SignIn
Kerala Kaumudi Online
Thursday, 13 August 2026 1.46 PM IST

രണ്ടുവർഷം മുൻപ് ബസിൽ നിന്ന് കളഞ്ഞുകിട്ടിയ പണം; കാൽ ലക്ഷത്തോളം രൂപ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്‌ടർ

-kasabai-gaikwad
കസാബായിക്ക് പണം തിരികെ നൽകുന്ന രാജു (ഫോട്ടോ: സ്‌പെഷ്യൽ അറേഞ്ച്‌മെന്റ്)

മുംബയ്: രണ്ടുവർഷം മുൻപ് കളഞ്ഞുകിട്ടിയ കാൽ ലക്ഷത്തോളം രൂപ ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് ബസ് കണ്ടക്‌ടർ. മഹാരാഷ്ട്രയിൽ വച്ചാണ് കസാബായ് ഗെയ്‌ക്വാദ് എന്ന 75കാരിയിൽ നിന്ന് ബസിൽ വച്ച് 24,000 രൂപ നഷ്ടമായത്. രണ്ടുവർഷത്തിനുശേഷം ഇതേ ബസിൽ കയറുമ്പോൾ കള‌ഞ്ഞുപോയ പണം തിരികെ ലഭിക്കുമെന്ന് അവർ സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല.

2024 ഏപ്രിലിൽ രോഗിയായ ഭർത്താവുമൊത്ത് ബസിൽ യാത്ര ചെയ്യുകയായിരുന്നു കസാബായ്. നാലുമണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ ഇരുവരും മഹാരാഷ്ട്രയിലെ മലോഗോണിലിറങ്ങി. ബസ് തിരികെ ഡിപ്പോയിലെത്തിയപ്പോഴാണ് കണ്ടക്‌ടറായ രാജു സീറ്റുകളിലൊന്നിൽ ഒരു ചെറിയ ബാഗ് കണ്ടത്. 24,000 രൂപയും കസാബായുടെ പേരെഴുതിയ ഒരു മരുന്ന് കുറിപ്പടിയുമായിരുന്നു അതിലുണ്ടായിരുന്നത്.

ബാഗിന്റെ ഉടമ തിരികെ വരുമെന്ന് കരുതി ഒരുമണിക്കൂർനേരം രാജു ബസ് സ്റ്റേഷനിൽ കാത്തിരുന്നു. അന്വേഷണ കൗണ്ടറിലും മറ്റ് ജീവനക്കാരോടും ഇക്കാര്യമറിയിച്ചു. എന്നാൽ ആരും അന്വേഷിച്ചെത്തിയില്ല. മരുന്ന് കുറിപ്പടിയിലെ ഫോൺ നമ്പറിൽ തിരക്കിയെങ്കിലും കസാബായിലെത്താൻ സാധിച്ചില്ല. അങ്ങനെ ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.

രണ്ടുവർഷത്തിനുശേഷം കസാബായ് അതേ ബസിൽ കയറി. രാജു ആയിരുന്നു അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കസാബായ് മലോഗോണിലേയ്ക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. 75 വയസിനുമുകളിൽ പ്രായമുള്ളവർക്ക് ബസ് യാത്ര സൗജന്യമായതിനാൽ വയസ് പരിശോധിക്കാൻ രാജു കസാബായിയോട് ആധാർ കാർഡ് ആവശ്യപ്പെട്ടു. കാർഡിലെ പേരുകണ്ട് രാജു ഒരുനിമിഷം സ്തംഭിച്ചു.

വിവരങ്ങൾ തിരക്കിയപ്പോൾ രണ്ടുവർഷം മുൻപ് പണം നഷ്ടമായ കാര്യം കസാബായ് വെളിപ്പെടുത്തി. തുടർന്ന് വയോധികയെ ബസ് ഡിപ്പോയിലെത്തിച്ച് രാജു മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ കസാബായിക്ക് പണം കൈമാറുകയും ചെയ്തു. അപ്രതീക്ഷിതമായി കളഞ്ഞുപോയ പണം തിരികെ ലഭിച്ചതിന്റെ നന്ദി സൂചകമായി കസാബായ് രാജുവിന് 1100 രൂപ സമ്മാനമായി നൽകിയതിനുശേഷമാണ് മടങ്ങിയത്.

English Summary

A Maharashtra bus conductor, Raju, returned ₹24,000 that a 75-year-old woman, Kasabai Gaikwad, had lost on his bus two years earlier. He had safely kept the money after finding it with her prescription. When she travelled on the same bus again, Raju recognized her and returned the money.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS CONDUCTOR, BUS CONDUCTOR RETURNS LOST MONEY, LOST MONEY, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360