പത്തനംതിട്ട: വേനലിനെ വെല്ലുന്ന ചൂട് കൃഷിയെ ബാധിക്കുന്നു. ഇടവിട്ട് മഴ പെയ്യേണ്ടിയിരുന്ന കാലമാണിത്. പക്ഷെ, കൊടുംവരൾച്ചയുടെ അന്തരീക്ഷത്തിൽ മണ്ണ് തിളയ്ക്കുകയാണ്. നനവുകിട്ടാത വാഴ ഒടിഞ്ഞ് നിലംപൊത്തുന്നു. നാമ്പിട്ട പച്ചക്കറി തൈകൾ കരിഞ്ഞുണങ്ങി. കരക്കർഷകരാണ് ചൂടിന്റെ ഇരകൾ.
ജൂൺ, ജൂലായ് മാസങ്ങളിൽ നട്ടക്കൃഷികൾ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകൽ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്നു നിൽക്കുന്നത് കർഷകരെ തളർത്തുകയാണ്.ചൂട് കടുത്തതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിൽ നെൽക്കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിൽ പച്ചക്കറി, കിഴങ്ങുകൃഷികളെയും വരൾച്ച ബാധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വാഴകൃഷി നടത്തിയ പലർക്കും വലിയ നഷ്‌ടം ഉണ്ടായിട്ടുണ്ട്.
പാടശേഖരങ്ങളിൽ പാത്തികളിൽ വെള്ളവും കുറഞ്ഞു. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കരകൃഷിക്ക് പിന്നാലെ പാടശേഖരങ്ങളും കരിയും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് ഇത്തവണ വലിയ നഷ്ടം നേരിടുന്നത്. മാറിയ കാലാവസ്ഥയിൽ എന്തു ചെയ്യണമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ധാരണയില്ല.
ജില്ലയിലെ കർഷകരുടെ പ്രധാന വരുമാനമാർഗമായ റബർ മേഖലയും തകർച്ചയിലാണ്. കടുത്ത ചൂടുമൂലം റബർ മരങ്ങൾ ഇലപൊഴിക്കുന്നു. പാൽ ഉൽപ്പാദനം കുറഞ്ഞതോടെ പലരും ടാപ്പിംഗ് താൽകാലികമായി നിറുത്തിവച്ചിരിക്കുകയാണ്.
അന്തരീക്ഷ താപനില ഉയർന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാൽ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞു. തീറ്റപ്പുല്ല് കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ കന്നുകാലികളും തളർന്നുവീഴുകയാണ്.
Extreme heat is affecting agriculture. This is normally a period when there should be intermittent rainfall, but instead, severe drought conditions and scorching heat are drying out the soil and damaging crops.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |