച്.എം.ടിക്ക് അനുവദിച്ച സ്ഥലമായതിനാൽ അത്തരത്തിൽ ഏറ്റെടുക്കാനാകില്ലെന്ന് 2014ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ സർക്കാരിന്റെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്. തത്‌സ്ഥിതി തുടരാനുള്ള 2016ലെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുണ്ട്.

ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപഹർജിയിൽ എച്ച്.എം.ടി സ്വീകരിച്ച നിലപാടാണ് രണ്ടാമത്തെ പ്രശ്നം. 2014-ലെ അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നൽകാമെന്ന സർക്കാർ നിർദ്ദേശത്തെ എതിർത്തുകൊണ്ടാണ് എച്ച്.എം.ടി സത്യവാങ്മൂലം നൽകിയത്. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടപരിഹാരം വളരെ കുറവാണെന്നും ഉയർത്തണമെന്നുമാണ് വാദം. ഹൈക്കോടതി സമുച്ചയം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സാഹചര്യം ബോദ്ധ്യപ്പെടുത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നേരത്തെ സീപോർട്ട് - എയർപോർട്ട് റോഡിനും കിൻഫ്ര ഗസ്റ്റ് ഹൗസിനും വേണ്ടി എം.എച്ച്.ടി ഭൂമി ഏറ്റെടുക്കാൻ കോടതി അനുവദിച്ചിരുന്നു. സ്ഥലവില ഉയർത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചാൽ ഖജനാവിന് അധികബാദ്ധ്യതയാകും.

മൂന്ന് ടവറുകൾ, 12 ലക്ഷം ചതുരശ്രയടി

12 ലക്ഷം ചതുരശ്രയടി സമുച്ചയമാണ് നിർമ്മിക്കുന്നത്. സ്ഥലമെടുപ്പിനും നിർമ്മിതികൾക്കുമായി 1000 കോടി രൂപയാകും. മൂന്ന് ടവറുകൾ ഉണ്ടാവും. പ്രധാന ടവറിൽ 7 നിലകളും മറ്റുള്ളവയിൽ 6 നിലകൾ വീതവും. 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്, ഭരണ വിഭാഗം ആർബിട്രേഷൻ സെന്റർ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ തുടങ്ങിയവയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA