പലപ്പോഴും സ്‌നേഹം പ്രകടിപ്പിക്കുന്നതിന് വലിയ വാക്കുകളോ വിലകൂടിയ സമ്മാനങ്ങളോ വേണമെന്നില്ല. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിലേക്ക് വന്നാൽ അവരുടെ നിഷ്‌കളങ്കമായ പ്രവൃത്തികൾതന്നെ അതിന് ധാരാളമാണ്. അത്തരത്തിലൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സ്‌കൂളിൽവച്ച് ആരോ നൽകിയ ചോക്ലേറ്റിന്റെ പാതി കഴിച്ച ശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മയ്‌ക്കായി ബാക്കി ഭാഗം സൂക്ഷിച്ചുവച്ചിരിക്കുകയാണ് ഒരു കുഞ്ഞുമിടുക്കൻ. കൈയിൽ സൂക്ഷിച്ചിരിക്കുന്ന മിഠായിപ്പൊതി കണ്ട് ടീച്ചർ കാര്യം തിരക്കിയപ്പോഴായാണ് അമ്മയ്‌ക്ക് നൽകാനായാണ് മിഠായി സൂക്ഷിച്ച് വച്ചിരിക്കുന്നതെന്ന് അവൻ മറുപടി നൽകുന്നത്. അമ്മയ്‌ക്ക് നൽകാനാണെന്ന് പറയുമ്പോൾ ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയിലുണ്ട് അവന്റെ നിറഞ്ഞ സ്‌നേഹം. അവന്റെ നിഷ്‌കളങ്കമായ കരുതൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയെന്നുതന്നെ പറയാം.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ട് സ്‌നേഹം പങ്കുവയ്‌ക്കാനെത്തിയത്. പലരും തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുക്കുന്നുണ്ട്. മറ്റ് ചിലരാകട്ടെ തങ്ങളുടെ മക്കളും ഇതുപോലെ തങ്ങൾക്കായി കൊണ്ടുവരുമെന്നും പറയുന്നു. അതേസമയം ചിലരുടെ കമന്റുകൾ വളരെ രസകരമായിരുന്നു. അമ്മയ്‌ക്കു നൽകണമെന്ന് കരുതി മാറ്റിവയ്‌ക്കുമെങ്കിലും മിഠായിക്കൊതിയിൽ മുഴുവനും തിന്നുതീർത്ത് കവറുമാത്രമായി വീട്ടിൽ ചെന്നുകയറിയ അനുഭവങ്ങളും പലരും പങ്കുവയ്‌ക്കുന്നു.
ഇതിനിടെയിൽ അച്ഛന്മാരുടെ പരിഭവങ്ങൾ കമന്റ് ബോക്‌സിൽ നിറയുന്നുണ്ട്. 'ഇവന്മാരെല്ലാം ഇങ്ങനായാൽ എങ്ങനാ, നമ്മൾ ബാപ്പമാർ എത്ര സ്‌നേഹിച്ചാലും അവർക്ക് സ്‌നേഹം ഉമ്മമാരാടാണ്' എന്നാണ് ഒരാൾ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |