കൽപ്പറ്റ: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് സർജിക്കൽ വാർഡ്. പയ്യമ്പളളി കൂടൽക്കടവ് ചെമ്മാട് ആദിവാസി ഉന്നതിയിലെ മാതൻ(48) ഇവിടെ വേദനകൊണ്ട് പുളയുന്നു. ഇടതുവലത് വശങ്ങൾ ചേർന്നുകിടക്കണമെന്നുണ്ട്. ആവുന്നില്ല. കമിഴ്ന്ന് ഒരേ കിടപ്പ്. 'സാരമില്ല,വേഗം സുഖമാകും'. ഭാര്യ ചിന്നുവിന്റെ ആശ്വാസവാക്കുകൾ. ചിന്നുവിന് ആ ശരീരം ഒന്ന് തലോടാൻ പോലും കഴിയുന്നില്ല. എവിടെ തടവിക്കൊടുക്കും? ശരീരത്തിലെങ്ങും പരിക്കുകളാണ്. പല ഭാഗത്തും മാംസവുമില്ല. ചോര പൊടിയാത്ത ഇടമില്ല. കഴിഞ്ഞ ഞായറാഴ്ച നാല് യുവാക്കൾ കാറിലെത്തി റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ആനന്ദം കണ്ടെത്തിയതിന്റെ ഇരയാണ് ഈ കിടക്കുന്നത്.
യുവാക്കളുടെ ക്രൂരതയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മാതനെ കാണാൻ ആളുകൾക്കൊരു കുറവുമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശകരുടെ ഒഴുക്ക്. വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കൾവരെ ആക്കൂട്ടത്തിലുണ്ട്. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിച്ചാണ് ഏവരുടെയും മടക്കം. മാതൻ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ദിവസം അഞ്ചാവുന്നു. സന്ദർശകരോട് സംഭവം വിവരിക്കാൻ മാതന് തീരെ വയ്യ. അന്നന്നത്തെ അഷ്ടിക്കുളള വകയ്ക്കായി അലയുന്നവരിൽ ഒരാളായിരുന്നു മാതനും. മാതൻ കിടപ്പിലായതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. മാതന്റെ കുടുംബം മാത്രമല്ല സഹോദരങ്ങളുടെ കുടുംബങ്ങളും. എല്ലാവരും മാറി മാറി മെഡിക്കൽ കോളേജിൽ മാതന് കൂട്ടിരിക്കാൻ എത്തുന്നു. പിന്നെങ്ങനെ പണിക്ക് പോകും?.
ഉറക്കംതൂങ്ങിയ മിഴികളുമായി മാതനെ പരിചരിച്ച് ഓരം ചേർന്നിരിക്കുന്ന ചിന്നുവിനോട് ചോദിച്ചു.
''ആരെങ്കിലും എന്തെങ്കിലും സഹായിച്ചോ?.''
''തന്നു,മൂവായിരം രൂപ. ട്രൈബൽ വകുപ്പുകാരാണ് കൊണ്ടുവന്നു തന്നത്. അതുകൊണ്ട് എന്താകാനാ.എത്ര ദിവസമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. എനിക്കാണെങ്കിൽ നടുവേദന. ജോലിക്ക് പോകാൻ പറ്റില്ല. മൂന്ന് കുട്ടികളാണ്. ഈ മനുഷ്യൻ കൂലിപ്പണിക്ക് പോയിട്ടാണ് എല്ലാം നടത്തിയിരുന്നത്. ഇപ്പോൾ അതും നിലച്ചു.''
മാതനോടൊപ്പം എപ്പോഴുമുളളത് സഹോദരൻ വിനുവാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട് വിനുവിനും. കൂലിപ്പണിയാണ്. മാതൻ ആശുപത്രിയിലായ അന്നുമുതൽ ഇവിടെത്തന്നെ. 200 രൂപ കടം വാങ്ങിയാണ് വിനു ഇന്നലെ ആശുപത്രിയിലേക്ക് ഓടിക്കിതച്ചെത്തിയത്.
'വീട്ടിലെ വൈദ്യുതി ബില്ലടക്കാനുളള അവസാന തീയതി കഴിഞ്ഞു. കറണ്ട് കട്ട് ചെയ്യുമായിരിക്കും.' വിനു പറഞ്ഞു.
മന്ത്രിയും വന്നുപോയി
പട്ടികവർഗക്ഷേമ മന്ത്രി ഒ.ആർ.കേളു തിങ്കളാഴ്ച വന്നുപോയി. വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ചികിത്സാവിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. ഇനിയും പലരും വരും, പോകും. അപ്പോഴും മാതന്റെയും കൂടപ്പിറപ്പുകളുടെയും കുടുംബങ്ങൾ ആലോചിക്കുന്നത് ഇനി എങ്ങനെ ജീവിക്കുമെന്നാണ്. അദ്ധ്വാനിച്ച് കുടുംബം പുലർത്തേണ്ട വ്യക്തിയാണ് ഒരേയൊരു കിടപ്പ് കിടക്കുന്നത്. എങ്ങനെ സഹിക്കും? ആശ്വാസവാക്കുകൾ വയറ് നിറയ്ക്കുമോ?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |