SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.18 PM IST

വാഴപ്പഴം ഇനി വേഗത്തിൽ പഴുത്തുകേടാകില്ല: ഈ അഞ്ച് കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ

banana
പ്രതീകാത്മക ചിത്രം

മിക്കവരുടെയും ഇഷ്ടപ്പെട്ട ഫലവർഗ്ഗങ്ങളിലൊന്നാണ് വാഴപ്പഴം. അതുകൊണ്ട് വീടുകളിലും ഇത് സ്ഥിരസാന്നിദ്ധ്യമാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ വാങ്ങിവയ്ക്കുന്ന പഴങ്ങൾ പെട്ടെന്ന് പഴുത്തുപോകുന്നതും കറുത്തുപോകുന്നതും ഒരു പ്രധാന പ്രശ്നമാണ്. അതിന് കൃത്യമായ കാരണവുമുണ്ട്. പഴം പഴുക്കുമ്പോൾ അവയിൽ നിന്ന് സ്വാഭാവികമായി 'എഥിലീൻ' എന്നൊരു വാതകം പുറന്തള്ളപ്പെടുന്നുണ്ട്.

ഈ വാതകമാണ് പഴത്തിന്റെ കോശങ്ങളെ മൃദുവാക്കുന്നതും അന്നജത്തെ പഞ്ചസാരയാക്കി മാറ്റി മധുരം നൽകുന്നതും. മാത്രമല്ല തൊലിയുടെ നിറം പച്ചയിൽ നിന്ന് മഞ്ഞയാകുന്നതിന് കാരണവും ഇതുതന്നെയാണ്. ചൂടുള്ള അന്തരീക്ഷം, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയാണ് പഴം പെട്ടെന്ന് പഴുത്തുപോകുന്നതിനുള്ള പ്രധാന കാരണം. എന്നാൽ ഇനിമുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. വാഴപ്പഴം വേഗത്തിൽ പഴുത്തുപോകാതെ ദീർഘനാൾ സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

  • തണ്ടുകൾ പൊതിഞ്ഞു സൂക്ഷിക്കുക: വാഴപ്പഴത്തിൽ നിന്ന് എഥിലീൻ വാതകം ഏറ്റവും കൂടുതൽ പുറത്തുവരുന്നത് അതിന്റെ തണ്ടിൽ നിന്നാണ്. അതിനാൽ പ്ലാസ്റ്റിക് കവറോ ഫോയിൽ പേപ്പറോ ഉപയോഗിച്ച് തണ്ടുകൾ നന്നായി പൊതിഞ്ഞുവച്ചാൽ പഴുക്കുന്നത് മന്ദഗതിയിലാക്കാം.

  • മറ്റ് പഴങ്ങളിൽ നിന്ന് മാറ്റിവയ്ക്കുക: ആപ്പിൾ, അവോക്കാഡോ, തക്കാളി തുടങ്ങിയവയും എഥിലീൻ പുറത്തുവിടുന്നവയാണ്. അതിനാൽ ഇവയ്‌ക്കൊപ്പം വാഴപ്പഴംവച്ചാൽ അത് പെട്ടെന്ന് പഴുക്കും. അതിനാൽ പഴങ്ങൾ എപ്പോഴും വേർതിരിച്ച് പ്രത്യേക പാത്രത്തിൽ സൂക്ഷിക്കണം.

  • തണുപ്പുള്ളതും തണലുള്ളതുമായ സ്ഥലം: ഓവൻ, അടുപ്പ് എന്നിവയ്ക്ക് സമീപമോ നേരിട്ട് വെയിൽ അടിക്കുന്ന ജനലിനടുത്തോ പഴങ്ങൾ ഒരിക്കലും വയ്ക്കരുത്. വായുസഞ്ചാരമുള്ളതും തണലുള്ളതുമായ സ്ഥലങ്ങളിൽ വയ്ക്കുന്നതാണ് ഉചിതം.

  • കൊളുത്തിൽ തൂക്കിയിടാം: കുറെയേറെ പഴങ്ങൾ മേശപ്പുറത്തോ തറയിലോ വയ്ക്കുമ്പോൾ അമർന്ന് ചതവുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ വാഴക്കുലകൾ ഏതെങ്കിലും കൊളുത്തിൽ തൂക്കിയിട്ടാൽ വായുസഞ്ചാരം ലഭിക്കുകയും ചതവുകൾ ഒഴിവാകുകയും ചെയ്യും. ചതവുകൾ ഉള്ള പഴങ്ങൾ വേഗത്തിൽ കേടാകും.

  • ആവശ്യത്തിന് പഴുത്താൽ ഫ്രിഡ്ജിലേക്ക് മാറ്റുക: പഴങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള പാകത്തിന് പഴുത്തു കഴിഞ്ഞാൽ ഫ്രിഡ്ജിലേക്ക് മാറ്റി സൂക്ഷിക്കാം. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ തൊലി കറുത്തുപോകുമെങ്കിലും ഉള്ളിലെ പഴം കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കും.

English Summary

Bananas ripen quickly because they naturally release ethylene gas, a plant hormone that speeds up the ripening process. Warm temperatures, storing them with other fruits, and bruising can make them ripen even faster.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANANA, HOW TO KEEP BANANA FRESH, BANANA STORAGE TIPS, SLOW BANANA RIPENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY