SignIn
Kerala Kaumudi Online
Saturday, 23 May 2026 6.14 PM IST

എസി വേണ്ട,​ ഏതു ചൂടിലും ഇവിടെ തണുപ്പ് ,​ അന്നൂരിലെ കുളിർവീടിന്റെ പ്രത്യേകത ഇവയാണ്

my-home
നിർമ്മാണം പുരോഗമിക്കുന്ന വീട്

കണ്ണൂർ: മണ്ണിന്റെ കുളിർമ്മയിൽ ജീവിക്കണമെന്ന ആഗ്രഹം സഫലമാക്കുകയാണ് ദമ്പതികളായ രമേഷും ഡോ. പ്രീതയും. വെട്ടുകല്ലിൽ അടിസ്ഥാനം കെട്ടി. ചെളിയും വയ്‌ക്കോലും കുമ്മായവും ചേർത്ത മിശ്രിതം കൊണ്ട് ഭിത്തികെട്ടി. ഓടിട്ട മേൽക്കൂര. കോൺക്രീറ്റ് പൂർണമായും ഒഴിവാക്കി, ഏതു ചൂടിലും നല്ല തണുപ്പുള്ള വീട്. ചെന്നൈയിൽ കോളേജ് അദ്ധ്യാപികയായ ഡോ. പ്രീതയും ബിസിനസുകാരനായ രമേഷും പയ്യന്നൂരിനടുത്ത അന്നൂരിലാണ് കുളിർവീട് പണിയുന്നത്.

ചെന്നൈയിലെ കൊടുംചൂടിൽ ജീവിച്ച് മടുത്തു. അങ്ങനെയാണ് നാട്ടിൽ തണുപ്പുള്ള വീട് പണിയാൻ തീരുമാനിച്ചത്. 1863 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഇരുനില വീടാണ്. പരിസ്ഥിതി സൗഹൃദ ഗൃഹമൊരുക്കുന്ന ആർക്കിടെക്ട് സച്ചിൻ രാജാണ് ശില്പി.

മണ്ണിന്റെ പശിമയും ഘടനയും പരിശോധിച്ചാണ് ചെളിമിശ്രിതം ഒരുക്കുന്നത്. ചൂടുകാലത്ത് തണുപ്പ് നൽകുംപോലെ, തണുപ്പുകാലത്ത് ചെറുചൂടും നൽകാൻ ഈ ചുവരുകൾക്ക് കഴിയും. പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിലാണ് പ്രീത പിഎച്ച്.ഡി നേടിയത്. പറമ്പിലെ ഒരു മരംപോലും മുറിച്ചിട്ടില്ല. ഓടിന് ഭീഷണിയാകുന്ന ശാഖകൾ കമ്പി ഉയോഗിച്ച് വലിച്ചുകെട്ടി. വരാന്തയ്ക്ക് തൊട്ടുമുന്നിലെ മാവ് ഡിസൈനിന്റെ ഭാഗമാക്കി.

25 ലക്ഷമാണ് ബഡ്ജറ്റ്. ഓരോ നിലയിലും ഓരോ കിടപ്പുമുറി, അറ്റാച്ച്ഡ് ബാത്ത്റൂം, മുൻഭാഗത്ത് ഷട്ടിൽ കോർട്ട്, വിശ്രമ സ്ഥലം. തറയിൽ 'കാവി' ഫ്‌ളോറിംഗാണ്. സ്‌ക്രാപ്പ് പൈപ്പ് ഉപയോഗിച്ച് മുൻഭാഗത്ത് റീസൈക്കിൾ വാളും ഒരുക്കും.


നിർമ്മാണ രീതി

'റാംഡ് എർത്ത് വാൾ"എന്നാണ് ചുവർ നിർമ്മാണ രീതിക്കു പറയുന്നത്. 10 കുട്ട മണ്ണിന് ഒരു കുട്ട കുമ്മായമാണ് അനുപാതം. ഇതിൽ പൊടിച്ച വൈക്കോലും ചേർത്ത് കുഴച്ച് ഉരുളകളാക്കും. ഈർപ്പം മാറിയശേഷം ബേസ് മെന്റിൽ പലകകൾ വച്ച് അതിൽ ഉരുളകൾ പൊടിച്ച് നിറച്ച് ഇടിച്ചുറപ്പിക്കും. ഒരു ദിവസം രണ്ട് ലെയർ നിർമ്മിക്കും. ഇത് ഉണങ്ങിയ ശേഷം അടുത്ത ലെയർ.

``പ്രകൃതിയോട് ചേർന്ന് തണുത്ത അന്തരീക്ഷത്തിൽ ജീവിക്കണം എന്ന ആഗ്രഹം സാക്ഷാത്കരിക്കുകയാണ്.``
-ഡോ. പ്രീത

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY