
കൊച്ചി: ക്ഷേത്രങ്ങളിൽ പലതും ചോർന്നൊലിക്കുന്നു. നിത്യച്ചെലവ് തട്ടിമുട്ടി. അഞ്ചു വർഷമായി പെൻഷൻ കൊടുത്തിട്ട്. ഈ സ്ഥിതിയിലും കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടേഷനിൽ വന്ന പുതിയ കമ്മിഷണറുടെ സുഖസൗകര്യങ്ങൾക്ക് ചെലവിട്ടത് 50 ലക്ഷം രൂപ. പുത്തൻ കാറിനും ക്വാർട്ടേഴ്സ് മോടി പിടിപ്പിക്കാനുമാണ് അരക്കോടി പൊട്ടിച്ചത്.
എ.സിയും ടി.വിയും കട്ടിലും സ്റ്റൗവും അടുക്കളപ്പാത്രങ്ങളും ഹീറ്ററും വരെ ഭക്തരുടെ ചെലവിലാണ് വാങ്ങിയത്. ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിയുടെ ചെലവ് താമസക്കാർ വഹിക്കണമെന്നാണ് ദേവസ്വം ചട്ടം. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി എസ്.ആർ. ഉദയകുമാർ നാലുമാസം മുമ്പാണ് കമ്മിഷണറായി ചുമതലയേറ്റത്.
മുൻ കമ്മിഷണർക്ക് വേണ്ടി വാങ്ങിയ നാലു വർഷം മാത്രം പഴക്കമുള്ള ഫോർഡ് എസ്കോർട്ടിന് പകരം 17 ലക്ഷത്തിന്റെ മാരുതി എസ് ക്രോസ് വാങ്ങി. പുതിയ കാർ ഇന്നോ നാളെയോ എത്തും. തൃശൂരിലെ ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിക്ക് 26 ലക്ഷം ചെലവായി. പാലുകാച്ചൽ രണ്ടാഴ്ച മുമ്പായിരുന്നു. ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തു.
മുൻ കമ്മിഷണർമാരെല്ലാം വാടകവീടുകളിലായിരുന്നു താമസം. ദേവസ്വത്തിന് ഇരുപത് ക്വാർട്ടേഴ്സുകൾ തൃശൂർ നഗരമദ്ധ്യത്തിലുണ്ട്. ഏറെയും ജീർണാവസ്ഥയിലാണ്. ഇത്രയും പണമുപയോഗിച്ചിരുന്നെങ്കിൽ അവയിൽ കുറച്ചെങ്കിലും രക്ഷപ്പെട്ടേനെ.
ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശന്റെ കാലാവധി കഴിഞ്ഞമാസം തീർന്നു. രണ്ട് മെമ്പർമാരുടെയും കാലാവധി അടുത്ത തിങ്കളാഴ്ച തീരും. ബോർഡിന്റെ കീഴിൽ 409 ക്ഷേത്രങ്ങളുണ്ട്.
പോസ്റ്റിട്ട അസിസ്റ്റന്റിന് സസ്‌പെൻഷൻ
കമ്മിഷണറുടെ ആർഭാടത്തെക്കുറിച്ച് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട എറണാകുളം ശിവക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് എസ്. അഭിലാഷിനെ ഫെബ്രു. 18ന് സസ്പെൻഡു ചെയ്തു. കമ്മിഷണറെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ചെന്നാണ് കുറ്റം.
വീട്ടുപകരണങ്ങൾ ഉൾപ്പെട ഭക്തരുടെ ചെലവിൽ വാങ്ങിയത് അനീതിയാണ്. ധൂർത്തിനെതിരെ നടപടി വേണം.
ആർ.വി.ബാബു,
പ്രസിഡന്റ്, ഹിന്ദു ഐക്യവേദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |