കൊച്ചി: പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ ഓഹരി വിൽപ്പനയിലൂടെ 55,757 കോടി രൂപയും സർക്കാർ ആസ്തികൾ പണമാക്കുന്നതിലൂടെ 6,367 കോടി രൂപയും ലഭിച്ചു. ഇതോടെ ഓഹരി, ആസ്തി വിൽപ്പനകളിലൂടെ ആകെ ലഭിച്ച തുക 62,124 കോടി രൂപയായി. 2026- 27സാമ്പത്തിക വർഷം കേന്ദ്ര ബഡ്ജറ്റിൽ നിശ്ചയിച്ച 80,000 കോടി രൂപയുടെ 78 ശതമാനമാണിത്. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൽ.ഐ.സി), കോൾ ഇന്ത്യ തുടങ്ങിയ ഒൻപത് പ്രധാന കമ്പനികളുടെ ഓഹരികളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്.
എൽ.ഐ.സിയുടെ 6.5 ശതമാനം ഓഹരി വിൽപ്പനയിലൂടെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. ഇതിലൂടെ 31,515 കോടി രൂപ ഖജനാവിലെത്തി. കോൾ ഇന്ത്യയുടെ രണ്ട് ശതമാനം ഓഹരികളുടെ വിൽപ്പനയിൽ നിന്നും 5,542 കോടി രൂപ നേടി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് കോർപ്പറേഷന്റെ(എൻ.എച്ച്.പി.സി) 6.01 ശതമാനം ഓഹരി വിൽപ്പനയിൽ നിന്ന് 4,357 കോടി രൂപയും ലഭിച്ചു. ഹിന്ദുസ്ഥാൻ കോപ്പറിന്റെ ആറ് ശതമാനം ഓഹരി വിറ്റ് 3,041 കോടി രൂപയാണ് സമാഹരിച്ചത്.
ഓഹരി പങ്കാളിത്തം കുറച്ച സ്ഥാപനങ്ങൾ
എൽ.ഐ.സി, കോൾ ഇന്ത്യ, എൻ.എച്ച്.പി.സി, ഹിന്ദുസ്ഥാൻ കോപ്പർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, എൻ.എൽ.സി ഇന്ത്യ, ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയിൽവേ ഫിനാൻസ്, കൊച്ചിൻ ഷിപ്പ്യാർഡ്
സമാഹരിച്ച തുക
എൽ.ഐ.സി ----31,515 കോടി രൂപ
കോൾ ഇന്ത്യ-----5,542 കോടി രൂപ
എൻ.എച്ച്.പി.സി----4,357 കോടി രൂപ
ഹിന്ദുസ്ഥാൻ കോപ്പർ-----3,041 കോടി രൂപ
മറ്റുള്ളവ: 11,302 കോടി രൂപ
ഐ.ഡി.ബി.ഐ സ്വകാര്യവൽക്കരണം
ഐ.ഡി.ബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിനും എൽ.ഐ.സിക്കുമുള്ള ഓഹരികൾ സ്വകാര്യ പങ്കാളികൾക്ക് കൈമാറുന്നതിനുള്ള നീക്കം സജീവമായി. ദുബായിലെ എമിറേറ്റ്സ് എൻ.ഡി.ബി, പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എന്നിവയാണ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ 30.48 ശതമാനവും എൽ.ഐ.സി 30.24 ശതമാനവും ബാങ്കിലെ ഓഹരികൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |