SignIn
Kerala Kaumudi Online
Friday, 07 August 2026 2.27 PM IST

യുപിഐ ഇടപാടിൽ ഇനി സാധാരണക്കാർ കൂടുതൽ പണമടയ്‌ക്കണോ?​ ടാക്‌സേഷൻ നിയമ ഭേദഗതി വ്യക്തമാക്കി കേന്ദ്രം

upi
യുപിഐ പേയ്‌മെന്റ് സംവിധാനം

ന്യൂ‌ഡൽഹി: യുപിഐ വഴി ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ)​ ഏ‌ർപ്പെടുത്താൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന നിയമഭേദഗതി ലോക്‌സഭയിൽ പാസായിരുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയൊന്നും കൂടാതെയാണ് ടാക്‌സേഷൻ നിയമ ഭേദഗതി ബിൽ പാസായത്. ഇതുവരെ യുപിഐ പേയ്‌മെന്റുകൾ സാധാരണക്കാരന് സൗജന്യമായിരുന്നെങ്കിൽ ഇനിയത് എടുത്തുകളയുന്നതാണ് പുതിയ ഭേദഗതിയെന്ന് ഇതിനിടെ കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് എക്‌സിലൂടെ ഈ ആരോപണം ഉന്നയിച്ചത്.

'യുപിഐ ഇടപാടുകൾക്ക് ഇതുവരെ ഫീസില്ലാത്ത അവസ്ഥ ഉറപ്പാക്കിയിരുന്ന നിയമപരമായ ഗ്യാരണ്ടി ഇത് ഒഴിവാക്കുന്നു. ഈ ബില്ലിന്റെ ഭാരം ഒടുവിൽ സാധാരണക്കാരുടെ മേൽ തന്നെയാകും വന്നുപതിക്കുക. യുപിഐ ഉപയോഗിക്കുന്നതിന് പോലും ഇനി അവർക്ക് പണം നൽകേണ്ടി വന്നേക്കാം.'-ജയ്‌റാം രമേശ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. എന്നാൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇക്കാര്യം പാടേ തള്ളുന്നു. എംഡിആർ ഭാവിയിൽ അവതരിപ്പിച്ചാൽ അത് വ്യാപാരികൾക്ക് മാത്രമാകും ബാധകമാകുക സാധാരണ കസ്റ്റമർക്കല്ല. മന്ത്രി വ്യക്തമാക്കുന്നു.

ഓൺലൈൻ ഇടപാടുകൾക്ക് വ്യാപാരികൾ ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും നൽകേണ്ട ഫീസാണ് എംഡിആർ. ഇത് എത്ര വേണമെന്ന് സർക്കാരിന് തീരുമാനിക്കാനാകും. 2000 രൂപയ്‌ക്ക് മുകളിലെ ഇടപാടുകൾക്ക് ഇത്തരത്തിൽ പണം ഈടാക്കുമെന്നാണ് സൂചന. ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളിലും കൂടുതൽ നിക്ഷേപം വരാൻ ഇത് കാരണമാകുമെന്നും ഭാവിയിൽ യുപിഐ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നുമാണ് ധനമന്ത്രി കുറിച്ചത്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഭേദഗതി കൊണ്ട് ലക്ഷ്യമിടുന്നത്. യുപിഐ ഇടപാടിന് എംഡിആർ ഏർപ്പെടുത്തുക ലക്ഷ്യമില്ല.നാഷണൽ പേയ്‌മെന്റ് കോർപറേഷനും യുപിഐ സർവീസ് സ്റ്റിയറിംഗ് കമ്മിറ്റിയും വിഷയം പരിശോധനാ വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏതെല്ലാം ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലാകും സൗജന്യമായ ഇടപാടുകൾ സാദ്ധ്യമാകുക എന്നത് കേന്ദ്രമാണ് തീരുമാനിക്കുക. ബിൽ നിയമമായ ശേഷമേ ഇത്തരം കാര്യങ്ങൾ തീരുമാനമാകൂ എന്ന് ധനമന്ത്രി അറിയിച്ചു.

English Summary

The Lok Sabha has passed an amendment to the taxation law that authorizes the government to impose a Merchant Discount Rate (MDR) on high-value UPI transactions. The bill was approved without discussion amid opposition protests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI TRANSACTION FEE, RUPAY, MDR, TAXATION AMENDMENT BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY