SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.17 AM IST

ഉയരം ‘വില്ലനായി’ : കഴുത്തുവേദനയിൽ വലഞ്ഞ കണ്ടക്ടർക്ക് ആശ്വാസമായി പുതിയ ഉത്തരവ്

ameen-ansari

ഹൈദരാബാദ്: അമിത ഉയരം അലങ്കാരമായി കൊണ്ടുനടക്കുന്നവരുണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാൻ ഉയരകൂടുതൽ സഹായിക്കുമെങ്കിലും ചില ഘട്ടങ്ങളിൽ അമിത ഉയരം എട്ടിന്റെ പണിയാകും. അത്തരത്തിൽ തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അമിത ഉയരം കാരണം ബസിനുള്ളിൽ തല കുനിച്ച് നിൽക്കേണ്ടി വന്ന ഒരു കണ്ടക്ടറുടെ സങ്കടത്തിന് ഒടുവിൽ പരിഹാരമായതാണ് വാർത്ത. ആറടി അറ് ഇഞ്ച് ഉയരമുള്ള അമീൻ അഹമ്മദ് അൻസാരി എന്ന കണ്ടക്ടറുടെ ദുരിതാവസ്ഥ പരിഗണിച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അദ്ദേഹത്തിന് തസ്തികയിൽ മാറ്റം വരുത്തുകയായിരുന്നു.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ (ടി.ജി.എസ്.ആർ.ടി.സി) കണ്ടക്ടറായിരുന്നു അമീൻ അഹമ്മദ് അൻസാരി . കണ്ടക്ടർമാർക്ക് ബസിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ ഇടക്കിടെ സഞ്ചരിക്കേണ്ടി വരുമെന്നുറപ്പാണ്. ഇങ്ങനെ നടക്കുമ്പോൾ അൻസാരിയുടെ തല ബസിന്റെ മുകളിൽ തട്ടും. കുനിഞ്ഞല്ലാതെ ബസിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായി. വൈകാതെ കടുത്ത കഴുത്തുവേദനയും നടുവേദനയുമായി. കുറച്ചു കാലമായി വിട്ടുമാറാത്ത ശാരീരിക അസ്വസ്ഥതകളും ഉറക്കമില്ലായ്മയും കാരണം അമീൻ ബുദ്ധിമുട്ടുകയായിരുന്നു. അമീന്റെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംഭവത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.

ആറടി ഉയരം ഇയ്യാളുടെ ജോലിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ച് ബദൽ സ്ഥാനത്ത് നിയമിക്കാനുള്ള ഉത്തരവ് ഇപ്പോൾ പുറത്തുവന്നതിന്റെ ആശ്വാസത്തിലാണ് അൻസാരി. മേയ് അഞ്ചിന് മുഷീറാബാദിലെ ബസ് ഭവൻ കോർപ്പറേഷന്റെ ആസ്ഥാനത്തുനിന്ന് വന്ന ഔദ്യോഗിക ഉത്തരവിൽ, അമീൻ അഹമ്മദ് അൻസാരിക്ക് ഔട്ട് ഓഫ് ഡെസിഗ്നേഷൻ ഡ്യൂട്ടിയിൽ തുടരാം എന്നാണ് അറിയിപ്പ്.

നേരത്തേ, ആറടിയിലധികം ഉയരമുള്ള അൻസാരിക്ക് ആർ.ടി.സി ബസുകളിൽ പതിവ് ഉത്തരവാദിത്തങ്ങൾ സുഖകരമായി നിർവഹിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു വർഷത്തേക്ക് ഒഡി ഡ്യൂട്ടി നൽകിയിരുന്നു. ഏപ്രിൽ 28ന് കാലാവധി അവസാനിച്ചതിനെത്തുടർന്ന് പതിവ് ജോലിയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇക്കാലയളവിൽ അൻസാരിക്ക് കഠിനമായ കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അധികൃതർ ഇടപെട്ടാണ് പുതിയ ഉത്തരവ് നേടിയത്. പുതിയ നിർദേശം അനുസരിച്ച് ബസ് പാസ് സെക്ഷനുകളിലോ മറ്റിടങ്ങളിലോ ശാരീരിക പ്രശ്നമില്ലാത്ത രീതിയിൽ അൻസാരിക്ക് സ്ഥാനമാറ്റം നൽകാനാണ് നിർദേശം. ഉയരം ഒരു അനുഗ്രഹമാണെന്ന് എല്ലാവരും പറയുമ്പോഴും, തനിക്ക് അത് നൽകിയ വേദനയിൽ നിന്ന് എന്നന്നേയ്ക്കുമായി മോചനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അമീൻ അൻസാരി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TELENGANA, TGSRTC, CONDUCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY