
എൻ.എസ്.ഇയും ജിയോയും വിപണിയിലേക്ക്
കൊച്ചി: ദീപാവലിക്ക് മുമ്പ് വിപണിക്ക് ആഘോഷച്ചൂട് പകരാൻ രാജ്യത്തെ മുൻനിര കമ്പനികളായ ജിയോയുടെയും എൻ.എസ്.ഇയുടെയും വമ്പൻ പ്രാഥമിക ഓഹരി വിൽപ്പനകൾ വരുന്നു. നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചും(എൻ.എസ്.ഇ) റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ, ടെലികോം വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസും ചേർന്ന് 68,000 കോടി രൂപയുടെ ഓഹരികളാണ് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിപണിയിൽ വിറ്റഴിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നായ എൻ.എസ്.ഇയുടെ ഓഹരി വിൽപ്പനയ്ക്ക് സെബി ഇന്നലെ അനുമതി നൽകി. ജൂൺ 27ന് എൻ.എസ്.ഇ കരട് റെഡ് ഹെറിംഗ്സ് പ്രോസ്‌പെക്‌ട്സ് സെബിയിൽ സമർപ്പിച്ചിരുന്നു. ഓഫർ ഫോർ സെയിലിലൂടെ 14,89,05,525 ഓഹരികൾ വിറ്റഴിച്ച് 30,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. സെപ്തംബർ 11ന് ഓഹരി വില പ്രഖ്യാപിച്ചേക്കും. ലിസ്റ്റിംഗ് സെപ്തംബർ 25നാണ് പ്രതീക്ഷിക്കുന്നത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ളാറ്റ്ഫോംസിന്റെ ഓഹരി വിൽപ്പനയിലൂടെ 38,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഒക്ടോബർ അവസാന വാരം ഐ.പി.ഒ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ജിയോയുടെ ലക്ഷ്യം
38,000 കോടി രൂപ
എൻ.എസ്.ഇയുടെ ലക്ഷ്യം
30,000 കോടി രൂപ
രാജ്യത്തെ വമ്പൻ ഐ.പി.ഒകൾ
ഹ്യുണ്ടായ് മോട്ടോർസ് : 27,870 കോടി രൂപ
എൽ.ഐ.സി ഒഫ് ഇന്ത്യ: 20,557 കോടി രൂപ
വൺ 97 കമ്മ്യൂണിക്കേഷൻ: 18,300 കോടി രൂപ
ടാറ്റ കാപ്പിറ്റൽ : 15,512 കോടി രൂപ
കോൾ ഇന്ത്യ : 15,199 കോടി രൂപ
യെസ് ബാങ്ക് : 15,000 കോടി രൂപ
എൽ.ജി ഇന്ത്യ: 11,607 കോടി രൂപ
ജിയോയിലെ പ്രമുഖ നിക്ഷേപകർ
റിലയൻസ് ഇൻഡസ്ട്രീസ്: 66.43%
മെറ്റ(ജാധു ഹോൾഡിംഗ്‌സ്) : 9.98%
ഗൂഗിൾ(അൽഫബെറ്റ്): 7.73%
വിസ്ത ഇക്വിറ്റി: 2.32%
കെ.കെ,ആർ: 2.32%
പി.ഐ.എഫ് സൗദി അറേബ്യ: 2.32%
മുബാഡല ഇൻവെസ്‌റ്റ്മെന്റ്: 1.85%
എൻ.എസ്.ഇയിലെ നിക്ഷേപ ഗ്രൂപ്പുകൾ
എൽ.ഐ.സി: 10.72%
സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പ്: 4.4%
എസ്.ബിഐ കാപ്പിറ്റൽ മാർക്കറ്റ്‌സ്: 4.33%
എസ്.ബി.ഐ: 3.22%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |