
ഓണം നേപ്പാളിൽ! മനസിൽ സന്തോഷത്തിന്റെ പെരുമഴയായിരുന്നു. ആഗസ്റ്റ് 23ന് രാവിലെ 10ന് നെടുമ്പാശേരിയിൽ നിന്ന് തുടങ്ങിയ യാത്ര. കോട്ടയത്തെ ലെൻസ്ഫെഡ് സംഘടനയിലെ ഭാരവാഹികളും കുടുംബവും ഉൾപ്പെട്ട 16 അംഗങ്ങളും എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 20 അംഗങ്ങളുമുണ്ട്. മുംബയ് വഴിയുള്ള കണക്ഷൻ ഫ്ളൈറ്റിൽ ഞങ്ങൾ നേപ്പാളിലെത്തി.
നേപ്പാളിന്റെ വശ്യസൗന്ദര്യത്തിൽ ലയിച്ച് രണ്ട് ദിനങ്ങൾ കടന്നുപോയി. തിരുവോണ ദിവസം രാവിലെ കാഠ്മണ്ഡുവിൽ നിന്ന് പൊക്കാറിലേയ്ക്ക്. മഞ്ഞിൽക്കുളിച്ച ഹിമാലയൻ മലനിരകളുടെ അരികിലെത്താനുള്ള ദൂരം കുറഞ്ഞു. പറഞ്ഞറിയിക്കാനാവാത്തത്ര ആനന്ദം. യാത്രാമദ്ധ്യേയാണ് സ്വയംഭൂനാഥ ക്ഷേത്രം. ''കയറുന്നോ""എന്ന ഡ്രൈവറുടെ ചോദ്യം, കയറണമെന്ന മറുപടി പെട്ടെന്നായിരുന്നു. 15 മിനിറ്റിനുള്ളിൽ തിരിച്ചെത്തണം എന്ന നിർദേശമനുസരിച്ച് ക്ഷേത്രത്തിൽ കയറി. 20 മിനിറ്റിനുള്ളിൽ തിരികെ വാഹനത്തിലേയ്ക്ക്.
വീണ്ടും യാത്ര തുടർന്ന് റസുവ എന്ന സ്ഥലത്തെത്തിയപ്പോൾ പൊലീസ് വാഹനം തടഞ്ഞു. എന്തെങ്കിലും അപകടമാണോ എന്ന് ചിന്തിച്ച് എല്ലാവരും ഇറങ്ങി നോക്കി. താഴെ ഭയപ്പെടുത്തുന്ന കാഴ്ച. പ്രാണനും കൊണ്ട് ഓടുന്ന ആളുകൾ, തൊട്ടു പിന്നാലെ സർവതും നക്കിത്തുടച്ചെത്തിയ മഹാപ്രളയം. ബഹു നിലവീടുകളും കൂറ്റൻ മരങ്ങളും എണ്ണമില്ലാത്ത വാഹനങ്ങളും കുതിച്ചെത്തുന്ന വെള്ളത്തിന് മുകളിൽ പൊങ്ങുതടി പോലെ ഒലിച്ചുപോകുന്നു. പത്തടിയോളം പൊക്കത്തിൽ ത്രിശൂലനദി സംഹാരരുദ്ര. ആളുകളുടെ നിലവിളി ശബ്ദങ്ങൾ. മുന്നോട്ടു പേകേണ്ട റോഡും പാലങ്ങളും എല്ലാം അപ്രത്യക്ഷം. എല്ലാവരുടേയും ഹൃദയം നിലയ്ക്കും പോലെ. കുട്ടികളെ മാറോടടക്കി. അതുവരെയുള്ള എല്ലാ സന്തോഷത്തിന്റെയും എല്ലാ നനവും ഒറ്റ നിമിഷം കൊണ്ട് വറ്റിവരണ്ടു. ആ ഇരുപത് മിനിറ്റിലെ സ്വയംഭൂനാഥ ക്ഷേത്ര സന്ദർശനത്തിൽ തിരിച്ചു കിട്ടിയ ജീവിതം. അതല്ലായിരുന്നെങ്കിൽ ഞങ്ങളും... യാഥാർത്ഥ്യമുൾക്കൊള്ളാൻ സമയമെടുത്തു!
പെരുവഴിയിൽ ആറു മണിക്കൂറോളം നീണ്ട കാത്തിരിപ്പ്. വാഹനങ്ങളുടെ നിര. പലഭാഷയും നിറവുമുള്ളവർ. പങ്കിട്ടെടുത്ത ഭക്ഷണത്തിന് കൂടുതൽ രുചിയുള്ളപോലെ. 'ഇനിയെന്ത് ?" എന്ന ചോദ്യം എല്ലാ മുഖങ്ങളിലും നിഴലിച്ചു. പകച്ചു നിന്ന നിമിഷങ്ങൾ. യാത്ര തുടരാമെന്ന ആഗ്രഹത്തിന് വിലങ്ങുതടിയായത് പൊലീസുകാരുടേയും തദ്ദേശീയരുടേയും നിർദേശങ്ങളായിരുന്നു. ''ഏഴെട്ടു മണിക്കൂർ ദുർഘടമായ കാട്ടുപാതയിലൂടെ സഞ്ചരിച്ചാൽ ''ഒരു പക്ഷെ നിങ്ങൾക്ക് സുരക്ഷിത സ്ഥലത്തെത്താം. വീണ്ടും നെഞ്ചിട്ടു. ഈശ്വരൻ കുടെയുണ്ട് എന്ന അനുഭവപാഠത്തിന്റെ വെള്ളിവെളിച്ചത്തിൽ യാത്ര തുടരാം എന്ന ഉറച്ച തീരുമാനം സംഘാംഗങ്ങൾ ഒരുമിച്ചെടുത്തു.
മിഴിചിമ്മാത്ത
യാത്ര
വളരെ പണ്ടെങ്ങോ ഉപയോഗിച്ചിരുന്ന കാട്ടുപാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ വൈകിട്ട് അഞ്ച് മണിയായിരുന്നു. തുടരെയുള്ള ഹെയർപിൻ വളവുകൾ. വശങ്ങളിൽ അഗാധമായ കൊക്ക. ശ്രദ്ധിച്ചില്ലെങ്കിൽ പൊടിപോലും കിട്ടില്ല. ദുർഘടമായ കാട്ടുപാതയെ വിഴുങ്ങിയ ഇരുട്ട്. ഭയത്തിന്റെ ചീവിടുകൾ മനസിൽ ഒച്ചവച്ചുകൊണ്ടേയിരുന്നു. എല്ലാവരുടെയും ഫോൺ നിശ്ചലമായി. ഘോരവനാന്തരത്തിലെവിടെ റേഞ്ച് കിട്ടാൻ. അറിയാവുന്ന ദൈവങ്ങളയൊക്കെ ഉറക്കെ വിളിച്ചു. പ്രതിസന്ധികൾ തിരയടിച്ചുകൊണ്ടേയിരുന്നു. വാഹനത്തിന്റെ ബ്രേക്ക് കരിയുന്ന മണം. നാലഞ്ച് സ്ഥലത്ത് ഘോരവനത്തിനുള്ളിൽ വണ്ടി നിറുത്തിയിടേണ്ടി വന്നു. വണ്ടിക്കുള്ളിൽ നിശബ്ദതയും നിശ്വാസവും നിറഞ്ഞു. ഇടയ്ക്കിടെ റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീഴുന്നുണ്ടായിരുന്നു. എല്ലാവരും തളർന്നു. പുലർച്ചെ രണ്ടോടെ വനാതിർത്തിയിലെ ഗ്രാമത്തിന്റെ വെട്ടം കണ്ടു. അവിടെ ഒരു വീട്ടിലെത്തി 35 പേർക്ക് ഭക്ഷണമുണ്ടാക്കി തരുമോ എന്ന് ചോദിച്ചു. അവർ ഒരു മണിക്കൂർ സമയം മാത്രമാണ് ആവശ്യപ്പെട്ടത്. ചൂട് പച്ചരിച്ചോറും ദാൽ കറിയുമെത്തി. ഇന്നോളം കഴിച്ച എല്ലാ ഭക്ഷണത്തേക്കാളും രുചിയുണ്ടായിരുന്നു.
അവരോട് നന്ദി പറഞ്ഞ് അധികം താമസിയാതെ വനാതിർത്തിയിലുള്ള ചിത്വാൻ എന്ന സ്ഥലത്തെത്തി. സമയം മൂന്നരയോടടുത്തു. വീണ്ടും റോഡിൽ മലയിടിച്ചിൽ. റോഡ് അടച്ചു. യാത്ര തുടരാനാവാത്തതിനാൽ അവിടെ കണ്ടുപിടിച്ച ഹോം സ്റ്റേയിൽ താൽക്കാലിക വിശ്രമം. പരീക്ഷണങ്ങളുടെ വേലിയേറ്റം. 11ഓടെ റോഡ് ക്ലിയർ ചെയ്തു. പിറ്റേന്ന് കാലത്ത് ശ്രീബുദ്ധന്റെ ജന്മനാടായ ലുംബിനിയിലേയ്ക്കുള്ള യാത്ര തുടർന്നു. വൈകിട്ട് ലുംബിനിയിലെത്തി വിശ്രമിച്ചു. അതുവരെയുള്ള എല്ലാ പ്രതിസന്ധികളുടേയും മലകുത്തിയൊലിച്ചു പോയി. ബുദ്ധനെപ്പോലെ മനസ് ശാന്തം!
യാത്ര അന്ത്യഘട്ടത്തോടത്തു. 29ന് ലുംബിനിയിൽ നിന്നും ഗോരഖ്പൂരിലെത്തി. ഇടയിൽ നാട്ടിൽ നിന്നുള്ള ഫോൺ വിളികളുടെ പ്രവാഹം. ജന്മനാടിന്റെ കരുതൽ അറിഞ്ഞ നിമിഷം. ഗോരഖ് പൂരിൽ നിന്നും വിമാനമാർഗം മുംബയ് വഴി നെടുമ്പാശേരിയിൽ. നാടിന്റെ വരവേൽപ്പ്, കാഴ്ച മറച്ച് കണ്ണീർപ്രവാഹം, പുനർജനിയുടെ ശാന്തിതീരത്ത്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |