SignIn
Kerala Kaumudi Online
Monday, 17 August 2026 3.44 PM IST

5ജിയോ എഐയോ കൊണ്ടല്ല ഇന്ത്യയിൽ ബഹുഭൂരിപക്ഷം പേരും പെട്ടെന്ന് പുതിയ ഫോൺ വാങ്ങുന്നത്, കാരണം കൗതുകകരം

buying-phone
എഐ നിർമ്മിത ചിത്രം

യൂസ് ആൻഡ് ത്രോ സംസ്‌കാരം കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഉപയോഗത്തിൽ വേണ്ടത്ര ഫലം കിട്ടുന്നില്ലെങ്കിൽ ആ വസ്‌തു പെട്ടെന്ന് പഴഞ്ചനായി മാറിയെന്ന് നമുക്ക് തോന്നും. ഇലക്‌ട്രോണിക് വസ്‌തുക്കളുടെ കാര്യത്തിലാണ് ഈ പ്രശ്‌നം കൂടുതൽ. മൊബൈൽ,​ ചാർജർ,​ ലാപ്‌ടോപ്,​ ഹെഡ്സെറ്റ് ഇവയെല്ലാം ഒന്നൊന്നര വർഷത്തിനിടെ മിക്കവരും മാറ്റും. മാറുന്നകാലത്തിനനുസരിച്ച് പിടിച്ചുനിൽക്കാനാണിത്.

മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് നമ്മൾ ഇന്ത്യക്കാർക്ക്. പുത്തൻ സാങ്കേതികവിദ്യയുള്ള ഫോൺ വിപണിയിൽ എത്തുന്നദിനം തന്നെ വരിനിന്ന് അത് വാങ്ങുന്നത് നമ്മുടെ നാട്ടിലെ പതിവാണ്. 5ജി നെറ്റ്‌വർക്കും എഐ ടൂളുകളും അവയുടെ ആവശ്യകത കൂട്ടിയിട്ടുണ്ട്. എന്നാൽ ഇവ രണ്ടുമല്ലാതെ മൂന്നാമതൊരു കാരണംകൊണ്ട് മിക്ക ഇന്ത്യക്കാരും അവരുടെ പഴയ ഫോൺ ഉപേക്ഷിച്ച് പുതിയത് വാങ്ങാൻ തയ്യാറാകുന്നു. ഫോണിലെ ഗ്ളാസ് താഴെവീണ് തകരുന്നതാണ് ഇന്ത്യക്കാർ പെട്ടെന്ന് ഫോൺ മാറ്റിവാങ്ങാൻ കാരണം.

1509 സ്‌മാർട്‌ഫോൺ ഉപയോക്താക്കളെ പങ്കെടുപ്പിച്ച് ഒരു സർവെ നടത്തിയതിൽ 53 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടത് പുതിയ ഫോൺ വാങ്ങാൻ കാരണം അതിന്റെ ഡിസ്‌പ്‌ളേ ഗ്‌ളാസ് പൊട്ടിപ്പോയതാണ് എന്നാണ്. പുതിയ ഫോൺ വാങ്ങുന്നതിന് മുൻപ് 87 ശതമാനം പേരുടെ കൈയിൽ നിന്നും പഴയ ഫോൺ താഴെവീണ് പൊട്ടിയിട്ടുണ്ട്. ഫോണിന്റെ ഡിസ്‌പ്ളേ ഗ്‌ളാസ് നിർമ്മിച്ചിരിക്കുന്ന ഗോറില്ല ഗ്‌ളാസിന്റെ നിർമ്മാതാക്കൾ കോറിംഗ് കമ്പനി നടത്തിയ സർവെയിൽ 56 ശതമാനം പേരും ഇത്തരത്തിൽ താഴെവീഴുമോ എന്ന് ഭയന്ന് ഫോൺ സൂക്ഷ്‌മതയോടെയാണ് ഉപയോഗിക്കുന്നത്.

2025 നവംബർ-ഡിസംബർ കാലയളവിൽ നടത്തിയ സർവെ ഫലങ്ങൾ കഴിഞ്ഞമാസമാണ് പുറത്തുവിട്ടത്. സർവെയിൽ പങ്കെടുത്ത 1509 പേരെ പ്രായപരിധി,​ മേഖല,​ ഓപ്പറേറ്റിംഗ് സിസ്റ്റം,​ വിവിധ വിലകളിലുള്ള ഫോണുകളെ പ്രതിനിധീകരിക്കുന്നവർ,​ വിലവിവരം എന്നിങ്ങനെ പലതായി തിരിച്ചാണ് ഉൾപ്പെടുത്തിയത്. ഉപഭോക്താക്കളെ ഗെയിമർമാർ,​ പ്രൊഫഷണലുകൾ,​ പവർ യൂസർമാർ,​ ക്യാമറ ഉപയോഗത്തിന് പ്രാധാന്യം നൽകുന്നവർ എന്നിങ്ങനെ പലതായി തിരിച്ചിരുന്നു.

ഫോൺ താഴെവീണ് ഡിസ്‌പ്ളേ തകർന്നാലും അത് പ്രവർത്തനം നിലയ്‌ക്കുന്നില്ല. അത്തരത്തിൽ താഴെയിടുന്ന ഉപഭോക്താക്കളിൽ അഞ്ചിലൊരാൾ മാത്രമാണ് ഫോൺ നന്നാക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. 2000 രൂപയിലധികം ഇത്തരത്തിൽ നന്നാക്കാനായി ചെലവാക്കുന്നുമുണ്ട്. ഇത് ഫോൺ താഴെവീണ് പൊട്ടുന്നത് ആളുകൾ ആശങ്കപ്പെടുന്നതിന് പ്രധാനകാരണമാണെന്ന് സർവെയിൽ മനസിലായി. വിലകൂടിയ ഫോണുകൾക്ക് സ്‌പെയർപാർട്ടുകൾക്കും വിലയേറുമല്ലോ.

പ്രീമിയം ഫോൺ ഉപഭോക്താക്കളാണ് ഡിസ്‌പ്‌ളേ പൊട്ടിയാലുടൻ ഫോൺ മാറ്റിവാങ്ങുന്നവർ. 61 ശതമാനം വരുമിത്. പ്രീമിയം ഉപഭോക്താക്കളും ബഡ്‌ജറ്റ് ഫോൺ ഉപഭോക്താക്കളും തമ്മിലെ അന്തരം അത്ര വലുതല്ല എന്ന കൗതുകവുമുണ്ട്. ബഡ്‌ജറ്റ് ഫോൺ ഉപഭോക്താക്കളിൽ 10ൽ നാലിലധികം പേർ ഇത്തരത്തിൽ ഫോൺ മാറ്റി വാങ്ങും. 42 ശതമാനം വരുമിത്.

തങ്ങളുടെ ഫോൺ നിലനിന്നുപോകുന്ന മികവുള്ളതാകണം എന്ന് കരുതുന്നവർ 61 ശതമാനമാണ്. താഴെവീണ് തകരുന്നതിനെ പ്രതിരോധിക്കുന്ന ഗ്ളാസ് വേണമെന്ന് 52 ശതമാനം പേരും ആവശ്യപ്പെടുന്നു. സ്‌ക്രാച് രഹിത സ്‌ക്രീൻ വേണമെന്ന് സർവെയിലെ 48 ശതമാനം പേരും പറഞ്ഞു. ദൃഢമായ പ്രീമിയം ഡിസൈനോടുകൂടിയ ഫോൺ വേണമെന്നാണ് 44 ശതമാനം ആളുകളുടെ ആവശ്യം.

സർവെയിൽ പങ്കെടുത്ത നാലിൽ മൂന്നുപേരും (74ശതമാനം)​ നല്ല ഈടുനിൽപുള്ള ഫോണുകൾ വേണമെന്ന് തന്നെ അഭിപ്രായപ്പെട്ടു. ഒപ്റ്റിക്കൽ പ്രകടനം,​ കവർ മെറ്റീരിയലിന്റെ സവിശേഷത ഇവക്കായും അവർ പണം നൽകാൻ തയ്യാറാണ്. അതായത് 5ജിയും എഐയും മാത്രമല്ല പെട്ടെന്ന് ഫോൺ തകർന്നാലും ഇന്ത്യക്കാർ ഫോൺ വാങ്ങും എന്നുതന്നെയാണ് കോറിംഗിന് സർവെയിൽ മനസിലാക്കാനായത്.

English Summary

Mobile phones have become an essential part of everyday life in India, with many consumers eager to upgrade to the latest models featuring 5G and AI capabilities. However, a major reason for replacing smartphones is neither network technology nor AI. Research suggests that cracked or shattered phone screens are a key factor driving Indian consumers to abandon their old devices and purchase new ones.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMARTPHONE, SURVEY, BUYING NEW PHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY