എലപ്പുള്ളി: ഇത്തവണത്തെ ഓണം പുഷ്പ വിപണി കയ്യടക്കാനുള്ള ഒരുക്കത്തിലാണ് എലപ്പുള്ളി. ഇതിനായി വിവിധ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ എലപ്പുള്ളിയിൽ ചെണ്ടുമല്ലി നടീൽ തുടങ്ങി. ഹോർട്ടികൾച്ചറൽ കോർപ്പറേഷന്റെയും കർഷക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. റെക്കാർഡ് ഉത്പാദനം ലക്ഷ്യമിട്ട് ഇത്തവണ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്.
പൂക്കൾക്കായി തമിഴ്നാട്ടിനെ ആശ്രയിച്ചിരുന്ന പാലക്കാടിന്റെ ചരിത്രം മാറ്റിയെഴുതിയത് എലപ്പുള്ളിയാണ്. 2021 ലാണ് ഇവിടെ വ്യവസായ അടിസ്ഥാനത്തിൽ പുഷ്പ കൃഷി ആരംഭിച്ചത്. ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി തുടങ്ങിയത്. പരീക്ഷണം വിജയകരമായതോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു.
എലപ്പുള്ളിക്ക് പുറത്തും പൂക്കൾ വിൽപ്പന നടത്തി തുടങ്ങി. പുഷ്പകൃഷിയിലെ എലപ്പുള്ളി മാതൃക ഇതര പഞ്ചായത്തുകളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ വർഷം എലപ്പുള്ളി കൃഷി ഭവൻ പരിധിയിൽ 25ഏക്കർ സ്ഥലത്താണ് പുഷ്പകൃഷി ചെയ്തത്. ഉദ്പാദിപ്പിച്ച പുഷ്പങ്ങളെല്ലാം വിറ്റഴിക്കാനും കഴിഞ്ഞു. ഇതുവരെ കർഷകർ നേരിട്ടാണ് കൃഷിയിറക്കിയിരുന്നതെങ്കിൽ ഇത്തവണ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷക കൂട്ടായ്മകളാണ് കൃഷിയിറക്കുന്നത്. എലപ്പുള്ളിയിൽ നടന്ന ചെണ്ടുമല്ലി നടീൽ ഉത്സവം സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ എസ്.സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചിറ്റൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബി.എസ്.വനോദ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഗ്രീണ എന്നിവർ സംസാരിച്ചു.
കെ.ആർ.സുരേഷ്‌കുമാർ (ചിറ്റൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്): ഇത്തവണ കർഷകർ സംഘടിതമായാണ് പുഷ്പ കൃഷിയിറക്കുന്നത്. നല്ല വിളവെടുപ്പ് പ്രതീക്ഷിക്കുന്നു. തമിഴ്നാട് പുഷ്പങ്ങൾ വിപണി കീഴടക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും. ഓണം വിപണി എലപ്പുള്ളിയിലെ പുഷ്പങ്ങൾ കീഴടക്കുമെന്നതിൽ സംശയമില്ല.
Elappully is gearing up to dominate this year's Onam flower market, with marigold cultivation now underway. Various farmer groups have begun planting marigolds across the region to meet the expected surge in demand during the Onam season.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |