SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.53 PM IST

എൽ.ഡി.സി ചോദ്യപേപ്പർ തലേന്ന് സൈറ്റിൽ: ആലപ്പുഴ, പാലക്കാട് പരീക്ഷയിലും മാജിക്,​ ഒക്ടോബർ 5ലെ ടൈം സ്റ്റാമ്പ് മാറ്റി

d

തിരുവനന്തപുരം: സെപ്തംബർ 7 ന് നടന്ന ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും തലേദിവസം ഔദ്യോഗിക വെബ്സൈറ്റിൽ വന്നതായി കണ്ടെത്തി. കേരളകൗമുദി കഴിഞ്ഞദിവസങ്ങളിൽ പുറത്തുവിട്ട അതേ തകരാറാണ് ഇവിടെയും കാണുന്നത്. സംഭവം വിവാദമായതോടെ ഒക്ടോബർ 5 ന് നടന്ന എറണാകുളം, വയനാട് ജില്ലകളിലെ ചോദ്യപ്പേപ്പർ അപ്‌ലോഡ് ചെയ്ത തീയതി വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി.

അതിനിടെ,​ ഇന്നലെ നടന്ന കേരള പി.എസ്.സി യോഗത്തിൽ കേരളകൗമുദി റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചു. സെപ്തംബർ 28, ഒക്ടോബർ 5 തീയതികളിൽ നടന്ന എൽ.ഡി ക്ലർക്ക് പരീക്ഷകളുമായി ബന്ധപ്പെട്ട പിഴവാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളകൗമുദി പുറത്തുകൊണ്ടുവന്നത്. പി.എസ്.സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന സംഭവത്തിനുപിന്നിലെ വസ്തുത ഇപ്പോഴും കാണാമറയത്താണ്. ഗൂഗിളിന്റെ ടൈം സ്റ്റാമ്പിൽ മാറ്റം വന്നതാണ് പിഴവിനു കാരണമെന്നാണ് പബ്ലിക് സർവ്വീസ് കമ്മിഷൻ യോഗത്തിൽ ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം. ചോദ്യപ്പേപ്പർ സൈറ്റിൽ അപ്‌ലോഡ് ചെയ്തശേഷം ടൈം സ്റ്റാമ്പിലുണ്ടായ വ്യത്യാസം കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്തത് സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചയാണെന്നും വിലയിരുത്തലുണ്ട്.

മാദ്ധ്യമ പ്രവർത്തകരോട് മിണ്ടരുത്!

പി.എസ്.സി അംഗങ്ങളും സെക്രട്ടറിയുമടക്കമുള്ളവർ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്ന് ചെയർമാൻ ഡോ. എം.ആർ. ബൈജു താക്കീത് നൽകിയതായി അറിയുന്നു. കമ്മിഷന്റെ സംശയങ്ങൾ ചോദിക്കാൻ പി.ആർ.ഒയെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണ് മാദ്ധ്യമങ്ങളുടെ സംശയങ്ങൾക്കുമുന്നിലും കമ്മിഷൻ വാതിലടയ്ക്കുന്നത്.


വാർത്തക്കെതിരെ നടപടിയെന്ന്

ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ തലേദിവസം ഔദ്യോഗിക സൈറ്റിൽ വന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പി.എസ്.സിയുടെ ഹൈക്കോടതി അഭിഭാഷകൻ പി.സി. ശശിധരനെ കമ്മിഷൻ ചുമതലപ്പെടുത്തി.

വെബ്സൈറ്റിലെ മാജിക്


ഇന്നലെ വൈകിട്ട് 7.30 ഓടെ എറണാകുളം, വയനാട് ജില്ലകളിലെ ചോദ്യപേപ്പറിന്റെ ടൈം സ്റ്റാമ്പ് അപ്രത്യക്ഷമായി. രണ്ടുമണിക്കൂറിനുശേഷം ചോദ്യപേപ്പർ പിൻവലിച്ചെങ്കിലും രാത്രി 10 മണിയോടെ അത് വീണ്ടും പ്രത്യക്ഷമായി! ഉത്തരസൂചികയുടെ ടൈം സ്റ്റാമ്പ് മാറ്റിയിട്ടില്ല. 2 days ago എന്നാണ് ഇന്നലെ കാണിച്ചത്. കോട്ടയം,കോഴിക്കോട് ജില്ലകളിലേക്ക് 28 ന് നടന്ന എൽ.ഡി.സി പരീക്ഷയിലെ ചോദ്യപേപ്പറും ഉത്തരസൂചികയും പോസ്റ്റ് ചെയ്ത ടൈം സ്റ്റാമ്പിൽ തന്നെ തുടരുകയാണ്. ആലപ്പുഴ, പാലക്കാട് ജില്ലകളിലെ സമയവും മാറ്റിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA