SignIn
Kerala Kaumudi Online
Sunday, 06 September 2026 2.41 PM IST

ബിഎസ്‌എൻഎല്ലിന്റെ വമ്പൻ തിരിച്ചുവരവ്; 4ജിയിൽ വലിയ മുന്നേറ്റം, ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയരുന്നു

bsnl
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഒരുകാലത്ത് നെറ്റ്‌വർക്ക് വേഗതയുടെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇപ്പോൾ തദ്ദേശീയ 4 ജി സാങ്കേതികവിദ്യയുടെ കരുത്തിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിലൂടെ പ്രതിദിനം ഏകദേശം ആറ് പെറ്റാബൈറ്റ് ഡാറ്റയാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തുടനീളം ഏകദേശം ഒരു ലക്ഷം 4ജി സൈറ്റുകളാണ് കമ്പനി വിന്യസിച്ചിരിക്കുന്നത്. നിലവിൽ 2.2 മുതൽ 2.3 കോടിവരെ ഉപഭോക്താക്കൾ ബിഎസ്എൻഎൽ 4ജി സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടുതൽ പ്രദേശങ്ങളിലേക്ക് 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും കമ്പനി ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ സാങ്കേതികവിദ്യയുടെ കരുത്ത്

ബിഎസ്എൻഎല്ലിന്റെ തദ്ദേശീയ 4ജി സേവനത്തിന് പിന്നിൽ നിരവധി ഇന്ത്യൻ കമ്പനികളുടെ സാങ്കേതികവിദ്യകളാണ് പ്രവർത്തിക്കുന്നത്. ബിഎസ്‌എൻഎൽ 4ജി നെറ്റ്‌വർക്കിനായി പ്രധാന സേവനങ്ങൾ നൽകുന്നത് സി-ഡോട്ട്‌ ആണ്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പദ്ധതിയിൽ സിസ്റ്റംസ് ഇന്റഗ്രേറ്ററായി പ്രവർത്തിക്കുന്നു. സി-ഡോട്ട്, തേജസ് നെറ്റ്‌വർക്ക് എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യവും പദ്ധതിയുടെ ഭാഗമാണ്.

നേട്ടമാകുന്നതെങ്ങനെ?

ബിഎസ്എൻഎല്ലിന്റെ തദ്ദേശീയ 4ജി നെറ്റ്‌വർക്ക് വലിയ രീതിയിലുള്ള ഡാറ്റ ട്രാഫിക്കിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ടെലികോം സാങ്കേതിക വിദ്യയുടെ ശേഷി വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ. കൂടുതൽ 4 ജി സൈറ്റുകൾ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് ബിഎസ്‌എൻഎൽ സേവനം വ്യാപിപ്പിക്കാനാകും. ഇതിലൂടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്താനും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനും സാധിക്കും.

എന്താണ് അടുത്ത ഘട്ടം?

5ജി സേവനങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കമാണ് കമ്പനിയുടെ അടുത്ത ഘട്ടം. ബിഎസ്എൻഎല്ലിന് അതിനായുള്ള സേവനങ്ങൾ നൽകുമെന്ന് സിഡോട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ രാജ്‌കുമാ‌ർ ഉപാദ്ധ്യായ പറഞ്ഞു. 5ജി നെറ്റ്‌വർക്കിനായി ചില സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനുകൾകൂടി ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

BSNL’s indigenous 4G network now serves 2.3 crore users across nearly 1 lakh sites, with 5G services next on its roadmap.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BSNL, 4G NETWORK, TECHNOLOGY ADVANCEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY