SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.33 AM IST

പെട്രോൾ,​ ഡീസൽ വില വർദ്ധനയിൽ കോളടിച്ചത് ഇവർക്ക്,​ വില്പനയിൽ വൻമുന്നേറ്റം

cng
സിഎൻജി കാർ

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ധന വില കത്തിക്കയറിയതോടെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഉപഭോക്താക്കൾ ബദൽ ഇന്ധനത്തിലേക്ക് അതിവേഗം മാറുന്നു. ജൂണിൽ ഇന്ത്യയിലെ ഇലക്ട്രിക്, ഹൈബ്രിഡ്, പ്രകൃതി വാതക(സി.എൻ.ജി) വാഹനങ്ങളുടെ വിൽപ്പന റെക്കാഡ് ഉയരത്തിലെത്തിയെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ(എഫ്.എ.ഡി.എ) പ്രസിഡന്റ് സി.എസ് വിഗ്‌നേശ്വർ പറഞ്ഞു.

മൊത്തം വിൽപ്പനയിൽ ബദൽ ഇന്ധന യാത്രാ വാഹനങ്ങളുടെ വിപണി വിഹിതം കഴിഞ്ഞ മാസം 40.35 ശതമാനമായി ഉയർന്നു. മുൻമാസം ഈ വാഹനങ്ങളുടെ വിഹിതം 38 ശതമാനമായിരുന്നു. ഇറാൻ യുദ്ധവും ഹോർമുസ് ഇടനാഴിയിലൂടെ കപ്പൽ ഗതാഗതം തടസപ്പെട്ടതും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മേയിൽ പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില പല തവണ വർദ്ധിപ്പിച്ചതാണ് ഉപഭോക്താക്കളെ ബദൽ വാഹനങ്ങളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്.

പെട്രോൾ, ഡീസൽ വിലയിലുണ്ടായ വർദ്ധനയിലുണ്ടായ താത്കാലിക പ്രതികരണമാണോ ഇലക്ട്രിക് വാഹനങ്ങളോട് സ്ഥായിയായ മനംമാറ്റമാണോയെന്ന് വരും മാസങ്ങളിൽ മാത്രമേ വ്യക്തമാകൂവെന്ന് സി.എസ് വിഗ്‌നേശ്വർ കൂട്ടിച്ചേർത്തു.

മാറുന്ന വിൽപ്പന ചിത്രം

● മൊത്തം വാഹനവിൽപ്പന: 26 ലക്ഷം (+21.8%)
● യാത്രാവാഹനങ്ങൾ: 4.1 ലക്ഷം (+28.6%)
● സി.എൻ.ജി: 24.3%
● ഹൈബ്രിഡ്: 8.3%
● ഇലക്ട്രിക് കാറുകൾ: 7.8%
● ഇ.വി ഇരുചക്ര വാഹന വിഹിതം: 10%+

മാറ്റത്തിന് പിന്നിൽ

● പെട്രോൾ, ഡീസൽ വിലയിലെ വമ്പൻ കുതിപ്പ്
● മലിനീകരണം കുറഞ്ഞ വാഹനങ്ങളോടുള്ള പ്രിയം
●ചെലവ് കുറയ്ക്കാനുള്ള ഉപഭോക്തൃ ചുവടുമാറ്റം

● വീടുകളിൽ സോളാർ പ്ളാന്റുകളുടെ വ്യാപനം

നേട്ടമുണ്ടാക്കുന്നവർ

  • സി.എൻ.ജി ശ്രേണിയിൽ മാരുതി സുസുക്കി
  • ഹൈബ്രിഡ് വാഹനങ്ങളിൽ ടൊയോട്ട, മാരുതി
  • ഇ.വി കാറുകളിൽ ടാറ്റ മോട്ടോഴ്സ്, എംജി, മഹീന്ദ്ര
  • ചാർജിംഗ് ശൃംഖലകളും സി.എൻ.ജി വിതരണക്കാരും

ട്രെൻഡ് തുടരുമോ?

ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം സാധാരണ നിലയിലായെങ്കിലും ആഭ്യന്തര ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതിനാൽ ബദൽ ഇന്ധന വാഹനങ്ങളുടെ ഡിമാൻഡിൽ സമീപ മാസങ്ങളിൽ ഇടിവുണ്ടാകാൻ സാധ്യത കുറവാണെന്ന് ഡീലർമാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, PETROL PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY