
'ഉണ്ണിക്കുട്ടാ ..." എന്ന സ്നേഹവിളിയുടെ മറുതലയ്ക്കൽ കുഞ്ഞിക്കണ്ണുകളിറുക്കി മൊട്ടത്തലയൻ കള്ളച്ചിരിയോടെ നിന്നു. 1992ൽ പുറത്തിറക്കിയ യോദ്ധ എന്ന ചിത്രത്തിലെ ഓമനത്തമുള്ള കുഞ്ഞൻ ബുദ്ധസന്യാസി, ഉണ്ണിക്കുട്ടൻ. മോഹൻലാലിനൊപ്പം നമ്മുടെ ഹൃദയത്തിൽ ഇടം നേടിയ കഥാപാത്രം വെറുമൊരു സിനിമാ ഓർമ മാത്രമായിരുന്നില്ല; ടിബറ്റിന്റെയും ബുദ്ധസംസ്കാരത്തിന്റെയും അപരിചിത ലോകത്തേയ്ക്കുള്ള കൗതുകവാതിൽ കൂടിയായിരുന്നു. 'ഉണ്ണിക്കുട്ടൻമാരുടെ' കൂട്ടമുണ്ട് നമ്മുടെ തൊട്ടടുത്ത്! കർണാടകയിലെ ധോണ്ടൻലിംഗ്. ജനിച്ച നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നൊരുജനത, അന്യരാജ്യത്ത് എങ്ങനെ സ്വന്തം ഭാഷയും മതവും സംസ്കാരവും സംരക്ഷിച്ച് പുതിയ ജീവിതം കെട്ടിപ്പടുക്കുന്നുവെന്നതിന്റെ നേർക്കാഴ്ച. നേപ്പാൾ, ടിബറ്റ് തുടങ്ങി നമുക്ക് അപരിചിതമായതും എളുപ്പത്തിൽ എത്തിപ്പെടാനാകാത്തതുമായ ദേശങ്ങളിലാണല്ലോ പൊതുവിൽ ബുദ്ധസമൂഹങ്ങളുള്ളത്. അവരെ അടുത്തറിയണമെന്നത് പണ്ടേ മനസിൽ കൂടിയ സ്വപ്നമായിരുന്നു.
കൊച്ചിയിൽ നിന്ന് കോയമ്പത്തൂർ വഴി മൈസൂരിലേയ്ക്ക് ഈ മൺസൂണിന്റെ തുടക്കത്തിൽ നടത്തിയ റോഡ് ട്രിപ്പ് എല്ലാ കണക്കുകൂട്ടലുകളുംതെറ്റിച്ചു. മഴ കഴുകിയെടുത്ത പുലരിയിൽ സത്യമംഗലം ചുരത്തിന്റെ 27 ഹെയർപിൻ വളവുകൾ പിന്നിട്ട് മലമുകളിലെത്തി. ആദ്യം കണ്ട ചായക്കടയിൽ നിന്ന് ചൂടൻ ഇഡ്ഡലിയും സാമ്പാറും കഴിച്ചുകൊണ്ടിരിക്കെ, സമീപത്ത് കാണാനുള്ള സ്ഥലങ്ങളെക്കുറിച്ച് കടയുടമയോട് ചോദിച്ചു. ''ഇവിടെ വനവും വന്യജീവികളുമാണ് പ്രധാന ആകർഷണം""അദ്ദേഹം പറഞ്ഞു. എന്നാൽ അരികിലിരുന്ന മറ്റൊരാൾ പുഞ്ചിരിച്ചുകൊണ്ട് ഇടപെട്ടു. ''കുറച്ചുകൂടി മുന്നോട്ടുപോയാൽ 'ധോണ്ടൻലിംഗ്" എന്നൊരു ഗ്രാമമുണ്ട്. ബുദ്ധമതവിശ്വാസികളുടെ മനോഹരമായൊരു ലോകമാണവിടം"". ആ നിർദേശത്തിന് സ്വപ്നംതൊട്ടതിന്റെ തണുപ്പുണ്ടായിരുന്നു.
മലകളും താഴ്വരകളും കണ്ട്
മൈസൂർ റൂട്ടിൽ വലത്തോട്ട് തിരിയണം. കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ബിലിഗിരിരംഗ മലനിരകളിലെ (ബി.ആർ ഹിൽസ്) താഴ്വരയിലൂടെ ഏതാണ്ട് മുക്കാൽ മണിക്കൂർ കാടിനുള്ളിലൂടെയുള്ള യാത്ര. ഇന്ത്യയിലെ അത്യപൂർവ ജൈവ വൈവിദ്ധ്യ മേഖലകളിലൊന്നാണിവിടം. പശ്ചിമഘട്ടവും പൂർവഘട്ടവും പരസ്പരം സംഗമിക്കുന്ന അപൂർവ ഭൂപ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 1,800 മീറ്റർ വരെ ഉയരമുള്ള ബി.ആർ. ഹിൽസ് കടുവയും പുള്ളിപ്പുലിയും ആനയും കരടിയും തുടങ്ങി അനേകം വന്യജീവികളുടെയും 250ലധികം പക്ഷിവർഗങ്ങളുടെയും ആവാസകേന്ദ്രം. വനഭൂമി പിന്നിട്ടപ്പോൾ ഗ്രാമങ്ങളും കൃഷിയിടങ്ങളും കണ്ടുതുടങ്ങി. ഗൂഗിൾ മാപ്പ് പറഞ്ഞതനുസരിച്ച് ബൈലൂർ എന്ന ഗ്രാമത്തിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞു. കൃഷിത്തോട്ടങ്ങൾക്ക് നടുവിലൂടെ മുന്നോട്ട് നീങ്ങവെ അങ്ങ് ദൂരെ പച്ചപുതച്ച മലയടിവാരത്തിൽ പണിതീരാത്ത കൂറ്റൻ ബുദ്ധ വിഗ്രഹം. ഇന്ത്യയിലെ ടിബറ്റൻ പുനരധിവാസ കേന്ദ്രങ്ങളിലൊന്നായ 'ധോണ്ടൻലിംഗ്" ഞങ്ങളെ വരവേൽക്കുകയായിരുന്നു.
അഭയാർത്ഥിക്കൂട്
'ധോണ്ടൻലിംഗിന്റെ" ചരിത്രം പിറന്നത് 1959ലെ ടിബറ്റൻ കലാപത്തോടെയാണ്. ചൈനീസ് ഭരണത്തിനെതിരായ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന്, ടിബറ്റിന്റെ ആത്മീയ നേതാവായ 14-ാമത് ദലൈലാമ ഇന്ത്യയിൽ അഭയം തേടി. അദ്ദേഹത്തിനൊപ്പം എൺപതിനായിരത്തോളം ടിബറ്റൻ അഭയാർത്ഥികളും. ജവഹർലാൽ നെഹ്റു സർക്കാർ അവർക്കെല്ലാമായി സ്ഥിരതാമസവും ഉപജീവന മാർഗവും ഒരുക്കാൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, കർണാടക തുടങ്ങിയിടങ്ങളിൽ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഈ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് 1974 മാർച്ചിൽ കർണാടകയിൽ ' ധോണ്ടൻലിംഗ്' ടിബറ്റൻ സെറ്റിൽമെന്റായത്. ഇന്ത്യാ ഗവൺമെന്റും കർണാടക സർക്കാരും മൈസൂർ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് ഏജൻസിയും (MYRADA) ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. അതിഥികൾക്ക് ആശ്വാസമാകാനുള്ളതെല്ലാം ഒരുക്കി. വനഭൂമിയായിരുന്ന ഇവിടം വികസിപ്പിച്ചു. റോഡുകളും വീടുകളും സ്കൂളുകളും ആശുപത്രികളും ജലസേചന സംവിധാനങ്ങളും കൃഷിയിടങ്ങളുമങ്ങനെയെല്ലാം.
ഇന്ന് ഏകദേശം 3,100 ഏക്കറിലായി ഈ സെറ്റിൽമെന്റിൽ 22 ചെറുഗ്രാമങ്ങളുണ്ട്. മൂവായിരത്തിലധികം ബുദ്ധമതവിശ്വാസികൾ താമസിക്കുന്നു. കൃഷിയാണ് പ്രധാന ഉപജീവനമാർഗം. റാഗി, ചോളം, മക്കച്ചോളം, ഉരുളക്കിഴങ്ങ്, പയർവർഗങ്ങൾ എന്നിങ്ങനെയുള്ള കൃഷികൾ. വീടുകൾക്ക് മുന്നിൽ പഴവർഗ സസ്യങ്ങളും പച്ചക്കറികളും നട്ടുവളർത്തിയത് കാണാം. പലായനകാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായി വളർത്തിയ ചെടികളും സസ്യങ്ങളും പിന്നീട് അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നതാണ്. ശൈത്യകാലത്ത് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേയ്ക്ക് യാത്ര ചെയ്ത് ടിബറ്റൻ കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്നതും പല കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗവുമാണ്.
ബുദ്ധ സംസ്കാര കേന്ദ്രം
ധോണ്ടൻലിംഗ് താമസകേന്ദ്രം മാത്രമല്ല, ടിബറ്റൻ ബുദ്ധമതത്തിന്റെയും സംസ്കാരത്തിന്റെയും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രം കൂടിയാണ്. ഇവിടെ അഞ്ച് പ്രധാന ബുദ്ധവിഹാരങ്ങളുണ്ട്. അവയിൽ 'ഡ്സോഗ്ചൻ" മൊണാസ്ട്രിയാണ് ഏറ്റവും പ്രശസ്തം. 1984ൽ നിർമ്മാണം ആരംഭിച്ച ഈ വിഹാരം 1992ൽ ദലൈലാമയാണ് ഉദ്ഘാടനം ചെയ്തത്. ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും പഴക്കമേറിയ പാരമ്പര്യമായ 'നിംഗ്മ" സമ്പ്രദായത്തിന്റെ പ്രധാന പഠനകേന്ദ്രം. നൂറുകണക്കിന് സന്യാസിമാർ ഇവിടെ മതപഠനത്തിലും ധ്യാനത്തിലും ഏർപ്പെട്ടിരിക്കുന്നു. സൂര്യോദയത്തിന് മുമ്പേ വിഹാരങ്ങളുണരും. മന്ത്രോച്ചാരണങ്ങളും ധ്യാനവും മതപഠനവും ദിനചര്യയുടെ ഭാഗം. അത്തരമൊരു മൊണാസ്ട്രിയിലേയ്ക്കായിരുന്നു ആദ്യ യാത്ര. സമയം ഉച്ചയോട് അടുത്തിരുന്നു. സർവം ശാന്തം. പ്രധാന ഗേറ്റ് തുറന്ന് ഉള്ളിൽ കടന്നതും ടിബറ്റൻ വാസ്തുവിദ്യയുടെ സകല സൗന്ദര്യവും വിളിച്ചോതുന്ന ബുദ്ധവിഹാരം. വിശാലമായ കോമ്പൗണ്ടിൽ ബഹുവർണങ്ങളിൽ പാറിക്കളിക്കുന്ന പ്രാർഥനാ പതാകകൾ. നിരനിരയായി പ്രാർഥനാ ചക്രങ്ങൾ. ടിബറ്റൻ എഴുത്തുകൾ കൊത്തിവച്ച ഭിത്തികൾ.
കുഞ്ഞിച്ചിരിക്കൂട്ടം
ഇടയ്ക്ക് ഒരു കെട്ടിടത്തിന്റെ മറവിൽ നിന്ന് കുഞ്ഞ് ബുദ്ധസന്യാസി ഞങ്ങളെ ഒളിഞ്ഞു നോക്കി. ഞങ്ങളുടെ നോട്ടം അവനിൽ പതിഞ്ഞതും മിന്നായം പോലെ കക്ഷി മറഞ്ഞു. ഏതാണ്ട് യോദ്ധാ സിനിമയിൽ അശോകനെ നോക്കും പോലെ. കൗതുകം ഉള്ളിലൊതുക്കി ആ കെട്ടിടത്തിന് സമീപത്തേയ്ക്ക് നടന്നു. അവിടെയതാ ഓറഞ്ച് നിറമുള്ള കുപ്പായത്തിന് പുറമെ മെറൂൺ നിറമുള്ള നീളൻ തുണി (റോബ്) ചുറ്റിയ 'ഉണ്ണിക്കുട്ടന്മാർ". നോവിസ് മോങ്ക്സ് എന്ന് ഇംഗ്ലീഷിൽ പറയും. അഞ്ചോ ആറോ വയസ് മുതലുള്ളവർ ഇക്കൂട്ടത്തിലുണ്ട്. രാവിലെ മുതൽ തുടങ്ങുന്ന പഠനത്തിന്റെ ഇടവേളയിൽ ഉച്ചഭക്ഷണത്തിന് പിരിഞ്ഞതാണ്. കളിച്ചും ചിരിച്ചും അവർ ഒഴിവുവേളയെ ആനന്ദകരമാക്കുന്നു. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്. കുട്ടികളെ ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ടിബറ്റൻ ഭാഷയും ചരിത്രവും ബുദ്ധമത പാരമ്പര്യവും പഠിപ്പിക്കുന്നു. അതുവഴി പുതിയ തലമുറയ്ക്ക് അവരുടെ സാംസ്കാരിക സ്വത്വം നഷ്ടപ്പെടാതെ വളരാൻ കഴിയുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ക്ലാസുകൾ. ഭാവിയിൽ സന്യാസത്തിൽ തുടരാനും കുടുംബ ജീവിതത്തിലേയ്ക്ക് തിരിയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. രണ്ടരയോടെ ബുദ്ധവിഹാരം തുറന്നു. മൊണാസ്ട്രിക്കുള്ളിൽ ശോഭയോടെ ബുദ്ധവിഗ്രഹം. കെട്ടിടത്തിനകത്തും പുറത്തും ചിത്രപ്പണികൾ. അവർ പ്രാർഥന തുടങ്ങി. അൽപനേരം മന്ത്രോച്ചാരണങ്ങൾ കേട്ടുനിന്നു. മനസ് അലകളൊടുങ്ങി ശാന്തമായൊരനുഭൂതി.
പ്രാർഥന കഴിഞ്ഞാൽ പിന്നെ ബാല ബുദ്ധ സന്ന്യാസിമാർക്ക് അൽപനേരം കളിക്കാനുള്ള സമയമാണ്. അവർക്കൊപ്പം ഞങ്ങളും ചേർന്നു. ടെൻസിൻ, ലോബ്സാങ്, ഡോർജെ, ജിഗ്മെ, എന്നിങ്ങനെ കൗതുകപ്പേരുകൾ. ''എങ്ങനെയാണ് നിങ്ങളുടെ മൊണാസ്ട്രിയിലെ ഒരു ദിവസത്തെ ചര്യകൾ?"" ടിബറ്റൻ ഭാഷയിൽ മറുപടി വന്നു '' പുലർച്ചെ അഞ്ച് മണിക്ക് മുൻപേ ഉണരും. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഒരു മണിക്കൂറോളം ധ്യാനം. ആറരയോടെ പ്രഭാത ഭക്ഷണം""കൂട്ടത്തിലെ കുസൃതി ലാബ്സാങ് വാചാലനായി. സാധാരണ ടിബെറ്റൻ ബട്ടർ ടീയും ബാർലി കൊണ്ടുണ്ടാക്കിയ ഒരു തരം അപ്പവുമാണ് ബ്രേക്ക്ഫാസ്റ്റിന്. ഏഴരയോടെ ക്ലാസുകൾ. പന്ത്രണ്ടോടെ ഉച്ചഭക്ഷണത്തിന് പിരിയും. ചോറും നൂഡിൽസും പരിപ്പും പച്ചക്കറികളുമൊക്കെയാണ് പ്രാധന മെനു. പിന്നെ മൂന്നുവരെ വിശ്രമത്തിനും പരിസരം ശുചിയാക്കാനുമുള്ള സമയമാണ്. വൈകിട്ട് വീണ്ടും പ്രാർഥനകൾ. അത്താഴം ലഘുവാണ്. ഉറക്കം വളരെ നേരത്തെയും. ബുദ്ധവിഹാരങ്ങളിൽ സസ്യാഹാരം മാത്രമാണ്. എന്നാൽ ധോണ്ടൻലിംഗിലെ റെസ്റ്റൊറന്റുകളിൽ ബീഫ് ഉൾപ്പെടെയുള്ള നോൺവെജുകൾ സുലഭം. ടിബറ്റൻ സ്പെഷ്യൽ മോമോസും ഞങ്ങൾ രുചിച്ചു.
സമാധാനത്തിന്റെ നക്ഷത്രങ്ങൾ
ധോണ്ടൻലിംഗിലെ ടിബറ്റുകാർ യാഥാസ്ഥിതികരല്ല. സ്വന്തം സ്വത്വത്തിലൂന്നുമ്പോഴും തദ്ദേശീയരായ കന്നഡ, തമിഴ് സമൂഹങ്ങളുമായി ഊഷ്മള ബന്ധം പുലർത്തുന്നു. വ്യാപാരം, വിദ്യാഭ്യാസം, കൃഷി, തൊഴിൽ തുടങ്ങിയ മേഖലകളിലെല്ലാം ഈ ബന്ധം കലർന്നിട്ടുണ്ട്. ഇവിടെയുള്ള പലരും കന്നഡയും തമിഴും സംസാരിക്കും. അതേസമയം സ്വന്തം സാംസ്കാരിക വ്യക്തിത്വം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുമില്ല. രണ്ടോ മൂന്നോ തലമുറയ്ക്ക് മുൻപ് കുടിയേറിയവരും അവരുടെ പുതുതലമുറയുമാണ് ഇന്നിവിടെയുള്ളത്. അന്നത്തെ ചെറുപ്പക്കാർക്ക് പ്രായമായി.
കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന ഒരു അപ്പൂപ്പനോട് കുറച്ച് നേരം സംസാരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ടിബറ്റിലുണ്ടായിരുന്നു. പക്ഷേ, അവരിൽ എത്രപേർ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് പോലും അറിയില്ല. തിരികെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇനിയത് അത്രയെളുപ്പത്തിൽ സാദ്ധ്യമല്ലെന്നും അദ്ദേഹം പറയുന്നു. എങ്കിലും മറ്റൊരുനാട്ടിൽ അവരനുഭവിക്കുന്ന സമാധാനത്തിന്റെ തിളക്കം കണ്ണുകളിലുണ്ട്.
ആഗ്രങ്ങൾ സഫലമാകുന്ന നാട്
'ധോണ്ടൻലിംഗ്" എന്ന ടിബറ്റൻ വാക്കിന്നർത്ഥം 'ആഗ്രഹങ്ങൾ സഫലമാകുന്ന നാട്" എന്നാണ്. ആ അർത്ഥം ഈ ഗ്രാമത്തിന് നന്നായി ഇണങ്ങും. സർവതും നഷ്ടപ്പെട്ടൊരു ജനത അദ്ധ്വാനവും നിശ്ചയദാർഢ്യവുംകൊണ്ട് കെട്ടിപ്പെടുത്ത ഇടം. ദുരിതത്തിന്റെ പടുകുഴിയിൽ വീണവർക്ക് ഉയിരേകുന്ന നാട്. യുദ്ധക്കെടുതികളും വംശീയതയും മഹാമാരികളും അഭയാർത്ഥികളാക്കിയ മനുഷ്യരോട് നമ്മുടെ രാജ്യത്തിന്റെ കരുണയുള്ള മാതൃക. കാഴ്ചകളും അനുഭവങ്ങളും തന്ന സന്തോഷത്താൽ മനം നിറച്ച്, സമാധാനത്തിന്റെ ഗ്രാമഭംഗിയോട് യാത്ര പറഞ്ഞ് ഞങ്ങൾ വീണ്ടും മൈസൂർ വഴിയിലേയ്ക്ക് തിരിച്ചു. മനസിന്റെ കോണിൽ അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു ആ നീട്ടി വിളി- ''അക്കോസേട്ടാ..""!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |