ഏരിവിലും ഗുണത്തിലും ഏറ്റവും മുന്നിലാരെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. കാന്താരി. കേരളത്തിലെ വിപണിയിൽ ഇന്ന് ഒരു കിലോ കാന്താരി മുളകിന് 600 രൂപ മുതൽ 800 രൂപ വരെ ലഭിക്കുന്നുണ്ട്. ഓൺലൈൻ സ്‌റ്റോറുകളിലാകട്ടെ വില ഇനിയും ഉയരും. അതുകൊണ്ട് തന്നെ നമുക്ക് വീടുകളിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കൃഷികളിൽ ഒന്നാണിത്. കാന്താരി മുളക് വീട്ടിൽ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകൾ ശേഖരിച്ച് ഒരു പേപ്പർ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളിൽ നന്നായി അമർത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസൽ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തിൽ ശേഖരിക്കുക. അതിലേക്ക് 60 70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക.
പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തിൽത്തന്നെ വയ്ക്കുക. തുടർന്ന് വിത്ത് കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കണം. വീണ്ടും ഒരുതവണ പച്ചവെള്ളത്തിൽക്കൂടി വിത്ത് കഴുകണം. വിത്ത് കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഗ്ലൗസ് ധരിച്ച ശേഷമാകണം വിത്ത് കഴുകുന്നത്. കഴുകി വൃത്തിയാക്കിയ വിത്ത് അൽപ്പം ചാരംചേർത്ത് ഇളക്കണം. തുടർന്ന് അവ തണലിൽ ഉണങ്ങാൻ ഇടണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം. ഇതിനായി തടം തയ്യാറാക്കണം. മണൽ, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേർത്ത് ഇളക്കി വേണം തടം തയ്യാറാക്കാൻ. തടങ്ങളിൽ വിത്തുപാകി വളരെ നേരിയ രൂപത്തിൽ മണ്ണ് വിതറണം.
വിത്തുപാകിക്കഴിഞ്ഞാൽ നനയ്ക്കാൻ മറക്കരുത്. നനയ്ക്കമ്പോൾ വിത്ത് തടങ്ങളിൽനിന്ന് തെറിച്ചു നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂർ ഇടവിട്ട് വെള്ളം നയ്ക്കണം. അഞ്ചോ ആറോ ദിവസം കഴിയുമ്പോഴേക്കും വിത്ത് മുളയ്ക്കും. മുളച്ച് മൂന്നാം ഇല വന്നാൽ തൈ പറിച്ചുനടാം. വാണിജ്യാടിസ്ഥാനത്തിൽ കാന്താരി മുളക് കൃഷിചെയ്യമ്പോൾ 40 സെ. മീ. ഇടയകലത്തിൽ വേണം തൈകൾ നടാൻ.
തൈ നടാനായി തയ്യാറാക്കുന്ന കുഴികളിൽ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി അല്ലെങ്കിൽ 500 ഗ്രാം ആട്ടിൻവളം എന്നിവ ചേർക്കണം. വളർച്ച എത്തുന്നതുവരെ എല്ലാ ദിവസവും വെള്ളം നയ്ക്കുന്നതാണ് നല്ലത്. പറിച്ചു നട്ട് മൂന്നാം മാസം മുതൽ കാന്താരി മുളക് പൂവിടും. മറ്റ് മുളകുകളിൽനിന്ന് വ്യത്യസ്തമായി കാന്താരി മുളകിന്റെ പൂവ് ഭൂമിക്ക് അഭിമുഖമായാണ് വിരിഞ്ഞുനിൽക്കുക. മുളകാവട്ടെ ഭൂമിക്ക് എതിരായി മുകളിലോട്ടും വളരും.
കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാദ്ധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്നതാണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താൽ മതി.
കാന്താരി മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്. ചുരുണ്ടുനിൽകുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചു കൊടുത്താൽ ഇല ചുരുളൽ പൂർണമായും മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചുകൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും. കാന്താരിമുളകിന്റെ നഴ്സറി തയ്യാറാകുന്നത് ജനുവരി മാർച്ചിലായാൽ തുടർന്നുള്ള മാസങ്ങളിലെ ജലസേചന പ്രയാസം ഒഴിവാക്കാൻ സാധിക്കും.
When it comes to spice and health benefits, Bird's Eye Chili (Kanthari Mulaku) is unmatched. In Kerala, it fetches a high market price of ₹600 to ₹800 per kg, and even more on online stores.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |