SignIn
Kerala Kaumudi Online
Saturday, 19 September 2026 2.21 PM IST

നീളം 46 സെന്റീമീറ്റർ, ഭാരം 1.4 കിലോഗ്രാം; 21-ാം നൂറ്റാണ്ടിൽ കണ്ടെത്തിയത് അപൂർവയിനം കാട്ടുപൂച്ചയെ

leopardus-tilcayo
ടിൽകായോ

നീണ്ട ഇടവേളയ്ക്കുശേഷം ലോകത്തിന് മുന്നിൽ പുതിയൊരു കാട്ടുപൂച്ച ഇനം. ബൊളീവിയയിലെ മേഘാവൃതമായ യുങ്‌ഗാസ് മലനിരകളിലെ വനങ്ങളിൽ കഴിയുന്ന ചെറു കാട്ടുപൂച്ചയെയാണ് ഗവേഷകർ പുതിയ ഇനമായി തിരിച്ചറിഞ്ഞത്. പ്രാദേശിക സമൂഹങ്ങൾ 'ടിൽകായോ' എന്ന് വിളിക്കുന്ന പൂച്ചയ്ക്ക് ശാസ്ത്രീയമായി 'Leopardus tilcayo' എന്ന പേര് നൽകി.

ഏകദേശം 46 സെന്റിമീറ്റർ നീളവും 1.4 കിലോഗ്രാം ഭാരവുമുള്ള ടിൽകായോ സാധാരണ വീട്ടുപൂച്ചയേക്കാൾ ചെറുതാണ്. ഇളം തവിട്ടുനിറത്തിലുള്ള ശരീരത്തിൽ ക്രമരഹിതമായ റോസറ്റ് ആകൃതിയിലുള്ള പുള്ളികളാണ് പ്രധാന സവിശേഷത. കാഴ്ചയിൽ മറ്റ് ടൈഗർ ക്യാറ്റുകളോട് സാമ്യമുള്ളതിനാൽ രൂപം മാത്രം നോക്കി ടിൽകായോയെ വേർതിരിച്ചറിയുക എളുപ്പമല്ല.

38 പൂച്ചകളിൽ നടത്തിയ ജനിതക പരിശോധനയാണ് പുതിയ ഇനത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവന്നത്. പഠനത്തിൽ ടൈഗർ ക്യാറ്റുകൾ ജനിതകമായി വ്യത്യസ്തമായ അഞ്ച് ഇനങ്ങളാണെന്നും കണ്ടെത്തി. ടിൽകായോയുടെ വംശപരമ്പര മറ്റ് ടൈഗർ ക്യാറ്റുകളിൽ നിന്ന് 14 ലക്ഷം വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞതായാണ് ജനിതക പഠനം വ്യക്തമാക്കുന്നത്.

രാത്രിയിലെ അജ്ഞാത ജീവിതം

ടിൽകായോയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോഴും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിസർജ്യ സാമ്പിളുകളിൽ ചെറിയ എലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇവ രാത്രിയിൽ കൂടുതൽ സജീവമായിരിക്കാമെന്നും സൂചിപ്പിക്കുന്നു.

നിലവിൽ രണ്ട് ജീവനുള്ള ടിൽകായോകളെയാണ് ഗവേഷകർ നേരിട്ട് പരിശോധിച്ചിട്ടുള്ളത്. അവയിൽ ഒന്നായ 10 വയസുള്ള ആൺപൂച്ചണിപ്പോൾ ബൊളീവിയയിലെ സെൻഡ വെർഡെ വന്യജീവി സങ്കേതത്തിലാണ്.

സംരക്ഷണ ആശങ്കയും

ടിൽകായോയുടെ ആവാസവ്യവസ്ഥയായ യുങ്‌ഗാസ് വനങ്ങൾ വനനശീകരണം, കൃഷിവ്യാപനം, കാട്ടുതീ, ഖനനം തുടങ്ങിയ ഭീഷണികൾ നേരിടുകയാണ്. പുതിയ ഇനത്തെ പ്രത്യേകം വിലയിരുത്തുന്നതോടെ അതിന്റെ സംരക്ഷണനിലയെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. കാടുകളിൽ ഒളിഞ്ഞിരിക്കുന്ന ജീവജാലങ്ങളുടെ വൈവിധ്യം ഇനിയും പൂർണമായി കണ്ടെത്തിയിട്ടില്ലെന്ന ഓർമ്മപ്പെടുത്തലാണ് ടിൽകായോയുടെ കണ്ടെത്തൽ.

English Summary

Researchers have identified a new wild cat species living in the cloud forests of Bolivia’s Yungas mountain range. Known locally as “Tilcayo,” the small cat has been scientifically named Leopardus tilcayo. Genetic testing of 38 cats revealed that Tilcayo’s lineage separated from other tiger cats around 1.4 million years ago.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEOPARDUS TILCAYO, NEW WILD CAT, BOLIVIA WILDLIFE, TIGER CAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY