വടക്കഞ്ചേരി: വർഷങ്ങളായുള്ള വിലത്തകർച്ചയ്ക്ക് ശേഷം റബ്ബറിന് വീണ്ടും മെച്ചപ്പെട്ട വില ലഭിച്ചതോടെ വടക്കഞ്ചേരി മലയോര മേഖലയുൾപ്പെടെ പാലക്കാട് ജില്ലയിലെ റബർതോട്ടങ്ങളിൽ ആവർത്തനക്കൃഷിക്കുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്.ഉൽപ്പാദനക്ഷമത കുറഞ്ഞ പഴയ മരങ്ങൾ വെട്ടിമാറ്റി ഉയർന്ന വിളവ് നൽകുന്ന പുതിയ ക്ലോണുകൾ നട്ടുപിടിപ്പിക്കാനുള്ള തിരക്കിലാണ് കർഷകർ. എന്നാൽ വില ഉയർന്നതിനൊപ്പം കുത്തനെ വർദ്ധിച്ച ഉൽപ്പാദനച്ചെലവും കേന്ദ്രാനുമതി ലഭിക്കാത്ത സഹായപദ്ധതികളും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
പതിറ്റാണ്ടുകളായി ടാപ്പിംഗ് നടത്തി ഉൽപ്പാദനം കുറഞ്ഞ മരങ്ങളാണ് പല തോട്ടങ്ങളിലും വെട്ടിമാറ്റുന്നത്. സാധാരണഗതിയിൽ രണ്ടോ മൂന്നോ വർഷം കൂടി ടാപ്പ് ചെയ്യാൻ കഴിയുന്ന മരങ്ങൾ പോലും നിലവിലെ അനുകൂല വിപണി സാഹചര്യം കണക്കിലെടുത്ത് മാറ്റി പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ വിളവും മികച്ച വരുമാനവും ലക്ഷ്യമിട്ടാണിത്. അടുത്തിടെ റബർ കിലോഗ്രാമിന് 280 രൂപയ്ക്ക് മുകളിൽ വില ലഭിച്ചത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുമ്പോഴും ഉൽപ്പാദനം ഗണ്യമായി കുറഞ്ഞത് തിരിച്ചടിയായി.
മഴമറയിടാൻ ആവശ്യമായ പ്ലാസ്റ്റിക് ഷീറ്റുകൾക്കും പശയ്ക്കും വില വർദ്ധിച്ചു. കോപ്പർ ഓക്സി ക്ലോറൈഡ്, സ്‌പ്രേ ഓയിൽ, വിവിധ വളങ്ങൾ തുടങ്ങിയ അനുബന്ധ സാമഗ്രികൾക്കും വലിയ വിലക്കയറ്റമാണുണ്ടായത്. തൊഴിൽച്ചെലവും യന്ത്രവാടകയും വർദ്ധിച്ചതോടെ ഒരു ഹെക്ടർ റീപ്ലാന്റിംഗ് പൂർത്തിയാക്കാൻ മുൻവർഷങ്ങളെ അപേക്ഷിച്ച് ചെലവ് വളരെ കൂടി. ഇതിനിടെ കർഷകർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റബ്ബർ ബോർഡിന്റെ പുതിയ ധനസഹായ പദ്ധതിയും അനിശ്ചിതത്വത്തിലാണ്.
മഴമറയിടുന്നതിനുള്ള സഹായം ഹെക്ടറിന് 4,000 രൂപയിൽ നിന്ന് 8,000 രൂപയായും സ്‌പ്രേയിംഗിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർദ്ധിപ്പിക്കാൻ ബോർഡ് ശുപാർശ ചെയ്തിരുന്നു. എന്നാൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പാലക്കാട് ജില്ലയിൽ മാത്രം ഏദേശം 54,000 റബർ കർഷകർ ഈ ആനുകൂല്യത്തിനായി കാത്തിരിക്കുകയാണ്.
Rubber farmers in Palakkad district are extensively replanting, replacing old trees with new, high-yielding clones after improved prices (over Rs 280/kg). Despite this, rising production costs for materials, labor, and machinery, alongside delayed central government approval for increased financial aid from the Rubber Board, are creating significant challenges for thousands of awaiting farmers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |