തിരുവനന്തപുരം: ബംഗളൂരു-മൈസൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് രണ്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ ദുരൂഹത ബലപ്പെടുന്നു. കവർച്ച ലക്ഷ്യമിട്ട് ബസിന് നേരെ മുട്ടയേറ് നടന്നെന്നാണ് സംശയിക്കുന്നത്. ഇതിന് തെളിവായി ബസിന്റെ ഷാസിക്ക് മുകളിൽ പൊട്ടിയ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്. ബംഗളൂരു ദേശീയ പാതയിൽ കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾക്ക് നേരെ ആക്രമണം പതിവാണ്. കൂടുതലും കവർച്ച ലക്ഷ്യമിട്ടാണ് ആക്രമണം.
കഴിഞ്ഞ ദിവസം ഇതേപാതയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസിൽ മുട്ടയേറുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. മുട്ടയുടെ അവശിഷ്ടം കണ്ടെത്തിയതോടെ ഫോറൻസിക് പരിശോധന ഉൾപ്പടെ നടത്തിയേക്കും. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അന്ന് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |