
തിരുവനന്തപുരം: 'ഒരിക്കൽക്കൂടി ആ സ്വർണ്ണക്കപ്പൊന്നു കാണണം. ഒന്നു തൊടണം. അത്രയേയുള്ളൂ എനിക്ക് ആഗ്രഹം." 82 കാരനായ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ഇതു പറയുമ്പോൾ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണുകളിൽ ഈറൻ പടരുന്നു. സ്കൂൾ കലോത്സവത്തിന്റെ മുഖ്യ ആകർഷണമായ 117 പവൻ സ്വർണക്കപ്പിന്റെ ശില്പിയാണ് ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ.
സ്വർണക്കപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളുമൊക്കെ ഇപ്പോഴും അദ്ദേഹത്തിന്റെ പക്കൽ നിധിപോലെയുണ്ട്. തിരുവനന്തപുരത്ത് കലോത്സവം നടക്കുന്നതുകൊണ്ടാണ് താൻ രൂപകല്പന ചെയ്തൊരുക്കിയ കപ്പ് കാണാൻ അദ്ദേഹം കൊതിക്കുന്നത്. പക്ഷേ, സംഘാടകരാരും ഇതുവരെ ശ്രീകണ്ഠൻ നായരെ ക്ഷണിച്ചിട്ടില്ല. കാസർകോടു നിന്ന് ആരംഭിച്ച സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് നഗരത്തിലെ ആദ്യ സ്വീകരണം പട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് വൈകിട്ട് നടക്കും. കുറച്ചുമാറി കേശവദാസപുരം പിള്ളവീട് ലൈനിലാണ് ശ്രീകണ്ഠൻനായർ കഴിയുന്നത്. അധികാരികളൊന്നും മനസുവച്ചാൽ വയോധികനായ ശില്പിയുടെ അഭിലാഷം നിറവേറും.
മടക്കിവച്ച പുസ്തകത്തിനു മീതെ, വളയിട്ട കൈയിൽ ഉയർന്നുനിൽക്കുന്ന വലംപിരിശംഖ്. ഇതാണ് കലോത്സവ കപ്പ്. 1986ലാണ് വിദ്യാഭ്യാസ വകുപ്പിൽ കലാദ്ധ്യാപകനായിരുന്ന ചിറയൻകീഴ് ശ്രീകണ്ഠൻ നായർ കപ്പ് രൂപകല്പന ചെയ്തത്. കപ്പിലെ ശംഖ് നാദത്തെയും പുസ്തകം അറിവിനെയും കൈകൾ അദ്ധ്വാനത്തെയും ഏഴു വളകൾ ഏഴു രാഗത്തെയും പ്രതിനിധാനം ചെയ്യുന്നു- ശ്രീകണ്ഠൻനായർ പറഞ്ഞു
എറണാകുളം മഹാരാജാസിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ വിജയികൾക്ക് സ്വർണക്കപ്പ് സമ്മാനിക്കുന്നത് കണ്ടപ്പോഴാണ് കവി വൈലോപ്പിള്ളി ശ്രീധരമേനോന് കലോത്സവത്തിന് സ്വർണക്കപ്പ് എന്ന ആശയം ഉദിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബ് കവിയുടെ ആശയത്തിന് ആവിഷ്കാരമൊരുക്കാൻ തീരുമാനിച്ചു. രൂപകല്പനാദൗത്യം കാവ്യചിത്രങ്ങളൊരുക്കുന്നതിൽ അഗ്രഗണ്യനായ ശ്രീകണ്ഠൻ നായരിലെത്തി.
101 പവൻ കരുതിയിരുന്ന കപ്പ് പണിതുവന്നപ്പോൾ 117 പവൻ കവിഞ്ഞു.
കേരളകൗമുദിയുടെ ഉറ്റ ബന്ധു
കവിതകൾ ചിത്രങ്ങളാക്കുന്ന കാവ്യചിത്രകലയിലൂടെയാണ് ശ്രീകണ്ഠൻ നായർ ശ്രദ്ധിക്കപ്പെട്ടത്.
ദീർഘനാൾ കേരളകൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളുടെ ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു. 'കേരളകൗമുദിയാണ് എന്നിലെ കലാകാരനെ വളർത്തിയത്"- അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
'ഇത്തവണ തിരുവനന്തപുരത്താണ് കലോത്സവം എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി.എന്നെ ക്ഷണിക്കുമെന്ന് കരുതി ഉണ്ടായില്ല. ഇനിയെങ്കിലും വിളിക്കുമായിരിക്കും"- ഇപ്പോഴും പ്രതീക്ഷയിലാണ് ശ്രീകണ്ഠൻ നായർ.
ശ്രീകണ്ഠൻ നായരെ കലോത്സവത്തിന്റെ ഏതെങ്കിലും ഒരു വേദിയിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്
- വി.ശിവൻകുട്ടി, വിദ്യാഭ്യാസമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |