
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിൽ ടെസ്‌ല സൈബർട്രക്കിന്റെ 'വെയ്ഡ് മോഡ്' പരീക്ഷിണം പാളി. വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സാസിലെ ഗ്രേപ്പ്‌വൈൻ തടാകത്തിലാണ് സംഭവം. ജിമ്മി ജാക്ക് മക്ഡാനിയലാണ് വാഹനം തടാകത്തിലിറക്കിയതിന്റെ പേരിൽ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച കാറ്റീസ് വുഡ്സ് ബോട്ട് റാമ്പിന് സമീപമാണ് വാഹനവുമായി ഉടമ പരീക്ഷണത്തിനെത്തിയത്. ടെസ്‌ല സൈബർട്രക്കിൽ വെള്ളത്തിലൂടെ ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ഫീച്ചറാണ് 'വെയ്ഡ് മോഡ്'. ഇത് ആക്ടിവേറ്റ് ചെയ്യുമ്പോൾ കാറിന്റെ സസ്‌പെൻഷൻ ഉയരുകയും, ബാറ്ററിയിലേക്ക് വെള്ളം കയറാത്ത രീതിയിൽ പ്രഷറൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. എങ്കിലും വാഹനം വെള്ളത്തിൽ മുങ്ങിയാൽ ഉണ്ടാകുന്ന കേടുപാടുകൾ ടെസ്‌ലയുടെ വാറന്റിയിൽ ഉൾപ്പെടുന്നതല്ല.
തടാകത്തിൽ വാഹനം മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുകയായിരുന്നു. വാഹനം തകരാറിലാവുകയും ഉള്ളിലേക്ക് വെള്ളം കയറാനും തുടങ്ങിയതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. തുടർന്ന് ഗ്രേപ്പ്‌വൈൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വാട്ടർ റെസ്ക്യൂ ടീമും മറ്റ് അധികൃതരും ചേർന്ന് റിക്കവർ വാഹനം ഉപയോഗിച്ചാണ് വെള്ളത്തിൽ മുങ്ങിയ സൈബർട്രക്ക് കരയ്ക്ക് കയറ്റിയത്. ഓഫ് റോഡ് ഫീച്ചറായ 'വെയ്ഡ് മോഡ്' പരീക്ഷിക്കുന്നതിനുവേണ്ടിയാണ് താൻ വാഹനം തടാകത്തിലേക്ക് ഇറക്കിയതെന്ന് ഡ്രൈവർ ജിമ്മി ജാക്ക് മക്ഡാനിയൽ പൊലീസിനോട് പറഞ്ഞു
ആഴം കുറഞ്ഞ വെള്ളത്തിലൂടെ പതുക്കെ സഞ്ചരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ മോഡ് എന്നാണ് ടെസ്‌ല പറയുന്നത്. ഈ മോഡ് ഓണാക്കുമ്പോൾ സുരക്ഷയ്ക്കായി വാഹനത്തിന്റെ സസ്പെൻഷൻ ഉയരും. എന്നാൽ, ആഴമുള്ളതോ വേഗത്തിൽ ഒഴുകുന്നതോ ആയ വെള്ളത്തിൽ വാഹനം ഇറക്കരുതെന്നും ഇത് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുമെന്നും ടെസ്‌ലയുടെ ഓണേഴ്സ് മാനുവൽ കൃത്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനുമുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഉൾപ്പെടെ താൻ ഈ വാഹനം വെള്ളത്തിൽ ഓടിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവറായ മക്ഡാനിയൽ വ്യക്തമാക്കുന്നത്.
അനുമതിയില്ലാത്ത തടാകത്തിൽ വാഹനം ഓടിച്ചതിനും ബോട്ട് രജിസ്ട്രേഷൻ ഇല്ലാതെ തടാകത്തിൽ വാഹനം ഇറക്കിയതിനും ഉടമയുടെ പേരിൽ കേസെടുത്തു. വെള്ളത്തിലെ സുരക്ഷാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കൂടി ചുമത്തിയപ്പോൾ വാഹന ഉടമ ജയിലിലായി. ഇയാൾ ഗ്രേപ്പ്‌വൈൻ ജയിലിൽ ആണുള്ളത്.
വാഹനം വെള്ളത്തിൽ ഇറക്കാൻ സാങ്കേതികമായി സാധിക്കുമെങ്കിലും ഇത്തരം പ്രവൃത്തികൾ ടെക്സാസ് നിയമപ്രകാരം നിയമ-സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |