ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാകാത്ത പ്രദേശങ്ങളിലും ആശയവിനിമയം സാദ്ധ്യമാക്കാൻ നൂതന സംവിധാനവുമായി ബിഎസ്എൻഎൽ. മൊബൈൽ ടവറുകളെ ആശ്രയിക്കാതെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധപ്പെടുന്ന സാറ്റലൈറ്റ് ഫോൺ എന്ന പുതിയ ആശയമാണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 1,34,166 (നികുതിയുൾപ്പെടെ) രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില.
മൊബൈൽ ടവറുകളില്ലാത്ത വിദൂര മേഖലകളിൽ അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം നടത്താൻ ഈ ഫോണിന് സാധിക്കുമെന്നതാണ് പ്രത്യേകത. സാധാരണ സ്മാർട്ട്ഫോണുകൾ സെല്ലുലാർ ടവറുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബിഎസ്എൻഎല്ലിന്റെ പുതിയ സാറ്റലൈറ്റ് ഫോൺ ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് കോളുകളും സന്ദേശങ്ങളും കൈമാറുന്നത്.
വനപ്രദേശങ്ങൾ, സമുദ്ര മേഖലകൾ, മലനിരകൾ തുടങ്ങിയ പ്രദേശങ്ങളിൽ മൊബൈൽ ടവറിന്റെ സഹായമില്ലാതെ തന്നെ സാറ്റലൈറ്റ് ഫോണിന് പ്രവർത്തിക്കാൻ കഴിയും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പ്രതിരോധ മേഖല, സമുദ്ര ഗതാഗതം തുടങ്ങിയ മേഖലകളിൽ ഈ ഫോൺ ഏറെ സഹായകരമാകും. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ എസ്‌ഒഎസ് സംവിധാനവും ഫോണിലുണ്ട്.
ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററിയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രൂപകൽപ്പനയും ഈഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. എന്നാൽ, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഇത്തരം ഫോണുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നൽകുന്ന പ്രത്യേക അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകും.
2018 മുതൽ ഗ്ലോബൽ സാറ്റലൈറ്റ് ഫോൺ സർവീസ് മുഖേന സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങൾ ബിഎസ്എൻഎൽ നൽകി വരുന്നുണ്ട്. ഇപ്പോൾ പുതിയ ഉപകരണം അവതരിപ്പിച്ചതോടെ വിദൂര മേഖലകളിലെ ആശയവിനിമയം കൂടുതൽ എളപ്പമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
BSNL has launched a satellite phone priced at ₹1.34 lakh that works without mobile towers by connecting directly to satellites. It is designed for use in remote areas, disaster management, defence, and maritime operations. The phone includes an SOS emergency feature, but its use in India requires special government permission due to strict regulations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |